നീയാണോ ആ കള്ളൻ…! അതോ ഇനി ഞാനോ; ഡി.സി ഓഫിസിലിരുന്ന ലാപ്പ്‌ടോപ്പ് മോഷ്ടിച്ചതാര്; വിദ്യാഭ്യാസ വകുപ്പിലെ ലാപ്പ് ടോപ്പ് മോഷണത്തെച്ചൊല്ലി പരസ്പരം സംശയിച്ച് ജീവനക്കാർ; തൊഴുത്തിൽക്കുത്തിയ മോഷ്ടാവാരെന്ന സംശയം ഇപ്പോഴും ബാക്കി

കോട്ടയം: ജില്ലാ വിദ്യാഭ്യാസ വകുപ്പിലെ ലാപ്പ് ടോപ്പ് മോഷണത്തിൽ കള്ളനെക്കണ്ടെത്താനാവാത്തതിനാൽ പരസ്പരം സംശയിച്ച് ജീവനക്കാർ. ജീവനക്കാർ തമ്മിലുള്ള ചേരിപ്പോരിന്റെ ഭാഗമായാണ് ലാപ്പ്‌ടോപ്പ് മാറ്റിയതെന്ന് ആരോപണം അന്തരീക്ഷത്തിൽ ഉയർന്നിരിക്കുന്നത്. ഇതു സംബന്ധിച്ചു പൊലീസിൽ പരാതി നൽകിയിട്ടും ജീവനക്കാർക്കിടയിലെ പ്രശ്‌നങ്ങൾ മൂലം യഥാർത്ഥ മോഷ്ടാവിനെ കണ്ടെത്താൻ സാധിച്ചിട്ടില്ല. ഇതോടെയാണ് ജീവനക്കാർ തമ്മിൽ ആരാണ് മോഷ്ടാവ് എന്നതിനെച്ചൊല്ലി പരസ്പരം സംശയം ഉയർന്നിരിക്കുന്നത്.

Advertisements

വയസ്‌ക്കരക്കുന്നിലെ ഉപവിദ്യാഭ്യാസ വകുപ്പ് ഓഫിസിൽ എത്തിച്ച 36 ലാപ്ടോപ്പുകളിൽ ഒന്ന് കാണാതായതും, പൊലീസിൽ പരാതി നൽകുമെന്നു പറഞ്ഞതിനു പിന്നാലെ ലാപ്‌ടോപ്പ് പ്രത്യേക്ഷപ്പെട്ടതുമാണ് ഇപ്പോൾ വിവാദത്തിൽ ഇടം പിടിച്ചിരിക്കുന്നത്. ജനുവരി ആറിനായിരുന്നു കേസിനാസ്പദമായ സംഭവം. സ്‌കൂളുകളിൽ വിതരണം ചെയ്യാനുള്ള ലാപ്ടോപ്പാണ് വയസ്‌ക്കരയിലെ വിദ്യാഭ്യാസ വകുപ്പ് ഓഫിസിൽ എത്തിച്ചത്. ലാപ്പ്ടോപ്പ് ഓഫിസിൽ സൂക്ഷിച്ച ശേഷം ജീവനക്കാർ ഓഫിസ് പൂട്ടി രാത്രി പോകുകയും ചെയ്തു. എന്നാൽ, പിറ്റേന്ന് എത്തി ഓഫിസ് തുറന്ന് ലാപ്പ്ടോപ്പുകൾ എണ്ണിയപ്പോഴാണ് ഒരെണ്ണത്തിന്റെ കുറവ് കണ്ടെത്തിയത്. തുടർന്ന് അധികൃതരെ വിവരം അറിയിച്ചു. ലാപ്ടോപ്പ് കാണാനില്ലെന്നു കണ്ടെത്തിയതോടെ വിദ്യാഭ്യാസ വകുപ്പ് ഡെപ്യൂട്ടി ഡയറക്ടർ ഇതു സംബന്ധിച്ചു പൊലീസിൽ പരാതി നൽകാൻ തീരുമാനിച്ചു. ഇതിനുള്ള നടപടികളുമായി മുന്നോട്ടു പോകുന്നതിനിടെ പിറ്റേന്ന് രാവിലെ ഓഫിസിലെത്തിയ ജീവനക്കാർ കണ്ടത്, ലാപ്ടോപ്പ് ഇരിക്കുന്ന മേശയ്ക്കു തൊട്ടടുത്ത് മറ്റൊരു മേശയിൽ മോഷണം പോയ ലാപ്ടോപ്പാണ്.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

ലാപ്പ്‌ടോപ്പ് തിരികെ ലഭിച്ചെങ്കിലും മോഷ്ടാവ് ഓഫിസിനുള്ളിൽ തന്നെയുണ്ട് എന്ന് തിരിച്ചറിഞ്ഞ അധികൃതർ പരാതി നൽകുകയായിരുന്നു. എന്നാൽ, ഉദ്യോഗസ്ഥരെല്ലാം പരസ്പരം ആരോപണം ഉന്നയിച്ച് അന്വേഷണവുമായി സഹകരിക്കാതെ വന്നതോടെ കപ്പലിനുള്ളിൽ തന്നെ ഉണ്ടായിട്ടും കള്ളനെ മാത്രം ഇതുവരെയും കണ്ടെത്താൻ സാധിച്ചിട്ടില്ല. ഇതിനിടെയാണ് ഉദ്യോഗസ്ഥർ തമ്മിലുള്ള ചേരിപ്പോര് അതിരൂക്ഷമായി മാറിയിരിക്കുന്നത്.

ഓഫിസിലെ ഒരു വിഭാഗം ഉദ്യോഗസ്ഥരെ കുടുക്കുന്നതിനു വേണ്ടി ഒരു യൂണിയനു വേണ്ടി ചില ജീവനക്കാരാണ് ലാപ്പ് ടോപ്പ് മാറ്റിയതെന്നാണ് ആരോപണം ഉയർന്നിരിക്കുന്നത്. ഇതുകൊണ്ടു തന്നെയാണ് ഇപ്പോൾ കള്ളനെ കണ്ടെത്താൻ ജീവനക്കാർ സഹകരിക്കാത്തതെന്നുമാണ് വാദം. എന്തായാലും, ഉദ്യോഗസ്ഥരെ കുടുക്കിയ ഈ ലാപ്പ് ടോപ്പ് വിവാദം യഥാർത്ഥ കള്ളനെ കണ്ടെത്താതെ അവസാനിപ്പിക്കില്ലെന്ന നിലപാടിലാണ് ഒരു വിഭാഗം.

Hot Topics

Related Articles