തിരുവനന്തപുരം: ഇടത് മുന്നണി തലപ്പത്തേക്ക് ഇ.പി ജയരാജന്. സിപിഎം സംസ്ഥാന സെക്രട്ടേറിയേറ്റിന്റെതാണ് തീരുമാനം. പുത്തലത്ത് ദിനേശനെ പാര്‍ട്ടി പ്രസിദ്ധീകരണങ്ങളുടെ ചുമതലയിലേയ്ക്ക മാറ്റാനും മുഖ്യമന്ത്രിയുടെ പൊളിറ്റിക്കല്‍ സെക്രട്ടറി സ്ഥാനത്തേയ്ക്ക് മറ്റൊരാളെ പരിഗണിക്കാനും സിപിഎം ആലോചിക്കുന്നുണ്ട്. സംസ്ഥാന കമ്മിറ്റിയിലേയ്ക്ക് തെരഞ്ഞെടുക്കപ്പെട്ട പി ശശിയ്ക്കാണ് ഏറ്റവുമധികം സാധ്യത കല്‍പ്പിക്കപ്പെടുന്നത്. ഇതിനു പുറമെ ദേശാഭിമാനി പത്രാധിപര്‍ സ്ഥാനത്തും ഇംഎംഎസ് അക്കാദമിയുടെ ചുമതലയിലും മാറ്റങ്ങള്‍ വരുമെന്നാണ് റിപ്പോര്‍ട്ട്. കൂടാതെ എസ്എഫ്ഐയുടെയും ഡിവൈഎഫ്ഐയുടെയും നേതൃനിരയിലും മാറ്റങ്ങള്‍ വരും.
മുന്‍പ് ഇ പി ജയരാജനെ പോളിറ്റ്ബ്യൂറോയിലേയ്ക്ക് തെരഞ്ഞെടുത്തേക്കുമെന്ന് അഭ്യൂഹങ്ങള്‍ ഉണ്ടായിരുന്നെങ്കിലും എസ് രാമചന്ദ്രന് പിള്ളയുടെ ഒഴിവിലേയ്ക്ക് എ വിജയരാഘവനെ പരിഗണിച്ചതോടെ ഈ കണക്കുകൂട്ടല്‍ തെറ്റി. ഈ സാഹചര്യത്തിലാണ് എ വിജയരാഘവനു പകരം മുന്നണി കണ്‍വീനര്‍ സ്ഥാനത്ത് ഇ പി ജയരാജന് എത്തുന്നത്. ജയരാജനൊപ്പം എ കെ ബാലന്റെ പേരും പാര്‍ട്ടി പരിഗണിച്ചിരുന്നു. മുന്‍പ് വിഎസ് അച്യൂതാനന്ദന് എല്‍ഡിഎഫ് കണ്‍വീനറായിരുന്ന കാലത്ത് പോളിറ്റ് ബ്യൂറോ അംഗമായിരുന്നു. എ വിജയരാഘവന് ഡല്‍ഹിയില്‍ മറ്റു ചുമതലകള്‍ ഉള്ളതിനാല്‍ മുന്നണി കണ്‍വീനര്‍ സ്ഥാനം വഹിക്കുന്നത് ബുദ്ധിമുട്ടാകുമെന്ന് പാര്‍ട്ടി വിലയിരുത്തി.