ആലപ്പുഴ: സൗജന്യ സേവനത്തിന് ഡോക്ടർമാരടക്കമുള്ളവരെ ആവശ്യപ്പെട്ട് ആലപ്പുഴ പുളിങ്കുന്ന് താലൂക്ക് ആശുപത്രി അധികൃതർ നൽകിയ ഫേസ്ബുക്ക് പോസ്റ്റ് വിവാദത്തിൽ.
ആലപ്പുഴ ജില്ലാ ഇൻഫർമേഷൻ ഓഫീസറുടെ ഫേസ്ബുക്ക് പേജിലാണ് പോസ്റ്റ് വന്നത്. ഇതിനെതിരെ നാട്ടുകാർ വലിയ രീതിയിലുള്ള വിമർശനങ്ങളാണ് ഉയർത്തിയിരിക്കുന്നത്.
മുഖ്യമന്ത്രിക്ക് അടിക്കടി വാഹനം മാറ്റാനുള്ള പണം ഉണ്ടെങ്കിൽ ഇവർക്ക് ശമ്പളം കൊടുക്കാമല്ലോ എന്നും മന്ത്രിമാർക്കും എം എൽ എമാർക്കും ശമ്പളം കൂട്ടാൻ ആവേശം കാട്ടുന്ന സർക്കാരിന് പാവങ്ങൾക്കായി ശമ്ബളം കൊടുത്ത് ഡോക്ടർമാരെ നിയമിച്ചു കൂടെ എന്നുമുള്ള ചോദ്യങ്ങളാണ് ആലപ്പുഴ ജില്ലാ ഇൻഫർമേഷൻ ഓഫീസറുടെ ഫേസ്ബുക്ക് പേജിൽ നിറയുന്നത്. രണ്ട് ദിവസം മുമ്പാണ് ഈ പോസ്റ്റ് പ്രത്യക്ഷപ്പെട്ടത്. ഡോക്ടർമാർ, ലാബ് ടെക്‌നീഷൻ, ഫാർമസിസ്റ്റ്, ഡാറ്റാ എൻട്രി ഓപ്പറേറ്റർ എന്നീ തസ്തികകളിലേക്കാണ് നിയമനം. ആറുമാസ കാലയളവിൽ ശമ്ബളം ഇല്ലാതെ ജോലി ചെയ്യാം. ആശുപത്രി അധികൃതരുടെ ഈ വാഗ്ദാനം പക്ഷേ നാട്ടുകാർക്ക് അത്ര പിടിച്ചില്ല.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
അതേസമയം സായാഹ്ന ഒ പി ഉൾപ്പെടെയുള്ള സേവനങ്ങൾ മെച്ചപ്പെടുത്തുന്നതിന്റെ ഭാഗമായിട്ടാണ് ഇത്തരത്തിൽ ആളെ.എടുക്കാൻ ഉദ്ദേശിച്ചതെന്നും ആരെയും നിർബന്ധിക്കുന്നില്ലെന്നും താത്പര്യം ഉള്ളവർ മാത്രം വന്നാൽ മതിയെന്നുമാണ് ആശുപത്രി സൂപ്രണ്ടിന്റെ നിലപാട്. മെഡിക്കൽ പഠനം പൂർത്തിയായി നിൽക്കുന്ന എന്നാൽ കൂടുതൽ പരിചയസമ്പത്ത് ഉണ്ടാക്കാൻ ശ്രമിക്കുന്ന വ്യക്തികളെ ഉദ്ദേശിച്ചാണ് അറിയിപ്പ് നൽകിയതെന്നും സൂപ്രണ്ട് പറഞ്ഞു.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണ രൂപം
പുളിങ്കുന്ന് ആശുപത്രിയിൽ സന്നദ്ധ സേവനത്തിന് അവസരം
ആലപ്പുഴ: പുളിങ്കുന്ന് താലൂക്ക് ആശുപത്രിയിൽ മെഡിക്കൽ ഓഫീസർ, ഫാർമസിസ്റ്റ്, ലാബ് ടെക്നീഷ്യൻ, ഡാറ്റ എൻട്രി ഓപ്പറേറ്റർ തസ്തികകളിൽ സന്നദ്ധ സേവനത്തിന് അപേക്ഷ ക്ഷണിച്ചു. കുറഞ്ഞത് ആറു മാസത്തേക്ക് വേതനമില്ലാതെ സേവനം നൽകാൻ താത്പര്യമുള്ളവരെയാണ് പരിഗണിക്കുന്നത്. ഫോൺ: 0477-2707742.