തിരുവല്ല : വെള്ളക്കെട്ടാൽ യാത്ര ദുരിതം അനുഭവിച്ചുകൊണ്ടിരുന്ന കുറ്റൂർ റെയിൽവേ അടിപ്പാത അറ്റകുറ്റപ്പണികൾ പൂർത്തീകരിച്ച ശേഷം ഗതാഗതത്തിനായി തുറന്നുകൊടുത്തു. കഴിഞ്ഞ ഒരു മാസക്കാലമായി പൂർണമായി റോഡ് ഗതാഗതം നിർത്തിവച്ചുകൊണ്ട് വെള്ളക്കെട്ട് ഒഴിവാക്കാനുള്ള നിർമ്മാണ പ്രവർത്തികൾ ആണ് നടന്നുകൊണ്ടിരുന്നത്. വെള്ളപ്പൊക്ക കാലത്ത് പോലും ചെറിയ വാഹനങ്ങൾ വെള്ളക്കെട്ടിൽ പെടാതെ പോകുന്നതിനായി റോഡിന്റെ ഒരു വശത്ത് നാലടി ഉയരത്തിലും ആറടി വീതിയിലും ബാരിക്കേഡ് കെട്ടി റോഡ് നിർമ്മിച്ചിട്ടുണ്ട്.
ഇതുകൂടാതെ നിലവിലെ റോഡിൽ കമ്പി കെട്ടി കോൺക്രീറ്റ് ചെയ്തിട്ടുണ്ട്. വെള്ളം റോഡിനുള്ളിലേക്ക് കടക്കാതിരിക്കാൻ ആയി റോഡിന്റെ ഇരുവശത്തും വലിയ ഓട നിർമ്മിച്ച ഇരുമ്പ്നെറ്റ് സ്ഥാപിച്ചിട്ടുണ്ട്. വെള്ളം അടിപ്പാതയിൽ കെട്ടി നിൽക്കുന്ന സാഹചര്യമുണ്ടെങ്കിൽ വെള്ളം വറ്റിക്കുന്നതിനായി മോട്ടോർ വയ്ക്കുന്നതിനുള്ള ഷെഡും നിർമ്മിച്ചിട്ടുണ്ട്.
പുനർ നിർമ്മിച്ച റെയിൽവേ അടിപ്പാതയുടെ ഉദ്ഘാടനം നാട്ടുകൂട്ടത്തിന്റെ നേതൃത്വത്തിൽ കുരുന്നു കുട്ടികളായ രുദ്ര അനിൽ, അമയ അശോക്, ഇവ അന്നാ ജെറിൻ അപർണ്ണ എന്നിവർ ചേർന്ന് നിർവഹിച്ചു. നാട്ടുകൂട്ടം ഭാരവാഹികളായ വി ആർ രാജേഷ്, അനിൽകുമാർ, ശ്രീകുമാർ വാഴത്തറ, ജെയിംസ് ഇടയാടിയിൽ, സുരേന്ദ്രൻ താഴത്തുമല, ശ്രീപ്രകാശ് പല്ലടത്തിൽ, കിഷോർകുമാർ ടി കെ, സുജ അശോക്, ഉഷാ അരവിന്ദ്, കലാ സതീഷ്, സരസ്വതി അമ്മ എന്നിവർ നേതൃത്വം നൽകി.