ന്യൂഡൽഹി : ചന്ദ്രയാൻ മൂന്നിലെ ലാൻഡറും റോവറും സജീവമാക്കാനുള്ള ശ്രമത്തിന് തിരിച്ചടി. ലാൻഡറില്‍ നിന്ന് സിഗ്നലുകള്‍ ലഭിയ്ക്കുന്നില്ലെന്ന് സ്ഥിരീകരിച്ച് ഐഎസ്ആര്‍ഒ. ചന്ദ്രനില്‍ സൂര്യാസ്തമയം തുടങ്ങിയതോടെ സെപ്റ്റംബര്‍ രണ്ടിന് റോവറും നാലിന് ലാൻഡറും സ്ലീപിങ് മോഡിലേക്ക് മാറിയിരുന്നു. മൈനസ് 180 ഡിഗ്രി സെല്‍ഷ്യസ് എന്ന കൊടുംതണുപ്പില്‍ കഴിഞ്ഞ വിക്രം ലാൻഡറും പ്രഗ്യാൻ റോവറും സൂര്യപ്രകാശം എത്തുമ്ബോഴേക്കും ഒരിക്കല്‍ കൂടി സജീവമാകുമെന്ന പ്രതീക്ഷ ഐഎസ്ആര്‍ഒ ഇപ്പോഴും പങ്കുവയ്ക്കുന്നു.
ചന്ദ്രൻ്റെ ദക്ഷിണ ധ്രുവത്തില്‍ സൂര്യപ്രകാശം എത്തുന്ന ഇന്ന് പ്രഗ്യാൻ റോവറും വിക്രം ലാൻഡറും ഉണരുമെന്നായിരുന്നു ഐഎസ്ആര്‍ഒയുടെ ആത്മവിശ്വാസം. എന്നാല്‍, ബംഗളൂരുവിലെ കണ്ട്രോള് സെൻ്ററില്‍ നിന്നുള്ള സന്ദേശങ്ങള്‍ക്ക് ലാൻഡര്‍ ഇനിയും പ്രതികരിച്ചിട്ടില്ല. ഇക്കാര്യം ഐഎസ്ആര്‍ഒ സ്ഥിരീകരിച്ചു. എന്നാല്‍ ലാൻഡറിനെയും റോവറിനെയും ഉണര്‍ത്താനുള്ള ശ്രമങ്ങള്‍ തുടരുകയാണെന്നും ഇസ്രോ എക്സില്‍ അറിയിച്ചു. ചില സാങ്കേതിക കാരണങ്ങളാണ് ചാന്ദ്രയാൻ മൂന്നിൻ്റെ ഉണര്‍ത്തല്‍ പ്രക്രിയ നാളത്തേയ്ക്ക് മാറ്റിയതായി അഹമ്മദാബാദിലെ സ്പേസ് അപ്ലിക്കേഷൻ സെൻ്റര്‍ ഡയറക്ടര്‍ നിലേഷ് ദേശായി വ്യക്തമാക്കി.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
ലാൻഡറാണ് ആദ്യം പ്രവര്‍ത്തന സജ്ജമാകേണ്ടത്. കാരണം പ്രഗ്യാൻ റോവര്‍ ഉണര്‍ന്നാലും സന്ദേശങ്ങള്‍ സ്വീകരിച്ച് ഭൂമിയിലേയ്ക്ക് അയക്കേണ്ടത് വിക്രം ലാൻഡര്‍ വഴിയാണ്. ഇതിനുള്ള ശ്രമങ്ങളാണ് ഐഎസ്ആര്‍ഒ തുടരുന്നത്. പ്രഗ്യാൻ റോവറിലെ സോളാര്‍ പാനലുകള്‍ സൂര്യപ്രകാശം ആഗിരണം ചെയ്യാൻ സജ്ജമാണെന്നും അതുവഴി ബാറ്ററി റീ ചാര്‍ജ് ചെയ്ത് പ്രവര്‍ത്തന സജ്ജമാകുമെന്നും ഐഎസ്ആര്‍ഒ നേരത്തെ അറിയിച്ചിരുന്നു. എന്നാല്‍ ലാൻഡറിൻ്റെ കാര്യത്തിലാണ് നിലവില്‍ ചില സാങ്കേതിക പ്രശ്നങ്ങള്‍ ചൂണ്ടിക്കാട്ടപ്പെടുന്നത്.