കണ്ണൂര്‍: കോണ്‍ഗ്രസുകാരനായി തുടരുമെന്നും കോണ്‍ഗ്രസ് നേതാക്കള്‍ അപമാനിച്ചത് കൊണ്ടാണ് സിപിഎം പാര്‍ട്ടി കോണ്‍ഗ്രസിന്റെ ഭാഗമായ സെമിനാറില്‍ പങ്കെടുക്കാന്‍ തീരുമാനിച്ചതെന്നും കോണ്‍ഗ്രസ് നേതാവ് കെവി തോമസ്. കോണ്‍ഗ്രസുകാരനായിരിക്കാന്‍ സ്ഥാനമാനങ്ങള്‍ ആവശ്യമില്ല. ആശയങ്ങള്‍ ഉള്‍ക്കൊണ്ടാല്‍ മതി. പ്രാഥമികാംഗത്വത്തില്‍ നിന്ന് പുറത്താക്കാനാവില്ല. നടപടികളെ ഭയക്കുന്നില്ലെന്നും കെവി തോമസ് പറഞ്ഞു.
വികാര ജീവിയാണ് സുധാകരന്‍, നന്മനിറഞ്ഞവന്‍. പക്ഷേ ചുറ്റുമുള്ള തിമിംഗലങ്ങള്‍ വെട്ടിലാക്കുമെന്ന് സുധാകരനോട് താന്‍ പറഞ്ഞിട്ടുണ്ട്. തന്നെ എവിടെയെങ്കിലും അക്കമൊഡേറ്റ് ചെയ്യണമെന്ന് സോണിയ ഗാന്ധിയോട് ആവശ്യപ്പെട്ടതാണ്. എവിടെയും സീറ്റ് തന്നില്ല. താന്‍ മാത്രമാണോ സ്ഥാനമാനങ്ങള്‍ വഹിച്ചത്? എന്നെക്കാള്‍ കൂടുതല്‍ സ്ഥാനം വഹിച്ചവരും തന്നേക്കാള്‍ പ്രായമുള്ളവരും പാര്‍ട്ടിയില്‍ ഇല്ലേയെന്നും അദ്ദേഹം ചോദിച്ചു.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
തിരുത തോമയെന്ന് വിളിക്കുന്നതില്‍ തനിക്കൊരു പരാതിയും ഇല്ല. താനിപ്പോഴും മത്സ്യം പിടിക്കാറുണ്ട്. താനൊരു മത്സ്യത്തൊഴിലാളി കുടുംബാംഗമാണ്. ഞാനുള്‍പ്പെടുന്ന മത്സ്യത്തൊഴിലാളികളെ തന്നെ അപഹസിക്കുന്നു. തന്നെ മാത്രമല്ല, ഉമ്മന്‍ ചാണ്ടിയെയും ചെന്നിത്തലയെയും വരെ അപഹസിക്കുന്നു. അങ്ങിനെ വന്നപ്പോഴാണ് താന്‍ സെമിനാറില്‍ പങ്കെടുക്കാന്‍ തീരുമാനിച്ചത്. സെമിനാറിന് ക്ഷണിച്ചത് സിപിഎം കേന്ദ്ര നേതൃത്വമാണ്. തന്റെ പാര്‍ലമെന്ററി ജീവിതം അവസാനിച്ചെന്നും കെവി തോമസ് വ്യക്തമാക്കി.