ഭൂമി തരം മാറ്റൽ വൈകിയതിൽ മനം നൊന്ത് സജീവൻ ആത്മഹത്യ ചെയ്ത സംഭവം: ജീവനക്കാർക്ക് വൻ വീഴ്ചയുണ്ടായതായി കണ്ടെത്തൽ; ഫോർട്ട് കൊച്ചി ആർ.ഡി.ഒ ഓഫിസിലെ ആറു ജീവനക്കാർക്ക് സസ്‌പെൻഷൻ

കൊച്ചി: ഭൂമി തരം മാറ്റം വൈകിയതിനെ തുടർന്നു ഗൃഹനാഥൻ ജീവനൊടുക്കിയ സംഭവത്തിൽ ഫോർട്ട് കൊച്ചി ആർ.ഡി.ഒ ഓഫിസിലെ ആറു ജീവനക്കാർക്ക് സസ്‌പെൻഷൻ. സജീവന്റെ ആത്മഹത്യയ്ക്ക് ഇടയാക്കിയ സംഭവത്തിൽ ജീവനക്കാർക്ക് ഗുരുതരമായ വീഴ്ചയുണ്ടായതായി അന്വേഷണത്തിൽ കണ്ടെത്തിയതിന്റെ അടിസ്ഥാനത്തിലാണ് നടപടി. ഫോർട്ട് കൊച്ചി ആർ.ഡി.ഒ ഓഫിസിലെ മുൻ ജൂനിയർ സൂപ്രണ്ട് സി.ആർ ഷനോജ് കുമാർ, മുൻ സീനിയർ ക്ലർക്ക് സി.ജെ ഡെൽമ്മ, സീനിയർ ക്ലർക്ക് ഒ.ബി അഭിലാഷ്, സെക്ഷൻ ക്ലർക്ക് മുഹമ്മദ് അസ്ലാം, മുൻ സീനിയർ ഗ്രേഡ് ടൈപ്പിസ്റ്റ് കെ.സി നിഷ, മുൻ എൽ.ഡി ടൈപ്പിസ്റ്റ് ടി.കെ ഷമീം എന്നിവരെയാണ് കുറ്റക്കാരെന്നു കണ്ടെത്തിയതിന്റെ അടിസ്ഥാനത്തിൽ സസ്‌പെന്റ് ചെയ്തത്.

Advertisements

ഭൂമി തരംമാറ്റുന്നതുമായി ബന്ധപ്പെട്ടുള്ള അപേക്ഷയിൽ തീരുമാനം എടുക്കാൻ വൈകിയതിനെ തുടർന്ന് മൂത്തകുന്നം മാല്യാങ്കര സജീവൻ ആത്മഹത്യ ചെയ്ത സംഭവത്തിലാണ് നടപടി. വിഷയത്തിൽ അധികൃതർക്ക് ഗുരുതര വീഴ്ച സംഭവിച്ചതായി ആരോപണം ഉയർന്നതിനെ തുടർന്നു ലാൻഡ് റവന്യു ജോയിന്റ് കമ്മിഷണർ ജെറോമിക് ജോർജ് അന്വേഷണം നടത്തുകയായിരുന്നു. ഈ അന്വേഷണത്തിലാണ് ജീവനക്കാർക്ക് ഗുരുതരമായ വീഴ്ച സംഭവിച്ചതായി കണ്ടെത്തിയത്.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

അപേക്ഷ ഫോർട്ട് കൊച്ചി ആർ.ഡി.ഒ ഓഫിസിൽ നിന്നും സ്‌കാൻ ചെയ്ത് സെക്ഷനിലേയ്ക്കു നൽകുന്നതിൽ 81 ദിവസത്തെ കാലതാമസം ഉണ്ടായതായി കണ്ടെത്തി. സ്‌കാൻ ചെയ്ത രേഖകൾ 78 ദിവസമാണ് സെക്ഷനിലേയ്ക്ക് അയക്കാതെ ഇൻബോക്‌സിൽ സൂക്ഷിച്ചതെന്നും അന്വേഷണത്തിൽ കണ്ടെത്തിയിട്ടുണ്ട്. അത് കൂടാതെ ജൂനിയർ സൂപ്രണ്ട് അപേക്ഷ സ്വീകരിച്ചെങ്കിലും അപേക്ഷകനുള്ള നോട്ടീസ് അയച്ചിട്ടില്ലെന്നും പരിശോധനയിൽ കണ്ടെത്തിയിട്ടുണ്ട്.

സെക്ഷനിലേയ്ക്കു തുടർ നടപടികൾക്കായി അയച്ച അപേക്ഷ സ്വീകരിച്ചെങ്കിലും മതിയായ കാരണമില്ലാതെ നടപടി സ്വീകരിക്കാതെ ഫയലിൽ തന്നെ സൂക്ഷിക്കുകയായിരുന്നുവെന്നു കണ്ടെത്തി. ഇത്തരത്തിൽ ജീവനക്കാരുടെ ഭാഗത്തു നിന്നുണ്ടായ ഗുരുതരമായ വീഴ്ചകൾ കണ്ടെത്തിയതിന്റെ അടിസ്ഥാനത്തിലാണ് ഇപ്പോൾ നടപടിയുണ്ടായിരിക്കുന്നത്.

Hot Topics

Related Articles