റാഞ്ചി: കാലിത്തീറ്റ കുംഭകോണക്കേസില്‍ രാഷ്ട്രീയ ജനതാദള്‍(ആര്‍.ജെ.ഡി) ആചാര്യന്‍ ലാലു പ്രസാദ് യാദവിന് ജാമ്യം. ജാര്‍ഖണ്ഡ് ഹൈക്കോടതിയാണ് ജാമ്യം അനുവദിച്ചത്. ഡൊറന്‍ഡ ട്രഷറി കേസിലാണ് കോടതിവിധി. ഡൊറന്‍ഡ ട്രഷറിയില്‍നിന്ന് 139.5 കോടി രൂപ നിയമവിരുദ്ധമായ രീതിയില്‍ പിന്‍വലിച്ചെന്നാണ് ലാലുവിനെതിരായ കേസ്. കാലിത്തീറ്റ കുംഭകോണത്തില്‍ ലാലുവിനെതിരായ അഞ്ചാമത്തെയും അവസാനത്തേതുമായ കേസാണിത്. കേസില്‍ കഴിഞ്ഞ ഫെബ്രുവരി 22ന് റാഞ്ചിയിലെ പ്രത്യേക സി.ബി.ഐ കോടതി അഞ്ചുവര്‍ഷം തടവും 60 ലക്ഷം രൂപ പിഴയും വിധിച്ചിരുന്നു.
പാതി കസ്റ്റഡിയും ആരോഗ്യപ്രശ്നങ്ങളുമെല്ലാം പരിഗണിച്ചാണ് റാഞ്ചി കോടതി ലാലുവിന് ജാമ്യം നല്‍കിയത്. ഒരു ലക്ഷം രൂപ ജാമ്യത്തുകയും പിഴയായി 10 ലക്ഷം രൂപയും കെട്ടിവയ്ക്കണം. ലാലു ഉടന്‍ പുറത്തിറങ്ങുമെന്ന് അദ്ദേഹത്തിന്‍റെ അഭിഭാഷകന്‍ മാധ്യമങ്ങളോട് പറഞ്ഞു.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
കുംഭകോണം നടന്ന് 25 വര്‍ഷത്തിനുശേഷമാണ് കേസില്‍ അന്തിമവിധി പുറത്തുവരുന്നത്. കേസില്‍ ജാമ്യത്തില്‍ കഴിയുന്ന ലാലു പ്രസാദ് യാദവ് അനാരോഗ്യത്തെത്തുടര്‍ന്ന് വിഡിയോ കോണ്‍ഫറന്‍സിലൂടെയാണ് വാദംകേള്‍ക്കലിന് ഹാജരായത്.
എന്താണ് കാലിത്തീറ്റ കുംഭകോണം?
ലാലു പ്രസാദ് യാദവ് ബിഹാര്‍ മുഖ്യമന്ത്രിയായിരിക്കെ കാലിത്തീറ്റ വാങ്ങാനുള്ള കരാറിന്റെ മറവില്‍ സര്‍ക്കാര്‍ ഫണ്ട് വകമാറ്റി ചെലവഴിച്ചെന്ന കേസാണ് കാലിത്തീറ്റ കുംഭകോണം എന്ന പേരില്‍ അറിയപ്പെടുന്നത്. സര്‍ക്കാര്‍ ട്രഷറികളില്‍നിന്ന് പൊതുപണം അന്യായമായി പിന്‍വലിച്ചതുമായി ബന്ധപ്പെട്ടാണ് കേസുള്ളത്. 1990കളിലാണ് കുംഭകോണം നടന്നതെന്നാണ് ആരോപിക്കപ്പെടുന്നത്.
കുംഭകോണവുമായി ബന്ധപ്പെട്ട് നാല് കേസുകളില്‍ 14 വര്‍ഷത്തെ തടവുശിക്ഷ വിധിക്കപ്പെട്ട നേരത്തെ തന്നെ ശിക്ഷ ഏറ്റുവാങ്ങിക്കഴിഞ്ഞു. ഏറ്റവുമൊടുവില്‍ ഡൊറന്‍ഡ ട്രഷറിയില്‍നിന്ന് 139.5 കോടി രൂപ നിയമവിരുദ്ധമായ രീതിയില്‍ പിന്‍വലിച്ച അഞ്ചാമത്തെ കേസിലാണ് ഇപ്പോള്‍ റാഞ്ചി കോടതി ലാലുവിന് ജാമ്യം അനുവദിച്ചത്.
1996ല്‍ ഒരു മൃഗാരോഗ്യ കേന്ദ്രത്തില്‍ നടന്ന റെയ്ഡിലാണ് കുംഭകോണം പുറത്തുവന്നത്. ആകെ 950 കോടിയുടെ തട്ടിപ്പാണ് നടന്നത്. ആദ്യ കേസുകളില്‍ ജയില്‍ശിക്ഷ അനുഭവിച്ചിരുന്ന ലാലു ആരോഗ്യപ്രശ്‌നങ്ങളെ തുടര്‍ന്ന് നിലവില്‍ ജാമ്യത്തിലാണുള്ളത്.