കുറിച്ചിത്താനം : ജില്ലയിലെ ഉൽസവങ്ങൾക്ക് തുടക്കം കുറിച്ച് കുറിച്ചിത്താനം ഏകാദശി ഉൽസവത്തിന് 17 ന് കൊടിയേറും 23 ന് ആണ് പ്രസിദ്ധമായ ഏകാദശി വിളക്ക് .24 ന് ആറാട്ടോടു കൂടി സമാപനം. മറ്റ് ഉൽസവങ്ങളിൽ നിന്നും കുറിച്ചിത്താനം ഏകാദശിക്ക് പ്രത്യേകതകൾ ഏറെയാണ് ചരിത്ര പ്രസിദ്ധമായ ഗുരുവായൂർ ഏകാദശി തന്നെയാണ് ഇവിടുത്തെയും പ്രധാന ഉൽസവം ഉത്സവങ്ങൾ എന്നും കൂടിച്ചേരലാണ്. ഓർമ്മൾ പങ്കു വയ്ക്കാൻ ഒരിക്കലും മറക്കാത്ത ഒത്തുചേരലുകൾ. അത് ഭഗവദ് സന്നിധിയിൽ ആകുമ്പോൾ ആനന്ദത്തിനു പാൽപായസ മധുരമുള്ളത് തന്നെയാണ്
കൊടി മൂളലിൽ തുടക്കം. കൊടി ഇറങ്ങിയാൽ ജലാധിവാസ സന്നിധിയിൽ ആറാട്ട്. ഇതിനു ഇടയിൽ ഒരുക്കങ്ങളും കലാവിരുന്നുകളും മേള വൈവിധ്യവും .
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
ഓർമ്മകളിലെ ഉത്സവങ്ങൾക്ക് ആനച്ചന്തവും അടന്തക്കൂറിന്റെ സൗന്ദര്യവും. രാത്രിയുടെ നിശബ്ദതയിൽ മെല്ലെ ഒഴുകി വരുന്ന കഥകളി സംഗീതം. മൈതാനത്ത് ചിന്തിക്കടകളുടെ വർണം. കട്ടൻ കാപ്പിയും പപ്പടവടയും വിൽക്കുന്ന പഴയ ചായക്കടകൾ . അൽപം അകലെ കിലുക്കി കുത്തിന്റെ ഭാഗ്യ പരീക്ഷണം. പാല പൂത്ത ഗന്ധം . വേദിക്കു മുന്നിൽ ഉറക്കം തൂങ്ങി ഒരു ഇരിപ്പ്. ബാലെയും കഥകളിയുമൊക്കെ കഴിയുമ്പോൾ പുലർച്ച ആകും.
ഭഗവാന്റെ തിരുമുറ്റത്ത് മെല്ലെ അണഞ്ഞു തുടങ്ങുന്ന ചുറ്റുവിളക്കിന്റെ നേരിയ പ്രകാശം. അവിടെ ഇരുന്ന് പഴങ്കഥകൾ നിറയുന്ന വർത്തമാനം.
കാലം മായ്ക്കാത്ത ഓർമ്മകൾക്ക് ഉള്ള ഒരു ഒത്തുചേരൽ ആണ് കുറിച്ചിത്താനം ഏകാദശി.
തായമ്പക ഓർമയെ മാറ്റി നിർത്താനാവില്ല. ഇത്രയധികം ആസ്വാദകരുള്ള ഒരു നാട് തെക്കൻ കേരളത്തിൽ ഉണ്ടാകില്ല. അത് തായമ്പക വിദഗ്ധരും സമ്മതിക്കും. മലമക്കാവ് ശൈലിയും പാലക്കാടൻ ശൈലിയും താളം തെറ്റാതെ സമ്മതിക്കും. വന്നു പോയവരുടെ പേരുകൾ പറയുന്നില്ല. പക്ഷേ അവർ തീർത്ത താള ഗോപുരം ഉയരങ്ങളിലാണ് ഇപ്പോഴും. അതിലേക്ക് പുതിയ വിസ്മയങ്ങൾ കൂട്ടിച്ചേർക്കപ്പെടുന്നു. കൂത്തും കൂടിയാട്ടവും പഞ്ചവാദ്യവും മേളത്തിന്റെ പെരുക്കങ്ങളും .
അരങ്ങിലെ കലാപരിപാടികൾ കാലത്തിനൊത്തു മാറുന്നു. അണിയറിയിലെ മുഖങ്ങളും മാറുന്നു. പക്ഷേ ഏകാദശി മഹോത്സവത്തിന് സൗന്ദര്യം കുറയുന്നില്ല. കൊടി കയറുമ്പോൾ തുടങ്ങുന്ന ഉത്സവ തിരക്ക് ജലാധിവാസന്റെ തീർത്ഥക്കുളത്തിൽ ആറാടിയെത്തുന്ന ഭഗവാന്റെ എതിരേൽപ്പിൽ ഇരട്ടിയാകുന്നു. ഉത്സവം കഴിഞ്ഞാൽ ഒരു നിശബ്ദതയാണ്. അതിൽ ഒരു കാത്തിരിപ്പിന്റെ സൗന്ദര്യം കൂടിയുണ്ട്. അടുത്ത വർഷം വീണ്ടും വരുമല്ലോ എന്ന കുറിച്ചിത്താനം .മണ്ണയ്ക്കനാട് . കുര്യനാട് ഉഴവൂർ . കുടക്കച്ചിറ . കരക്കാരുടെ കാത്തിരുപ്പ്.