ഉപതെരഞ്ഞെടുപ്പിൽ എൽഡിഎഫിന് ഉജ്വല വിജയം; 24 ഇടത്ത് എൽഡിഎഫ് മിന്നുംജയം സ്വന്തമാക്കി

കൊച്ചി : സംസ്ഥാനത്തെ 42 തദ്ദേശ വാർഡുകളിലേക്ക് നടന്ന ഉപതെരഞ്ഞെടുപ്പിൽ എൽഡിഎഫിന് ഉജ്വല വിജയം. 24 ഇടത്ത് എൽഡിഎഫ് മിന്നുംജയം സ്വന്തമാക്കി. യുഡിഎഫ് 12, ബിജെപി 6 സീറ്റുകളിലും വിജയിച്ചു. 20 സീറ്റ് ഉണ്ടായിരുന്ന എൽഡിഎഫ് 24 ലേക്ക് ഉയർന്നു. 16 സീറ്റുകൾ ഉണ്ടായിരുന്ന യുഡിഎഫ് 4 വാർഡുകൾ നഷ്ടപ്പെട്ട് 12 ലേക്ക് താഴ്ന്നു. ബിജെപിക്ക് ഉണ്ടായിരുന്ന 6 വാർഡുകൾ നിലനിർത്തി. ആകെ 9 വാർഡുകളാണ് എൽഡിഎഫ് പിടിച്ചെടുത്തത്. ഇതിൽ 7 എണ്ണം യുഡിഎഫിൽനിന്നും രണ്ടെണ്ണം ബിജെപിയിൽ നിന്നുമാണ്. . 3 എൽഡിഎഫ് വാർഡുകളിൽ യുഡിഎഫും, രണ്ടിടത്ത് ബിജെപിയും ജയിച്ചു.

Advertisements

തിരുവനന്തപുരത്ത് തെരഞ്ഞെടുപ്പ് നടന്ന നാല് വാർഡുകളിൽ രണ്ടിടത്ത് എൽഡിഎഫ് വിജയിച്ചു. നാവായിക്കുളം പഞ്ചായത്തിലെ മരുതികുന്ന്, അതിയന്നൂർ പഞ്ചായത്തിലെ കണ്ണറവിള വാർഡുകളിലാണ് എൽഡിഎഫ് വിജയിച്ചത്. പൂവാർ പഞ്ചായത്തിലെ അരശുംമൂട്, കല്ലറ കൊടിതൂക്കിയകുന്ന് വാർഡുകളിൽ യുഡിഎഫ് വിജയിച്ചു.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

കൊല്ലത്ത് ആറിൽ അഞ്ചിലും എൽഡിഎഫ് ഉജ്വലവിജയം നേടി. കോൺഗ്രസിന്റെ രണ്ടും ബിജെപിയുടെ ഒന്നും സിറ്റിങ് സീറ്റുകൾ ഉള്പ്പെടെ പിടിച്ചെടുത്താണ് എൽഡിഎഫ് ജയം. വെളിയം പഞ്ചായത്തിലെ കളപ്പില, ക്ലാപ്പന പഞ്ചായത്തിലെ ക്ലാപ്പന കിഴക്ക്, പെരിനാട്ടെ നാന്തിരിക്കൽ, ആര്യങ്കാവിലെ കഴുതുരുട്ടി, ശൂരനാട് വടക്ക് പഞ്ചായത്തിലെ സംഗമം എന്നീ വാർഡുകളാണ് എൽഡിഎഫ് വിജയിച്ചത്. ഇതിൽ നാന്തിരിക്കൽ, സംഗമം എന്നിവ കോൺഗ്രസിൽ നിന്നും കഴുതുരുട്ടി ബിജെപിയിൽ നിന്നുമാണ് പിടിച്ചെടുത്തത്.

കഴുതുരുട്ടി വാര്ഡിൽ സിപിഐ എമ്മിലെ മാമ്പഴത്തറ സലീം 245 വോട്ടിന്റെ ഭൂരിപക്ഷം നേടിയാണ് വിജയിച്ചത്. എൽഡിഎഫ് 485, യുഡിഎഫ് 240, ബിജെപി 162 എന്നിങ്ങനെയാണ് വോട്ടുനില. ബിജെപി സംസ്ഥാന സമിതി അംഗമായിരുന്ന മാമ്പഴത്തറ സലീം രാജിവച്ച് സിപിഐ എമ്മുമായി ബന്ധപ്പെട്ട് പ്രവര്ത്തിക്കുകയായിരുന്നു. സലീം രാജിവച്ച ഒഴിവിലാണ് ഉപതിരഞ്ഞെടുപ്പ് നടന്നത്.

ശൂരനാട് വടക്ക് സംഗമം വാർഡിൽ സിപിഐയിലെ ബി സുനിൽകുമാര് 169 വോട്ടിനാണ് വിജയിച്ചത്. സുനിൽകുമാര് 510 വോട്ട് നേടി. കോൺഗ്രസിലെ അഡ്വ.സുധികുമാറിനെയാണ് പരാജയപ്പെടുത്തിയത്( 341 വോട്ട്). ബിജെപിയിലെ ഗോപീഷ് 265 വോട്ട് നേടി. യുഡിഎഫ് അംഗമായിരുന്ന വേണു വൈശാലി അന്തരിച്ചതിനാലാണ് ഉപതെരഞ്ഞെടുപ്പ്.

കോൺഗ്രസിലെ ഷൈനി ജോൺസൺ രാജിവച്ചതിനെത്തുടർന്ന് ഉപതിരഞ്ഞെടുപ്പ് നടന്ന പെരിനാട് നാന്തിരിക്കൽ വാർഡിൽ എൽഡിഎഫ് സ്ഥാനാർഥി ബിന്ദു മോൾ 365 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് വിജയിച്ചത്. എൽഡിഎഫിന് 703, യുഡിഎഫ് 338,ബിജെപി 44 എന്നിങ്ങനെയാണ് വോട്ടുനില.

ക്ലാപ്പന കിഴക്ക് പതിനൊന്നാം വാർഡിൽ നടന്ന ഉപതെരെഞ്ഞെടുപ്പിൽ എൽ ഡി എഫ് സ്ഥാനാർത്ഥി സിപിഐ എമ്മിലെ വി ആർ മനുരാജ് വിജയിച്ചു. യു ഡി എഫിലെ വിക്രമനെ 379 വോട്ടുകൾക്കാണ് പരാജയപ്പെടുത്തിയത്. എൽ ഡി എഫിലെ വി ആർ അനുരാജിന് സർക്കാർ ജോലി ലഭിച്ചതിനെ തുടർന്നാണ് ഇവിടെ ഉപതെരെഞ്ഞെടുപ്പ് വേണ്ടി വന്നത്.

എൽഡിഎഫ് അംഗം ഇന്ദുകല അനിലിന്റെ നിര്യാണത്തെതുടർന്നാണ് ഉപതെരഞ്ഞെടുപ്പ് നടന്ന വെളിയം പഞ്ചായത്തിലെ കളപ്പില വാർഡിൽ എൽഡിഎഫിലെ ശിസ സുരേഷ് 269 വോട്ടിന്റെ ഭൂരിപക്ഷത്തിൽ വിജയിച്ചു. എൽഡിഎഫ് – 671,ബിജെപി – 402, യുഡിഎഫ് – 222 എന്നിങ്ങനെയാണ് വോട്ട് നില.

എൽഡിഎഫ് കഴിഞ്ഞതവണ വിജയിച്ച വെളിനല്ലൂരിലെ മുളച്ചാൽ വാർഡിൽ യുഡിഎഫ് സ്ഥാനാർഥി നിസാർ വട്ടപ്പാറ 399 വോട്ടിന്റെ ഭൂരിപക്ഷത്തിൽ വിജയിച്ചു.

പത്തനംതിട്ട ജില്ലയിലെ മൂന്നു പഞ്ചായത്ത് വാർഡുകളിൽ നടന്ന ഉപതെരഞ്ഞെടുപ്പിൽ രണ്ടിടത്ത് എൽഡിഎഫ് വിജയിച്ചു. ഒരുവാർഡ് യുഡിഎഫിൽ നിന്ന് പിടിച്ചെടുക്കുകയായിരുന്നു. റാന്നി അങ്ങാടി പഞ്ചായത്തിലെ അഞ്ചാം വാർഡ് ഉപതെരഞ്ഞെടുപ്പിൽ കോണ്ഗ്രസിൽ നിന്ന് എൽഡി എഫ് പിടിച്ചെടുത്തു. ഇതോടെ നറുക്കെടുപ്പിലൂടെ ഭരിച്ച പഞ്ചായത്തിൽ എൽഡി എഫിന് കേവല ഭൂരിപക്ഷമായി. എൽഡിഎഫ് സ്ഥാനാർഥി കുഞ്ഞു മറിയാമ്മയാണ് വിജയി. യുഡിഎഫ് സ്ഥാനാർത്ഥി സാറാമ്മ യെയാണ് പരാജയപ്പെടുത്തിയത്. യുഡിഎഫ് അംഗം വിദേശത്ത് ജോലിക്ക് പോയതാണ് ഒഴിവുവരാൻ കാരണം.

മല്ലപ്പള്ളി കൊറ്റനാട് പഞ്ചായത്തിലെ ഏഴാം വാര്ഡിൽ എൽഡിഎഫ് വിജയിച്ചു. റോബി ഏബ്രഹാമാണ് (സിപിഐ) വിജയി. തുല്ല്യ വോട്ട് വന്നതിനെ തുടർന്ന് നറുക്കെടുപ്പിലൂടെയായിരുന്നു വിജയം. മനോജ് ചരളേല് തിരുവിതാംകൂര് ദേവസ്വം ബോര്ഡ് അംഗമായി തെരഞ്ഞെടുക്കപ്പെട്ടതിനെ തുടര്ന്നാണ് ഉപതെരഞ്ഞെടുപ്പ് വേണ്ടി വന്നത്. കോന്നി പഞ്ചായത്തിലെ 18ാം വാര്ഡിൽ അര്ച്ചന ബാലന് (യുഡിഎഫ്) വിജയിച്ചു. എൽഡിഎഫിലെ പി ഗീതയെയാണ് പരാജയപ്പെടുത്തിയത്. യുഡിഎഫ് അംഗത്തിന്റെ മരണത്തെ തുടര്ന്നാണ് ഉപതെരഞ്ഞെടുപ്പ്.

ആലപ്പുഴ ജില്ലയിൽ ഒരിടത്ത് എൽഡിഎഫും ഒരിടത്ത് യുഡിഎഫും വിജയിച്ചു. ഭരണിക്കാവ് ബ്ലോക്ക് പഞ്ചായത്ത് മണയ്ക്കാട് ഡിവിഷൻ എൽഡിഎഫ് നിലനിർത്തി. കെ വി അഭിലാഷ് കുമാറാണ് (സിപിഐ എം ) വിജയി. ഭൂരിപക്ഷം 634. സുഹൈർ (കോൺഗ്രസ് (ഐ) ആണ് പരാജയപ്പെട്ടത്. ഹരീഷ് കാട്ടൂർ (ബിജെപി ) പി ചന്ദ്രബോസ് (സ്വതന്ത്രൻ) എന്നിവരും മത്സരിച്ചു.

സിപിഐ എമ്മിലെ അഡ്വ.എസ് രാജേഷിന്റെ നിര്യാണത്തെ തുടർന്നാണ് തെരഞ്ഞെടുപ്പ് വേണ്ടി വന്നത്. ബ്ലോക്ക് പഞ്ചായത്തിലെ 13 സീറ്റുകളിൽ 12 സീറ്റിലും വിജയിച്ചത് എൽ ഡി എഫ് ആണ്. ഒരു സീറ്റിൽ മാത്രമാണ് കോൺഗ്രസ് വിജയിച്ചത്..

മണ്ണഞ്ചേരി ഗ്രാമ പഞ്ചായത്ത് മൂന്നാം വാർഡായ പെരുംതുരുത്തിൽ യുഡിഎഫിലെ എം വി സുനിൽകുമാർ ( കോൺഗ്രസ് ) വിജയിച്ചു. സനൂപ് കുഞ്ഞുമോനെ (സിപിഐ) യാണ് പരാജയപ്പെടുത്തിയത്.

കോൺഗ്രസിലെ ബഷീർ ചക്കനാടന്റെ മരണത്തെ തുടർന്നാണ് ഉപതെരഞ്ഞെടുപ്പ്.
ദീപു ചാക്കോമ്പള്ളി (ബിജെപി), അബ്ദുൽ ജബ്ബാർ ചക്കനാടൻ (എസ് ഡി പി ഐ) എന്നിവരും മത്സരിച്ചിരുന്നു.

കോട്ടയം ജില്ലയിലെ ഏറ്റുമാനൂർ നഗരസഭയുടെ 35-ാംവാർഡി ( അമ്പലം) ൽ ബിജെപിയുടെ സുരേഷ് ആർ നായർ വിജയിച്ചു. ബിജെപി കൗൺസിലർ വിദേശത്തേക്ക് പോയതിനാലാണ് ഉപതെരഞ്ഞെടുപ്പ് വേണ്ടി വന്നത്. ബിജെപിക്ക് 307 വോട്ടും, എൽഡിഎഫിന് 224 വോട്ടും, യുഡിഫിന് 151 വോട്ടും ലഭിച്ചു. ഇത്തവണ സിപിഐ യുടെ സീറ്റിൽ എൽഡിഎഫ് സ്വതന്ത്രനായി കെ മഹാദേവൻ, യുഡിഎഫിൽ കോൺഗ്രസ് ഐയുടെ എൻ എസ് സുനിൽകുമാർ, എന്നിവർ മൽസരിച്ചിരുന്നു. കഴിഞ്ഞ തവണ ബിജെപി സ്ഥാനാർഥിക്ക് 222 വോട്ട് ഭൂരിപക്ഷമുണ്ടായിരുന്നു.

ഇടുക്കി ജില്ലയിലെ മൂന്നു പഞ്ചായത്ത് വാർഡുകളിൽ നടന്ന ഉപതെരഞ്ഞെടുപ്പിൽ രണ്ടിടത്ത്—- എൽഡിഎഫ് വിജയിച്ചു. ഉടുമ്പന്നൂർ പഞ്ചായത്ത് വെള്ളാന്താനം വാർഡ് 30 വർഷത്തിന് ശേഷം യുഡിഎഫിൽനിന്ന് എൽഡിഎഫ് പിടിച്ചെടുത്തു. എൽഡിഎഫിലെ ജിൻസി സാജൻ 233 വോട്ടിന്റെ ഭൂരിപക്ഷത്തിൽ യുഡിഎഫിലെ മിനി ബെന്നിയെ പരാജയപ്പെടുത്തി. ജിൻസി സാജന് 612 ഉം മിനി ബെനിക്ക് 381 ഉം ബിജെപിയിലെ കെ കെ ഷൈനി മോൾ 59 വോട്ടും നേടി. കഴിഞ്ഞ തെരഞ്ഞെടുപ്പിൽ വിജയിച്ച കോൺഗ്രസിലെ ബിന്ദു സജീവ് വിദേശത്ത് പോയതിനാലായിരുന്നു ഉപതെരഞ്ഞെടുപ്പ് .

അയ്യപ്പൻ കോവിൽ പഞ്ചായത്ത് നാലാം വാർഡ് ചേമ്പളത്ത് എൽഡിഎഫ് സ്ഥാനാർത്ഥി ഷൈമോൾ രാജൻ വിജയിച്ചു, യു ഡി എഫിലെ സുനിത ബിജു എൻ ഡി എ യിലെ സി എച്ച് ആശാമോൾ എന്നിവരാണ് മത്സരിച്ചത്. ആകെയുള്ള 13 സീറ്റിൽ എട്ടും നേടി എൽഡിഎഫാണ് പഞ്ചായത്ത് ഭരിക്കുന്നത്. പഞ്ചായത്ത് പ്രസിഡണ്ടായിരുന്ന സി പി ഐ യിലെ മിനിമോൾ നന്ദകുമാർ രാജിവെച്ചതോടെയായിരുന്നു തെരഞ്ഞെടുപ്പ്.

ഇടമലക്കുടി ഗ്രാമ പഞ്ചായത്ത് ആണ്ടവൻകുടി വാർഡിൽ നിമലാവതി കണ്ണൻ (ബിജെപി) വിജയിച്ചു. പാർവ്വതി പരമശിവൻ (എൽഡിഎഫ്) രമ്യ ഗണേഷൻ (യുഡിഎഫ്) എന്നിവരായിരുന്നു മറ്റ് സ്ഥാനാർഥികൾ. ബിജെപി അംഗം കാമാക്ഷിയുടെ മരണത്തെ തുടർന്നായിരുന്നു തെരഞ്ഞെടുപ്പ്.

എറണാകുളം ജില്ലയിലെ കുന്നത്തുനാട് പഞ്ചായത്ത് 11 -ാം വാർഡ് (വെമ്പിള്ളി) യുഡിഎഫിൽനിന്ന് എൽഡിഎഫ് പിടിച്ചെടുത്തു. എൽഡിഎഫ് സ്ഥാനാർഥി എൻ ഒ ബാബുവാണ് വിജയി. പി പി ജോർജ് (യുഡിഎഫ്) എൽദോ പോൾ (ട്വന്റി20) എന്നിവരായിരുന്നു മറ്റ് സ്ഥാനാർഥികൾ. ആകെയുള്ള 19 സീറ്റിൽ 11ൽ ട്വന്റി – 20, അഞ്ചിടത്ത് യുഡിഎഫ്, ഒന്നിൽ എൽഡിഎഫ് എന്നതാണ് കക്ഷിനില. കോൺഗ്രസ് അംഗമായിരുന്ന ജോസ് ജോർജ് മരിച്ചതിനെ തുടർന്നാണ് ഉപതെരഞ്ഞെടുപ്പ് വേണ്ടി വന്നത്.

കൊച്ചി കോർപറേഷനിലെ എറണാകുളം സൗത്ത് 62-ാംഡിവിഷനിൽ പത്മജ എസ് മേനോൻ (ബിജെപി) വിജയിച്ചു. അശ്വതി എസായിരുന്നു എൽഡിഎഫ് സ്വതന്ത്രസ്ഥാനാർഥി. അനിത വാര്യർ ആണ് യുഡിഎഫിൽ നിന്ന് മത്സരിച്ചത്. ബിജെപി അംഗം മിനി ആർ മേനോൻ അന്തരിച്ച ഒഴിവിലായിരുന്നു തെരഞ്ഞെടുപ്പ്. 2015ൽ കോൺഗ്രസിന്റെ സീറ്റായിരുന്നു. 74 അംഗ കൗൺസിലിൽ എൽഡിഎഫിന് സ്വതന്ത്രരുടെ ഉൾപ്പെടെ 38 പേരുടെ പിന്തുണയുണ്ട്. യുഡിഎഫ്-31, ബിജെപി -4 എന്നിങ്ങനെയാണ് കക്ഷിനില.

തൃപ്പൂണിത്തുറ നഗരസഭാ 11-ാം ഡിവിഷനിൽ (ഇളമനത്തോപ്പ്) ബിജെപി സ്ഥാനാർഥി വള്ളി രവി വിജയിച്ചു. പ്രതീഷ് ഇ ടി (എൽഡിഎഫ്), ഷിബു മലയിൽ (യുഡിഎഫ്), എന്നിവരെയാണ് പരാജയപ്പെടുത്തിയത്. സിപിഐ എം ഏരിയ കമ്മിറ്റി അംഗവും നഗരസഭാ സ്ഥിരംസമിതി അധ്യക്ഷനുമായിരുന്ന കെ ടി സൈഗാൾ അന്തരിച്ച ഒഴിവിലായിരുന്നു.

46-ാം ഡിവിഷനിൽ (പിഷാരി കോവിൽ) രതി രാജു (ബിജെപി) വിജയിച്ചു. സംഗീത സുമേഷ് (എൽഡിഎഫ്) , ശോഭന തമ്പി (യുഡിഎഫ്), എന്നിവരാണ് പരാജയപ്പെട്ടത്. എൽഡിഎഫ് അംഗം രാജമ്മ മോഹൻ അന്തരിച്ച ഒഴിവിലാണ് തെരഞ്ഞെടുപ്പ്.

നെടുമ്പാശേരി പഞ്ചായത്ത് 17-ാംവാർഡിൽ (അത്താണി ടൗൺ) ജോബി നെൽക്കര (യുഡിഎഫ്) വിജയിച്ചു. എൽഡിഎഫ് സ്ഥാനാർഥി. ഡോ. എം പി ആന്റണിയെയാണ് പരാജയപ്പെടുത്തിയത്. ജോഷി പൗലോസ് ആയിരുന്നു ബിജെപി സ്ഥാനാർഥി. കോൺഗ്രസ് അംഗം പി വൈ വർഗീസ് രാജിവച്ച ഒഴിവിലായിരുന്നു തെരഞ്ഞെടുപ്പ്. അദ്ദേഹത്തെ പിന്നീട് ആത്മഹത്യചെയ്ത നിലയിൽ കണ്ടെത്തിയിരുന്നു. ആകെയുള്ള 19 സീറ്റിൽ എൽഡിഎഫ്-9, കോൺഗ്രസ്-8, സ്വതന്ത്രൻ-1 എന്നതാണ് കക്ഷിനില.

വാരപ്പെട്ടി പഞ്ചായത്ത് വാർഡ് ആറില് (മൈലൂര്) യുഡിഎഫിലെ കെ കെ ഹുസൈൻ വിജയിച്ചു. എൽഡിഎഫിലെ ഷിബു വര്ക്കിയെയാണ് തോൽപ്പിച്ചത്. യുഡിഎഫ് സ്വതന്ത്രൻ സി കെ അബ്ദുൽ നൂർ അന്തരിച്ച ഒഴിവിലായിരുന്നു തെരഞ്ഞെടുപ്പ്. 13 സീറ്റിൽ എൽഡിഎഫ്-3, യുഡിഎഫ്–-8, എൻഡിഎ–-1 എന്നതാണ് കക്ഷിനില.

Hot Topics

Related Articles

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.