2017 ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ ഇഞ്ചോടിഞ്ച് പോരാടി ബിജെപിയെ വെല്ലുവിളിച്ച കോൺഗ്രസ് ഗുജറാത്തിൽ ഉയർത്തിയത് വലിയ പ്രതീക്ഷയായിരുന്നു. രാജ്യത്ത് ഇനിയും കോൺഗ്രസിന് ഭാവി അവശേഷിക്കുന്നുണ്ടെന്ന പ്രതീക്ഷ. എന്നാൽ, ഇക്കുറി തകർന്നടിഞ്ഞ് തരിപ്പണമായ കോൺഗ്രസ് ഒന്ന്് ശ്വാസം എടുക്കാനാവാത്ത സ്ഥിതിയിലാണ് ഇപ്പോൾ. വോട്ടെണ്ണൽ അവസാന ഘട്ടത്തിലേയ്ക്കു കടക്കുമ്പോൾ 18 സീറ്റ് മാത്രമാണ് കോൺഗ്രസിന്റെ പക്കലുള്ളത്. തകർന്നടിഞ്ഞ കോൺഗ്രസിന്റെ ശവപ്പെട്ടിയിലെ അവസാന ആണിയായി മാറി ഗുജറാത്ത്. കേരളത്തിൽ ചരിത്രത്തിൽ ആദ്യമായി തുടർ ഭരണത്തിന് സാക്ഷിയായി നിന്ന പ്രതിപക്ഷ നേതാവായ രമേശ് ചെന്നിത്തല, താര പ്രചാരകനായി എത്തി ഗുജറാത്തിലെ കൂട്ടത്തകർച്ചയ്ക്ക് മൂക സാക്ഷിയായി നിൽക്കാനായിരുന്നു രമേശ് ചെന്നിത്തലയുടെ യോഗം.
ഗുജറാത്ത് നിയമസഭാ തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചപ്പോൾ മുതൽ തന്നെ രാജ്യം ഇവിടേയ്ക്ക് ഉറ്റു നോക്കുകയായിരുന്നു. ഭാരത് ജോഡോ യാത്ര അടക്കം നടത്തി കോൺഗ്രസ് ദേശീയ തലത്തിലേയ്ക്കു പുതിയ ഊർജം തേടുന്ന സമയമായിരുന്നു. ഈ സമയത്താണ് ഗുജറാത്തിൽ നിയമസഭാ തിരഞ്ഞെടുപ്പും പ്രഖ്യാപിച്ചത്. ഈ പ്രഖ്യാപനത്തെ തുടർന്നാണ് കോൺഗ്രസിന്റെ ദേശീയ തലത്തിലേയ്ക്കുള്ള ചുവട് വച്ച് ഊട്ടി ഉറപ്പിച്ച് രമേശ് ചെന്നിത്തലയെ കോൺഗ്രസ് പാർട്ടി ഗുജറാത്ത് തിരഞ്ഞെടുപ്പ് ചുമതല ഏൽപ്പിച്ചത്.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
എന്നാൽ, എന്റെ തല എന്റെ ഫുൾഫിഗർ എന്ന പേരിൽ തിരഞ്ഞെടുപ്പ് പ്രചാരണം കയ്യിലെടുത്ത രമേശ് ചെന്നിത്തല മറ്റൊരു നേതാവിനും കാര്യമായ പരിഗണന നൽകിയില്ലെന്ന വിമർശനം ഉയരുന്നുണ്ട്. രാജ്യത്തെമ്പാടും കോൺഗ്രസ് പാർട്ടിയിൽ തരൂർ തരംഗം ഉയർന്ന ഘട്ടത്തിൽ പോലും ശശി തരൂരിനെ പ്രചാരണ രംഗത്തിറക്കാൻ രമേശും സംഘവും തയ്യാറായില്ല. തരൂർ കോൺഗ്രസ് ദേശീയ പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ മത്സരിച്ചതിലെ എതിർപ്പ് പ്രകടിപ്പിച്ചാണ് തരൂരിനെ രംഗത്തിറക്കാതിരുന്നതെന്നാണ് അനൗദ്യോഗിക വിശദീകരണം വരുന്നത്.
ഇത്തരത്തിൽ കോൺഗ്രസ് പാർട്ടിയ്ക്കുള്ളിലുണ്ടായ ആഭ്യന്തര കലഹങ്ങളാണ് തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ആദ്യ ഘട്ടം മുതൽ ഗുജറാത്തിൽ കോൺഗ്രസിനെ ബാധിച്ചു തുടങ്ങിയിരുന്നു. എന്നാൽ, പുറമേയ്ക്ക് ആത്മവിശ്വാസം പ്രകടിപ്പിച്ച കോൺഗ്രസിന്റെ സ്ഥിതി പുകഞ്ഞുകൊണ്ടിരിക്കുകയായിരുന്നുവെന്ന് വ്യക്തമായത് തിരഞ്ഞെടുപ്പ് ഫലം പുറത്ത് വന്നതോടെയാണ്. കോൺഗ്രസ് പാർട്ടിയ്ക്കുള്ളിലെ ആഭ്യന്തര വിഷയങ്ങളെല്ലാം തിരഞ്ഞെടുപ്പിൽ നിർണ്ണായകമായി.
ഇത് കൂടാതെയാണ് ഗുജറാത്തിലെ ആം ആദ്മിയുടെ വൻ പ്രചാരണ സാന്നിധ്യം കോൺഗ്രസിനെ തിരിച്ചടിച്ചത്. ഏക നേതാവിന്റെ ഒറ്റ മുഖവുമായി രംഗപ്രവേശം ചെയ്ത ആം ആദ്മി പാർട്ടി തിരഞ്ഞെടുപ്പിൽ കോൺഗ്രസിനെ അക്ഷരാർത്ഥത്തിൽ തൂത്തുവാരുകയായിരുന്നു. ബിജെപിയ്ക്കു ബദലാകുമെന്നു പ്രഖ്യാപിച്ചെത്തിയ ആപ്പ് കടപുഴക്കിയത് കോൺഗ്രസ് പാർട്ടിയെയാണ്. ഏഴു സീറ്റും, 15 ശതമാനത്തോളം വോട്ട് വിഹിതവും സ്വന്തമാക്കിയ ആപ്പ് തൂത്തുവാരിയപ്പോൾ കോൺഗ്രസ് ഇല്ലാതായി മാറി. കാൽചുവട്ടിലെ മണ്ണ് ഒലിച്ചു പോകുന്നത് തിരിച്ചറിഞ്ഞ് ശൈലിമാറ്റിയില്ലെങ്കിൽ കോൺഗ്രസിന് സംഭവിക്കുക ഇനി സമ്പൂർണ നാശമാകും.