കോട്ടയം: മലിനീകരണപരാതി ഉയർന്ന കുറിച്ചി പഞ്ചായത്തിലെ പെനി ഐസ് പ്ലാന്റ് കിൻഫ്രയുടെ മൂവാറ്റുപുഴയിലുള്ള വ്യവസായ പാർക്കിൽ അനുവദിച്ച സ്ഥലത്തു മാറ്റിസ്ഥാപിക്കാൻ ജില്ലാ കളക്ടർ വിളിച്ച അനുരഞ്ജന യോഗത്തിൽ തീരുമാനം. കിണറുകൾ മലിനമാകുന്നതുമായി ബന്ധപ്പെട്ടു പരിസരവാസികൾ തുടങ്ങിയ രാപ്പകൽ സമരത്തെത്തുടർന്നാണു ജില്ലാ കളക്ടർ ഡോ. പി.കെ. ജയശ്രീ അനുരഞ്ജന യോഗം വിളിച്ചുചേർത്തത്.
പ്രശ്നപരിഹാരത്തിനായി കൈക്കൊണ്ട തീരുമാനങ്ങൾ: ഏപ്രിൽ 22 വൈകിട്ട് ആറുമണിക്കു മുൻപായി സ്ഥാപനത്തിലുള്ള അസംസ്കൃത വസ്തുക്കൾ, സംസ്കരിച്ച ഉൽപന്നങ്ങൾ, എഫ്ളുവന്റ് എന്നിവ സ്ഥാപനത്തിൽ നിന്നു മാറ്റും. ഏപ്രിൽ 22 ആറുമണിക്കുശേഷം സ്ഥാപനത്തിലെ വൈദ്യുതി ബന്ധം വിച്ഛേദിക്കാൻ കെ.എസ്.ഇ.ബിയോട് വ്യവസായ വകുപ്പ് ആവശ്യപ്പെടും. മലിനീകരണം മൂലം പ്രശ്നബാധിതമായിട്ടുള്ള 15 വീടുകളിലേക്ക് കുടിവെള്ളം നൽകുന്നതിന് പരാതിക്കാർ പറയുന്ന സ്ഥലത്ത് പ്ലാന്റുടമ സ്വന്തം ചെലവിൽ കുഴൽകിണർ നിർമിച്ച് 15 വീടുകളിലും പൈപ്പ് കണക്ഷൻ ലഭ്യമാക്കണം.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
മലിനപ്പെട്ട കിണറുകൾ പ്ലാന്റ് ഉടമ സ്വന്തം ചിലവിൽ ഏപ്രിൽ 30ന് അകം വൃത്തിയാക്കി നൽകണം. കുഴൽ കിണർ വഴി വെള്ളം വീടുകളിൽ എത്തുന്നതു വരെ പഞ്ചായത്ത് കുടിവെള്ളം വിതരണം ചെയ്യണം.
യോഗത്തിൽ കുറിച്ചി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സുജാത സുശീലൻ, സ്ഥിരം സമിതി അധ്യക്ഷരായ സുമ എബി, കെ. പ്രീതാകുമാരി, പ്ലാന്റ് യൂണിറ്റുടമ, ജനകീയ സമരസമിതി അംഗങ്ങൾ, വിവിധ വകുപ്പുകളിലെ ഉദ്യോഗസ്ഥർ എന്നിവർ പങ്കെടുത്തു.