കുറിച്ചി: ജില്ലാ പഞ്ചായത്ത് മെമ്പർ പി.കെ വൈശാഖ് ഡിവിഷൻ ഫണ്ട് ഉപയോഗിച്ച് കുറിച്ചി ഗവൺമെന്റ് ഹയർ ഡെക്കൻഡറി സ്കൂളിൽ നിർമ്മിച്ച ആധുനിക കിച്ചണിന്റെയും ഡൈനിംഗ് ഹാളിന്റെയും ഉദ്ഘാടനം ശ്രീ. കൊടിക്കുന്നിൽ സുരേഷ് എം.പി നിർവഹിച്ചു. 45 വർഷം പഴക്കമുള്ള പാചകപ്പുര ജീർണ്ണിച്ച അവസ്ഥ നേരിട്ടത് മൂലം പാചകം ചെയ്യുന്നത് ബുദ്ധിമുട്ട് നേരിട്ടിരുന്നു. സ്കൂളിന് ഡൈനിംഗ് റൂം ഇല്ലാതിരുന്നത് മൂലം കുട്ടികൾ മരത്തണലിലും വരാന്തയിലും ഇരുന്നാണ് ഭക്ഷണം കഴിച്ചിരുന്നത്. ഈ ബുദ്ധിമുട്ട് മനസ്സിലാക്കിയാണ് ജില്ലാ പഞ്ചായത്ത് മെമ്പർ പി.കെ വൈശാഖ് ഫണ്ടിൽ നിന്ന് 23 ലക്ഷം രൂപ ചിലവഴിച്ച് മോഡേൺ കിച്ചണും സ്റ്റോർ റൂമും ഡൈനിംഗ് റൂമും ഒരുക്കിയിരിക്കുന്നത്.
കൊടിക്കുന്നിൽ സുരേഷ് എം.പി ഉദ്ഘാടനം നിർവഹിച്ച ചടങ്ങിൽ ജില്ലാ പഞ്ചായത്തംഗം പി.കെ വൈശാഖ് അദ്ധ്യക്ഷത വഹിച്ചു. പഞ്ചായത്ത് പ്രസിഡൻറ് സുജാത സുശീലൻ, ബ്ലോക്ക് പഞ്ചായത്ത് മെമ്പർ ഷീലമ്മ ജോസഫ്, ഗ്രാമപഞ്ചായത്ത് അംഗങ്ങളായ മെമ്പർ സുമ എബി, പ്രശാന്ത് മനന്താനം, പിടിഎ പ്രസിഡൻറ് വി ആർ രാജേഷ്, പ്രിൻസിപ്പൽ ചന്ദ്രിക എസ്സ്, ഹെഡ്മിസ്ട്രസ്സ് സത്യ എപി, കുറിച്ചി കോൺഗ്രസ്സ് മണ്ഡലം പ്രസിഡൻറ് അരുൺ ബാബു, അദ്ധ്യാപിക ലേഖ പി തുടങ്ങിയവർ സംസാരിച്ചു.