ലാന്‍സ് നായിക് പി.കെ സന്തോഷ് കുമാറിന്റെ ഇരുപത്തിമൂന്നാം ചരമവാര്‍ഷിക ദിനം സ്വദേശമായ വെട്ടിമറ്റത്ത് ആചരിച്ചു

തൊടുപുഴ:കാര്‍ഗില്‍ യുദ്ധത്തില്‍ വീരമ്യുത്യു വരിച്ച ലാന്‍സ് നായിക് പി.കെ സന്തോഷ് കുമാറിന്റെ ഇരുപത്തിമൂന്നാം ചരമവാര്‍ഷിക ദിനം സ്വദേശമായ വെട്ടിമറ്റത്ത് ആചരിച്ചു. 1999 മെയ് മുതല്‍ ജൂലൈവരെയാണ്, കാര്‍ഗില്‍ പിടിച്ചടക്കുവാനുള്ള, പാക്കിസ്ഥാന്‍ അധിനിവേശത്തിനെതിരായി ഇന്ത്യ സായുധ പോരാട്ടം നടത്തിയത്. 1999 ജൂലൈ 6 നായിരുന്നു വെട്ടിമറ്റം സ്വദേശിയായ ഈ ധീരജവാന്‍ രാഷ്ട്രത്തിനായി വീരമൃത്യു വരിച്ചത്. ത്രിതല പഞ്ചായത്തുകള്‍, ദേശസേവിനി വായനശാല, യുവ ആര്‍ട്‌സ് ആന്‍ഡ് സ്‌പോര്‍ട്‌സ് ക്ലബ്ബ്, വിവിധ സന്നദ്ധ സംഘടനകള്‍ എന്നിവയുടെ നേതൃത്വത്തിലാണ് അനുസ്മരണ പരിപാടി സംഘടിപ്പിച്ചത്. തൊടുപുഴ മുന്‍സിപ്പല്‍ ചെയര്‍മാന്‍ സനീഷ്‌ജോര്‍ജ് മുഖ്യാതിഥിയായിരുന്നു. ധീര ജവാന്റെ ഓര്‍മ്മയ്ക്കായി ഈയിടെ നിര്‍മ്മാണം പൂര്‍ത്തിയാക്കിയ നഗരസഭയുടെ കുട്ടികളുടെ പാര്‍ക്കിന് ലാന്‍സ് നായിക് സന്തോഷ് കുമാര്‍ സ്മാരക പാര്‍ക്ക് എന്ന് നാമകരണം ചെയ്തിരുന്നു. യോഗത്തില്‍ വെള്ളിയാമറ്റം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഇന്ദു ബിജു, വൈസ് പ്രസിഡന്റ് ലാലി ജോസി, വായനശാല പ്രസിഡന്റ് ടിങ്കു വെട്ടിക്കാട്ടില്‍, ന്യൂമാന്‍ കോളേജ് എന്‍ സി സി ക്യാപ്റ്റന്‍ പ്രൊഫ. പ്രിജീഷ് മാത്യു, ആര്‍എസ്എസ് ഇടുക്കി ജില്ല അധ്യക്ഷന്‍ കെഎന്‍ രാജു, സൈനിക് മാതൃ ശക്തി സംസ്ഥാന അധ്യക്ഷ മേജര്‍ അമ്പിളി ലാല്‍ കൃഷ്ണന്‍,അഖില ഭാരതീയ പൂര്‍വ സൈനിക സേവ പരിഷത്ത് ഇടുക്കി ജില്ലാ അധ്യക്ഷന്‍ റിട്ട. ഗ്രൂപ്പ് ക്യാപ്റ്റന്‍ ഹരി.സി.ശേഖര്‍,സംസ്ഥാന കമ്മിറ്റി അംഗം സി.ജി സോമശേഖരന്‍, ബി എം എസ് ജില്ലാ ജോയിന്റ് സെക്രട്ടറി സി. രാജേഷ്, ജില്ലാ ട്രഷറര്‍ പദ്മകുമാര്‍ എ.ആര്‍,യുവ ആര്‍ട്‌സ് ആന്‍ഡ് സ്‌പോര്‍ട്‌സ് ക്ലബ് രക്ഷധികാരി ബെന്നി വെട്ടിമറ്റം തുടങ്ങിയവര്‍ അനുസ്മരണ പ്രഭാഷണം നടത്തി. എന്‍സിസി തൊടുപുഴ ന്യൂമാന്‍ കോളേജ് കേഡറ്റുകള്‍, കലയന്താനി സെന്റ് ജോര്‍ജ് ഹൈസ്‌കൂളിലെ സ്‌കൗട്ട് ആന്‍ഡ് ഗൈഡ് അംഗങ്ങള്‍ , വെട്ടിമറ്റം ഗവണ്‍മെന്റ് എല്‍.പി സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍, സന്തോഷ് കുമാറിന്റെ മകന്‍ അര്‍ജുന്‍, കുടുംബാഗങ്ങള്‍, മറ്റ് ബന്ധുക്കള്‍ തുടങ്ങിയവരും സന്തോഷ് കുമാറിന്റെ സ്മൃതി മണ്ഡപത്തില്‍ എത്തി പുഷ്പാര്‍ച്ചന നടത്തി.

Advertisements

Hot Topics

Related Articles