തിരുവനന്തപുരം: എല്‍ഡിഎഫ് കണ്‍വീനര്‍ ടി പി രാമകൃഷ്ണന്‍ സ്വബോധത്തോടെ സംസാരിക്കാന്‍ തയ്യാറാവണമെന്ന് എസ്ഡിപിഐ സംസ്ഥാന വൈസ് പ്രസിഡന്റ് തുളസീധരന്‍ പള്ളിക്കല്‍. ഉത്തരവാദപ്പെട്ട സ്ഥാനത്തിരുന്ന് അജ്ഞത അലങ്കാരമാക്കരുത്. സംസ്ഥാനത്ത് തദ്ദേശ ഭരണ സ്ഥാപനങ്ങളിലേക്ക് നടന്ന ഉപതിരഞ്ഞെടുപ്പില്‍ എസ്ഡിപിഐ വിജയിച്ചത് യുഡിഎഫ് പിന്തുണയോടെയാണെന്നാണ് രാമകൃഷ്ണന്‍ പറയുന്നത്. തിരുവനന്തപുരം ജില്ലയിലെ പാങ്ങോട് പുലിപ്പാറ വാര്‍ഡില്‍ യുഡിഎഫിന്റെ സിറ്റിങ് സീറ്റാണ് എസ്ഡിപിഐ പിടിച്ചെടുത്തത്. യുഡിഎഫിനെ പരാജയപ്പെടുത്തി നേടിയ വിജയം അവരുടെ പിന്തുണയോടെയാണെന്ന നുണ പ്രചരിപ്പിക്കാന്‍ കാണിച്ച അമിതമായ തൊലിക്കട്ടി കാണ്ടാമൃഗത്തെ പോലും പിന്നിലാക്കുന്നതാണ്. മലപ്പുറം തിരുനാവായ ഗ്രാമപ്പഞ്ചായത്ത് ആറാം വാര്‍ഡില്‍ കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ വിജയിച്ച എല്‍ഡിഎഫ് ഇത്തവണ മൂന്നാം സ്ഥാനത്താണ്. അവിടെ രണ്ടാം സ്ഥാനത്ത് എസ്ഡിപിഐ ആണ്. തിരുവനന്തപുരം ജില്ലയിലെ ശ്രീവരാഹം വാര്‍ഡില്‍ കേവലം 12 വോട്ടിന്റെ ഭൂരിപക്ഷത്തില്‍ എല്‍ഡിഎഫ് വിജയിച്ചത് എസ്ഡിപിഐയുടെ ഫാഷിസ്റ്റ് വിരുദ്ധ നിലപാട് കൊണ്ടു മാത്രമാണ്. അവിടെ രണ്ടാം സ്ഥാനത്ത് ബിജെപിയാണ്. അടിസ്ഥാന ജനത രാഷ്ട്രീയമായി ശാക്തീകരിക്കുന്നതും ജനാധിപത്യപരമായി അധികാരത്തിലെത്തുന്നതും എല്‍ഡിഎഫിനെ പ്രത്യേകിച്ച് സിപിഎമ്മിനെ അസ്വസ്ഥതപ്പെടുത്തുന്നുണ്ട് എന്നതാണ് ടി പി രാമകൃഷ്ണന്റെ പ്രസ്താവനയിലൂടെ പുറത്തുവരുന്നത്. വരും നാളുകളില്‍ ഈ അസ്വസ്തത വര്‍ധിക്കാനുള്ള സാധ്യതയാണ് കേരള രാഷ്ട്രീയത്തില്‍ വ്യക്തമാകുന്നത്. ന്യൂനപക്ഷങ്ങളും ദലിതരും പിന്നാക്ക വിഭാഗങ്ങളും എക്കാലത്തും തങ്ങളുടെ അടിയാളന്മാരായും ചാവേറുകളായും തുടരുമെന്ന സിപിഎമ്മിന്റെ വല്യേട്ടന്‍ മനോഭാവം അവരുടെ നാശത്തിന് തന്നെ വഴിയൊരുക്കുമെന്ന് തിരിച്ചറിയുന്നത് നന്നാവുമെന്നും തുളസീധരന്‍ പള്ളിക്കല്‍ കൂട്ടിച്ചേര്‍ത്തു.
എല്‍ഡിഎഫ് കണ്‍വീനര്‍ സ്വബോധത്തോടെ സംസാരിക്കണം: തുളസീധരന്‍ പള്ളിക്കല്‍
