കുറുപ്പന്തറ: പഞ്ചായത്തിന്റെ അധീനതയിലുള്ള സ്ഥലത്ത് നിന്ന മരങ്ങള്‍ മുറിച്ചു കടത്തിയ ആള്‍ ഇവിടെ അനധികൃതമായി ഷെഡ് നിര്‍മിച്ചതായി പരാതി. മാഞ്ഞൂര്‍ പഞ്ചായത്ത് സെക്രട്ടറിയാണ് ഇതു സംബന്ധിച്ചു നടപടി ആവശ്യപെട്ട് മോഷണം നടത്തിയതായി പറയുന്ന ആളുടെ പേര് വിവരങ്ങള്‍ സഹിതം കടുത്തുരുത്തി പോലീസില്‍ പരാതി നല്‍കിയത്. പഞ്ചായത്ത് അടിയന്തിര കമ്മിറ്റിയുടെ തീരുമാനമനുസരിച്ചാണ് കടുത്തുരുത്തി എസ്എച്ച്ഒയ്ക്കു പരാതി നല്‍കിയതെന്ന് സെക്രട്ടറി പറഞ്ഞു. പഞ്ചായത്തിന്റെ ഉടമസ്ഥതയില്‍ ഒന്നാം വാര്‍ഡില്‍ സ്ഥിതി ചെയ്യുന്ന മേട്ടുപാറ അച്ചിറക്കുളവും ഇതിനോട് ചേര്‍ന്നുള്ള സ്ഥലത്ത് നിന്നുമാണ് 25 ഓളം വലിയ മരങ്ങള്‍ വെട്ടി കടത്തിയതെന്ന് പരാതിയില്‍ പറയുന്നു. മാഞ്ഞൂര്‍ വില്ലേജില്‍ ഓരത്തേല്‍ വീട്ടില്‍ ബാബു ഇമ്മാനുവേലിന്റെ പേരിലാണ് പരാതി നല്‍കിയിരിക്കുന്നത്. മരങ്ങള്‍ വെട്ടി മാറ്റിയ സ്ഥലത്ത് അനധികൃതമായി ഇരുമ്പ് പൈപ്പുപയോഗിച്ചു ഷെഡ് നിര്‍മിച്ചതായും പരാതിയില്‍ പറയുന്നു. ഇയാള്‍ വെട്ടി കടത്തിയ മരങ്ങള്‍ കണ്ടെത്തണമെന്നും ഇയാള്‍ക്കെതിരെ മോഷണ കുറ്റത്തിന് ക്രിമിനല്‍ കേസെടുക്കണമെന്നുമാണ് പരാതിയില്‍ ആവശ്യപെട്ടിരിക്കുന്നത്. അനധികൃതമായി പഞ്ചായത്തുവക സ്ഥലത്ത് നിര്‍മിച്ച ഷെഡ് പൊളിച്ചു നീക്കുന്നതിന് പോലീസ് സഹായം നല്‍കണമെന്നും പഞ്ചായത്ത് സെക്രട്ടറി ഇന്നലെ നല്‍കിയ പരാതിയില്‍ ആവശ്യപെട്ടു.