കടുത്തുരുത്തി. 62മത് കുറവിലങ്ങാട് ഉപജില്ല സ്കൂൾ കലോത്സവം “ഏകത്വ 2023” ന് കടുത്തുരുത്തി സെന്റ്. മൈക്കിൾസ് സ്കൂളിൽ തിരി തെളിഞ്ഞു.
കടുത്തുരുത്തി സെന്റ്.മേരീസ് പാരിഷ് ഹാളിൽ നടന്ന ചടങ്ങിൽ സ്കൂൾ മാനേജർ ഫാദർ എബ്രഹാം പറമ്പേട്ടിന്റെ അധ്യക്ഷതയിൽ കടുത്തുരുത്തി എംഎൽഎ മോൻസ് ജോസഫ് കലോത്സവ പരിപാടികൾ ഉദ്ഘാടനം ചെയ്തു. സ്കൂൾ പഠന കാലഘട്ടത്തിൽ കലോത്സവവേദികളിലെ പ്രസംഗ മത്സരങ്ങളിൽ വാശിയോടെ പങ്കെടുത്തിരുന്ന തന്റെ അനുഭവം പങ്കുവെച്ചുകൊണ്ട്, നല്ല സാമൂഹ്യപ്രവർത്തകരെ സൃഷ്ടിക്കുന്നതിൽ കലോത്സവങ്ങൾക്ക് പ്രധാന പങ്കുവഹിക്കുവാൻ ഉണ്ട് എന്ന് അദ്ദേഹം പറഞ്ഞു.
സിനിമാതാരം പാഷാണം ഷാജി എന്നറിയപ്പെടുന്ന സാജു നവോദയ കലാ മത്സരങ്ങളുടെ ഉദ്ഘാടന കർമ്മം നിർവഹിച്ചു.
ഒരു കലാകാരന്റെ ക്യാരക്ടറിന്റെ പേരിൽ പിന്നീട് അറിയപ്പെടുക എന്നുള്ളത് കലാകാരനുള്ള ഏറ്റവും വലിയ അംഗീകാരമാണെന്ന് അദ്ദേഹം പറഞ്ഞു. താനും കലോത്സവ വേദികളിലെ സജീവ പങ്കാളിയായിരുന്നുവെന്ന് അദ്ദേഹം പങ്കുവെച്ചു.കുട്ടികളോടൊപ്പം സെൽഫി എടുക്കാനും അദ്ദേഹം മറന്നില്ല. കടുത്തുരുത്തി സെൻമേരിസ് താഴത്തു പള്ളി വികാരി ഫാദർ മാത്യു ചന്ദ്രൻ കുന്നേൽ അനുഗ്രഹപ്രഭാഷണം നടത്തി.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
കലോത്സവത്തിന്റെ ലോഗോ പ്രകാശനം ജില്ലാ പഞ്ചായത്ത് മെമ്പർ ജോസ് പുത്തൻകാല നിർവഹിച്ചു. കലോത്സവത്തോടനുബന്ധിച്ച് തയ്യാറാക്കിയ സുവനീറിന്റെ പ്രകാശനം പഞ്ചായത്ത് പ്രസിഡന്റ് സ്മിത എൻ ബി കടുത്തുരുത്തി ഡിഇഒ പ്രീത രാമചന്ദ്രന് കൈമാറിക്കൊണ്ട് നിർവഹിച്ചു. കലോത്സവത്തിന്റെ ലോഗോ നിർമ്മിച്ച വിദ്യാർത്ഥി അൽ സഫർ പി എസ് നുള്ള സമ്മാനദാനം ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് നയനാ ബിജു നിർവഹിച്ചു. കുറവിലങ്ങാട് എഇഒ ഡോക്ടർ കെ ആർ ബിന്ദുജി ആമുഖ പ്രഭാഷണം നടത്തി.
ഞീഴൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ശ്രീമതി ശ്രീകല, കുറവിലങ്ങാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് മിനി മത്തായി, കടുത്തുരുത്തി ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ജിൻസി എലിസബത്ത്, ജനപ്രതിനിധികളായ എൻ വി ടോമി, അർച്ചന കപ്പിൽ, രശ്മി വിനോദ്, കടുത്തുരുത്തി ഗവൺമെന്റ് വിഎച്ച്എസ്ഇ പ്രിൻസിപ്പാൾ ജോബി വർഗീസ്, കടുത്തുരുത്തി സെന്റ് ജോർജ് എൽ പി സ്കൂൾ ഹെഡ്മിസ്ട്രസ് സുമ മാത്യു, ഹെഡ്മാസ്റ്റർ ഫോറം സെക്രട്ടറി ബിജോയ് മാത്യു, സ്വീകരണ കമ്മിറ്റി കൺവീനർ ജ്യോതി ബി നായർ, കടുത്തുരുത്തി സെന്റ്. മൈക്കിൾസ് സ്കൂൾ പിടിഎ പ്രസിഡന്റ് ജിയോ കുന്നശ്ശേരിൽ, പ്രിൻസിപ്പാൾ സീമാ സൈമൺ, സ്കൂൾ പ്രധാന അധ്യാപിക സുജാ മേരി തോമസ് എന്നിവർ പ്രസംഗിച്ചു.
കടുത്തുരുത്തി സെന്റ്.മൈക്കിൾസ് സ്കൂൾ, കടുത്തുരുത്തി സെന്റ്.ജോർജ് എൽ പി സ്കൂൾ, കടുത്തുരുത്തി ഗവൺമെന്റ് വിഎച്ച്എസ് സ്കൂൾ എന്നിവിടങ്ങളിലായി 11സ്റ്റേജുകളിലാണ് പരിപാടികൾ നടത്തപ്പെടുന്നത്. 92 സ്കൂളുകളിൽ നിന്നായി 4000 ത്തോളം കലാകാരന്മാരായ കുട്ടികൾ പരിപാടികളിൽ പങ്കെടുക്കും.