കുറവിലങ്ങാട്: എ.ഡി. 1599-ൽ നടന്ന ഉദയപേരൂർ സൂനഹദോസ് വരെ അവിഭക്ത മാർത്തോമ്മാ നസ്രാണി സഭയ്ക്കു നേതൃത്വം നൽകിയിരുന്ന അർക്കദിയാക്കോന്മാർ അന്ത്യവിശ്രമം കൊള്ളുന്ന പകലോമറ്റം തറവാട് പള്ളിയിലും എ.ഡി.335-ൽ ലോകത്തിലാദ്യമായി മാതാവ് പ്രത്യക്ഷപ്പെട്ട് സ്ഥാനനിർണ്ണയം നടത്തിയ സ്ഥലത്ത് നിർമ്മിച്ച, സിറോ മലബാർ സഭയുടെ പ്രഥമ എപ്പിസ്കോപ്പൽ ദേവാലയമായ കുറവിലങ്ങാട് മേജർ ആർക്കി എപ്പിസ്കോപ്പൽ മർത്ത് മറിയം ആർച്ച്ഡീക്കൻ തീർത്ഥാടന ദേവാലയത്തിലും ഓർത്തഡോൿസ് സഭ പരമാധ്യക്ഷൻ പരിശുദ്ധ ബസേലിയോസ് മാർത്തോമ്മാ മാത്യൂസ് ത്രിതീയൻ കാതോലിക്കാ ബാവ സന്ദർശനം നടത്തി.
സഭൈക്യ ചിന്തകളുണർത്തിയാണ് പകലോമറ്റം തറവാട് പള്ളിയിലും നസ്രാണികളുടെ തറവാടായ കുറവിലങ്ങാട് പള്ളിയിലും കാതോലിക്കാ ബാവ ചരിത്രസന്ദർശനം നടത്തിയത്. പകലോമറ്റം തറവാട് പള്ളിയിലെത്തിയ കാതോലിക്കാ ബാവയെ പാലാ രൂപതാധ്യക്ഷൻ മാർ ജോസഫ് കല്ലറങ്ങാട്, ആർച്ച്പ്രീസ്റ്റ് റവ.ഡോ. അഗസ്റ്റിൻ കൂട്ടിയാനിയിൽ തുടങ്ങിയവർ ചേർന്ന് സ്വീകരിച്ചു. അർക്കദിയാക്കോന്മാരുടെ കബറിടത്തിങ്കൽ കുരിശാകൃതിയിലുള്ള പുഷ്പചക്രം സമർപ്പിച്ച കാതോലിക്കാ ബാവ പ്രത്യേക പ്രാർത്ഥനകളും നടത്തി.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
ചരിത്ര പ്രാധാന്യമുള്ള സന്ദർശനമെന്നാണ് സഭ ഇതിനെ കാണുന്നത്. പോർച്ചുഗീസുകാരുടെ ആഗമനത്തിന് മുന്നേ കേരളത്തിലെ മുഴുവൻ ക്രിസ്ത്യാനി സഭകളുടെയും തലവനായി പ്രവർത്തിച്ചവരായിരുന്നു അർക്കാദിയാക്കോൻമാർ. കാലംചെയ്ത ഈ പിതാക്കന്മാരെ അനുസ്മരിക്കുകയായിരുന്നു സന്ദർശന ഉദ്ദേശ്യം.
കുറവിലങ്ങാട് മേജർ ആർക്കിഎപ്പിസ്കോപ്പൽ മർത്ത്മറിയം അർക്കദിയാക്കോൻ തീർഥാടന ദേവാലയത്തിലെത്തി പ്രാർഥിച്ച കാതോലിക്ക ബാവ യോഗപ്രതിനിധികളും വിവിധ സംഘടനാഭാരവാഹികളും ഉൾക്കൊള്ളുന്ന സമ്മേളനത്തിലും പങ്കെടുത്താണ് മടങ്ങിയത്. കാതോലിക്കാ ബാവയ്ക്ക് കുറവിലങ്ങാട് മുത്തിയമ്മയുടെ ഐക്കൺ ചിത്രം മാർ ജോസഫ് കല്ലറങ്ങാട്ട് സമ്മാനിച്ചു.