കുറിച്ചിയിൽ ഒന്നിച്ച് ജോലി ചെയ്യുന്ന തമിഴ്‌നാട് സ്വദേശികൾ തമ്മിൽ ഏറ്റുമുട്ടി; കുത്തേറ്റ തമിഴ്‌നാട് സ്വദേശി മെഡിക്കൽ കോളേജ് ആശുപത്രിയിൽ; പ്രതിയെ തന്ത്രപരമായി കുടുക്കിയത് സ്‌പെഷ്യൽ ബ്രാഞ്ച് ഉദ്യോഗസ്ഥൻ

കോട്ടയം: കുറിച്ചിയിൽ ഒന്നിച്ച് ജോലി ചെയ്യുന്ന തമിഴ്‌നാട് സ്വദേശികൾ തമ്മിലുള്ള വാക്കേറ്റത്തിനൊടുവിൽ ഒരാൾക്ക് കുത്തേറ്റു. കുത്തേറ്റയാളെ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കുറിച്ചി അഞ്ചൽക്കുറ്റിയിൽ താമസിക്കുന്ന തമിഴ്‌നാട് സ്വദേശി മുരുകനാണ് കുത്തേറ്റത്. കേസിലെ പ്രതിയായ തെങ്കാശി സ്വദേശി കുമാറിനെ പൊലീസ് തിരഞ്ഞ് നടക്കുന്നതിനിടെ സ്‌പെഷ്യൽ ബ്രാഞ്ച് ഉദ്യോഗസ്ഥൻ തന്ത്രപരമായി ഇയാളെ സ്റ്റേഷനിൽ എത്തിച്ചു. ചിങ്ങവനം സ്റ്റേഷൻ ഹൗസ് ഓഫിസർ ഇൻസ്‌പെക്ടർ ടി.ആർ ജിജുവിന്റെ നേതൃത്വത്തിലുള്ള സംഘം കസ്റ്റഡിയിൽ എടുത്തു.
ശനിയാഴ്ച രാത്രി ഒൻപത് മണിയോടെയായിരുന്നു കേസിനാസ്പദമായ സംഭവം. കുറിച്ചി അഞ്ചൽക്കുറ്റി ഷാപ്പിൽ കത്തിക്കുത്തുണ്ടായതായ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് ചിങ്ങവനം പൊലീസ് സ്റ്റേഷനിലെ സ്‌പെഷ്യൽ ബ്രാഞ്ച് എസ്.ഐ ആയ സിജു ലാൽ ഇവിടെ എത്തുന്നത്. എന്നാൽ, ഷാപ്പിൽ പ്രശ്‌നങ്ങളൊന്നുമുണ്ടായില്ലെന്ന് ജീവനക്കാർ അറിയിച്ചു. തുടർന്ന് ഇദ്ദേഹം പ്രദേശത്ത് അന്വേഷണം നടത്തുന്നതിനിടെ റോഡരികിൽ വച്ച് കത്തിക്കുത്തുണ്ടായതിനെ തുടർന്ന് ഒരാളെ കൺട്രോൾ റൂം പൊലീസ് വാഹനത്തിൽ ജില്ലാ ആശുപത്രിയിലും ഇവിടെ നിന്നു മെഡിക്കൽ കോളേജ് ആശുപത്രിയിലേയ്ക്കും കൊണ്ടു പോയതായി വിവരം ലഭിച്ചു. തുടർന്നു ഇദ്ദേഹം പ്രദേശത്ത് നിൽക്കുന്നതിനിടെയാണ് റോഡരികിൽ നിന്ന കുമാർ താൻ ഒരാളെ കുത്തിയതായി വെളിപ്പെടുത്തിയത്.
ഇയാളുടെ കയ്യിൽ ഒരു കത്തിയുമുണ്ടായിരുന്നു. തന്ത്രപരമായി ഇയാളെ വശത്താക്കിയ എസ്.ഐ കത്തി കയ്യിൽ വാങ്ങിയ ശേഷം സ്വന്തം സ്‌കൂട്ടറിൽ ഇയാളെ ചിങ്ങവനം സ്റ്റേഷനിൽ എത്തിച്ചു. സ്റ്റേഷനിൽ എത്തിച്ച ഉടൻ തന്നെ അക്രമാസക്തനായ കുമാറിനെ പൊലീസുകാർ ചേർന്നു കീഴ്‌പ്പെടുത്തുകയായിരുന്നു. പരിക്കേറ്റ മുരുകൻ അപകട നില തരണം ചെയ്തിട്ടുണ്ട്. സംഭവത്തിൽ ചിങ്ങവനം പൊലീസ് കേസെടുത്തു.

Advertisements

Hot Topics

Related Articles