കോട്ടയം: ലഹരിവ്യാപനം നിയന്ത്രിക്കാൻ നിയമ പരിഷ്കരണം അത്യാവശ്യമാണെന്നും രജിസ്റ്റർ ചെയ്യപ്പെടുന്ന ലഹരിക്കേസുകളുടെ അവസാനം എന്താണെന്ന് മാധ്യമങ്ങൾ പരിശോധിക്കണമെന്നും തിരുവഞ്ചൂർ രാധാകൃഷ്ണൻ എംഎൽഎ. രാസലഹരിയുടെ വിപണനവും ഉപയോഗവും തടയുക എന്ന ലക്ഷ്യത്തോടെ കേരള പത്രപ്രവര്‍ത്തക യൂണിയന് ആരംഭിച്ച ബ്രേക്കിംഗ് ഡി കാമ്പയിന്റെ കോട്ടയം ജില്ലാതല ഉദ്ഘാടനം പ്രസ്ക്ലബില്‍ നിര്‍വഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം.
ലഹരിക്കെതിരെ സമൂഹം ജൈവയുദ്ധം നടത്തേണ്ട സാഹചര്യത്തിലെത്തിയിരിക്കുകയാണ്. അടുത്ത തലമുറയുടെ വാഗ്ദാനമായ കുട്ടികളെയാണ് ലഹരി മാഫിയ ലക്ഷ്യമിടുന്നത്. ആ നീരാളിപ്പിടുത്തത്തില്‍ നിന്നും നാടിനെ രക്ഷിക്കാന്‍ നമുക്ക് ഓരോരുത്തര്‍ക്കും കടമയുണ്ടെന്നും അത് നിര്‍വഹിക്കണമെന്നും അദ്ദേഹം പറഞ്ഞു.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
രാസലഹരി മാത്രമല്ല എല്ലാത്തരം ലഹരിയും നിയന്ത്രിക്കണം. ലഹരി ഔദ്യോഗികമായി വിതരണം ചെയ്യുന്നില്ലേ. അത് നിയന്ത്രിച്ചാല്‍ രാസലഹരി ഉപയോഗം ഇരട്ടിക്കുമെന്ന വാദമാണ് ചിലർ ഉയർത്തിയത്. ഇപ്പോള്‍ കെട്ടുകളെല്ലാം ആകെ പോയമട്ടാണ്.
വ്യക്തി വിവരങ്ങൾ വെളിപ്പെടുത്താതെ ക്യൂആർ സ്കാനിലൂടെ ലഹരിമരുന്നുമായി ബന്ധപ്പെട്ട വിവരങ്ങൾ അറിയിക്കാനുള്ള സൗകര്യമാണ് ബ്രേക്കിംഗ് ഡി വഴി ഒരുക്കിയിരിക്കുന്നത്. പത്രപ്രവര്‍ത്തക യൂണിയന് വളരെ അഭിനന്ദനീയമായ ദൗത്യമാണ് ഏറ്റെടുത്തിരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
മയക്കുമരുന്നുമായി ബന്ധപ്പെട്ട് പൊതുജനങ്ങള്‍ക്ക് ലഭിക്കുന്ന വിവരങ്ങള്‍ അറിയിക്കാനുള്ള ക്യൂ ആര് കോഡ് പ്രസ് ക്ലബിൽ എംഎൽഎ പതിച്ചു. മാര്‍ സ്ലീവ മെഡിസിറ്റിയിലെ ന്യൂറോ സര്‍ജറി വിഭാഗം തലവന്‍ ഡോ. സരീഷ്കുമാര്‍ ലഹരി ഉപയോഗത്തിന്റെ ദൂഷ്യവശങ്ങളെക്കുറിച്ച് സംസാരിച്ചു. എം.ഡി സെമിനാരി, ബേക്കര്‍ സ്കൂള്‍ എന്നിവടങ്ങളിലെ കുട്ടികളും ചടങ്ങില്‍ പങ്കെടുത്തു.
ചടങ്ങില്‍ സംസ്ഥാന മാധ്യമ പുരസ്കാരം നേടിയ, ജില്ലയില്‍ നിന്നുള്ള യൂണിയന് അംഗങ്ങളായ ശ്രീകുമാര്‍ ആലപ്ര (കേരള കൗമുദി), ബൈജു പൗലോസ് (മലയാള മനോരമ) എന്നിവരെ ആദരിച്ചു.
പ്രസ് ക്ലബ് പ്രസിഡന്റ് അനീഷ് കുര്യന് അധ്യക്ഷനായി. സെക്രട്ടറി ജോബിന് സെബാസ്റ്റ്യന്‍, ട്രഷറര്‍ സരിത കൃഷ്ണന്, പത്രപ്രവര്‍ത്തക യൂണിയന് സംസ്ഥാന സമിതി അംഗങ്ങളായ സെയ്ഫുദ്ദീന്‍, സനോജ് സുരേന്ദ്രന്, സനില്‍കുമാര്‍. എസ് എന്നിവര്‍ പ്രസംഗിച്ചു.