കുറിച്ചി: സചിവോത്തമപുരം കമ്മ്യൂണിറ്റി ഹെൽത്ത് സെന്ററിൽ കിടത്തി ചികിത്സയും 24 മണിക്കൂർ സേവനവും പുന:രാരംഭിക്കണം എന്നാവശ്യപ്പെട്ടുകൊണ്ട് ആശുപത്രി സംരക്ഷണ സമിതിയുടെ നേത്യത്വത്തിൽ നടന്ന ത്രിദിന നിരാഹാര സത്യാഗ്രഹം പ്രശസ്ത പരിസ്ഥിതി പ്രവർത്തകനും സോഷ്യൽ ആക്ടിവിസ്റ്റുമായ സി.ആർ നീലകണ്ഠൻ ഉദ്ഘാടനം ചെയ്തു. ചികിൽസാ രംഗത്തു നിന്നും സർക്കാർ പിൻമാറി സ്വകാര്യ മേഖലയെ ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായാണ് കിടത്തി ചികിത്സ നിർത്തലാക്കുന്നത് ഉൾപ്പെടെയുള്ള നടപടികൾ ഉണ്ടാകുന്നതെന്ന് അദ്ദേഹം പറഞ്ഞു.
സർക്കാർ ആശുപത്രികളിലെ സേവനങ്ങൾക്ക് ഫീസ് ഏർപ്പെടുത്തുവാനുള്ള പുതിയ ബജറ്റ് പ്രഖ്യാപനം ഇതുമായി കൂട്ടി ചേർത്ത് കാണേണ്ട വിഷയമാണെന്നും അദ്ദേഹം പറഞ്ഞു.
ഡോ.ബിനു സചിവോത്തമപുരം അദ്ധ്യക്ഷത വഹിച്ചു. വി.ജെ.ലാലി, രാജഗോപാൽ വാകത്താനം, മിനി.കെ.ഫിലിപ്പ്, എം.എസ്.സോമൻ, അരുൺ ബാബു, ലൂക്കോസ് നീലംപേരൂർ തുടങ്ങിയവർ പ്രസംഗിച്ചു. സമരത്തിന്റെ ഭാഗമായി നാളെ സമര പന്തലിൽ സാംസ്കാരിക സംഗമവും സംഘ ചിത്ര രചനയും നടക്കും. മൂന്നാം ദിവസം ആശുപത്രിയുടെ ശവമഞ്ചവും വഹിച്ചു കൊണ്ടുള്ള പ്രതീകാത്മക വിലാപയാത്രയും ദീപ പ്രതിജ്ഞയും നടക്കുന്നതാണ്.