ജമ്മു : ഈ വർഷത്തെ അമർനാഥ് യാത്രയ്ക്ക് ഔദ്യോഗികമായി തുടക്കമായി. ജമ്മു കശ്മീർ ലെഫ്റ്റനന്റ് ഗവർണർ മനോജ് സിൻഹ ജമ്മുവിൽ നിന്നുള്ള 5,880-ലധികം തീർത്ഥാടകരുടെ ആദ്യ ബാച്ചിനെ ഫ്ലാഗ് ഓഫ് ചെയ്തു. ശക്തമായ മൾട്ടി-ടയർ സുരക്ഷാ ക്രമീകരണത്തിലാണ് യാത്ര സംഘടിപ്പിക്കുന്നത്. തീർത്ഥാടനത്തിന് പുറപ്പെടുന്നതിന് മുമ്പ് അറിയേണ്ട കാര്യങ്ങളെ കുറിച്ചാണ് ഇനി പറയാൻ പോകുന്നത്.
38 ദിവസം നീണ്ടുനിൽക്കുന്ന തീർത്ഥാടനം ജൂലൈ 3ന് ആരംഭിക്കും, തീർത്ഥാടകരെ 3,880 മീറ്റർ ഉയരമുള്ള അമർനാഥ് ഗുഹാക്ഷേത്രത്തിലേക്ക് രണ്ട് വഴികളിലൂടെയാണ് കടത്തിവിടുക. അനന്ത്നാഗ് ജില്ലയിലെ നുൻവാൻ-പഹൽഗാം റൂട്ടും ഗാൻഡർബാൽ ജില്ലയിലെ ബാൽട്ടാൽ റൂട്ടുമാണ് അമർനാഥിലേയ്ക്കുള്ള വഴികൾ. ഇതിൽ നുൻവാൻ-പഹൽഗാം റൂട്ട് 48 കിലോമീറ്റർ ദൈർഘ്യമേറിയ പാതയാണ്. താരതമ്യേന എളുപ്പമുള്ള റൂട്ടാണിത്. എന്നാൽ, ബാൽട്ടാൽ റൂട്ടിന് 14 കിലോമീറ്റർ നീളം മാത്രമേ ഉള്ളൂവെങ്കിലും കഠിനമേറിയ പാതയാണിത്. സമയക്കുറവുള്ളവർ ഈ റൂട്ടാണ് സാധാരണയായി തിരഞ്ഞെടുക്കാറുള്ളത്.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
2025ലെ അമർനാഥ് യാത്രയ്ക്കായി ഇതുവരെ 3.31 ലക്ഷത്തിലധികം ഭക്തർ രജിസ്റ്റർ ചെയ്തിട്ടുണ്ട്. സുരക്ഷാക്രമീകരണങ്ങളുടെയും തിരക്ക് നിയന്ത്രിക്കുന്നതിന്റെയും ഭാഗമായി പ്രതിദിനം 15,000 തീർത്ഥാടകരെ മാത്രമേ കയറ്റിവിടൂ. ആരോഗ്യ സർട്ടിഫിക്കറ്റ് സമർപ്പിച്ച ശേഷം രജിസ്ട്രേഷൻ പൂർത്തിയാക്കിയാൽ മാത്രമേ യാത്രയ്ക്ക് അനുവാദം ലഭിക്കുകയുള്ളൂ. ഒരാൾക്ക് 220 രൂപയാണ് രജിസ്ട്രേഷൻ ഫീസ്. ജമ്മു കശ്മീർ സർക്കാർ ജൂലൈ 1 മുതൽ ഓഗസ്റ്റ് 10 വരെ യാത്രയുടെ എല്ലാ റൂട്ടുകളും ‘നോ ഫ്ലൈയിംഗ് സോൺ’ ആയി പ്രഖ്യാപിച്ചതിനാൽ ഈ വർഷം യാത്രക്കാർക്ക് ഹെലികോപ്റ്റർ സേവനങ്ങൾ ലഭ്യമാകില്ല. രാജ്ഭവനിലെ ഇന്റഗ്രേറ്റഡ് കമാൻഡ് ആൻഡ് കൺട്രോൾ സെന്ററും പൊലീസ് കൺട്രോൾ റൂമും 24 മണിക്കൂറും നിരീക്ഷണം നടത്തും.
കഴിഞ്ഞ വർഷം ആദ്യ 20 ദിവസങ്ങളിൽ മാത്രം 200 ടൺ മാലിന്യമാണ് ശേഖരിച്ചത്. അതിനാൽ ഇത്തവണ അമർനാഥിലേയ്ക്ക് പോകുന്നവർ പരിസ്ഥിതി മലിനമാക്കരുതെന്ന് എസ്‌എഎസ്‌ബി അഭ്യർത്ഥിച്ചു. സംസ്ഥാനത്ത് പ്ലാസ്റ്റിക്കിന്റെ ഉപയോഗം നിരോധിക്കുകയും ചെയ്തിരുന്നു. മദ്യം, കഫീൻ അടങ്ങിയ പാനീയങ്ങൾ, പുകവലി എന്നിവ ഒഴിവാക്കണം. ഭക്ഷണം കഴിക്കാതെ ആരും യാത്ര ആരംഭിക്കരുത്. ലങ്കാറുകളിൽ സൗജന്യ ഭക്ഷണം ലഭ്യമാണ്. തീർത്ഥാടകർ ധാരാളം കാർബോഹൈഡ്രേറ്റ് അടങ്ങിയ ഭക്ഷണങ്ങൾ കഴിക്കണമെന്നും നിർദ്ദേശമുണ്ട്. സ്ത്രീകൾ ട്രെക്കിംഗിന് പോകുമ്പോൾ സാരി ധരിക്കുന്നത് ഒഴിവാക്കണം. പകരം, സൽവാർ, പാന്റ്, ഷർട്ട്, ട്രാക്ക് സ്യൂട്ടുകൾ മുതലായവ ധരിക്കണം. കുത്തനെയുള്ള കയറ്റങ്ങളും ഇറക്കങ്ങളും ഉള്ളതിനാൽ എല്ലാ തീർത്ഥാടകരും ട്രെക്കിംഗ് ഷൂസ് ധരിക്കണമെന്നും നിർദ്ദേശങ്ങളിൽ പറയുന്നു.
ഓരോ തീർത്ഥാടകന്റെയും ലൊക്കേഷൻ നിരീക്ഷിക്കുന്നതിനായി ഒരു ആർഎഫ്ഐഡി അധിഷ്ഠിത ട്രാക്കിംഗ് സംവിധാനം വിന്യസിച്ചിട്ടുണ്ട്. സുരക്ഷയ്ക്കും അടിയന്തര പ്രതികരണത്തിനുമായി തത്സമയ ട്രാക്കിംഗ് ഇതുവഴി ഉറപ്പാക്കാൻ സാധിക്കും. ചന്ദൻവാരി പഹൽഗാം ബേസ് ക്യാമ്പിലും ബാൽതാൽ ബേസ് ക്യാമ്പിലും ഒഎൻജിസി 100 കിടക്കകളുള്ള ആശുപത്രികൾ നിർമ്മിച്ചിട്ടുണ്ട്. രണ്ട് ട്രാക്കുകളിലും മൊബൈൽ മെഡിക്കൽ ടീമുകൾ, ഓക്സിജൻ ബൂത്തുകൾ എന്നിവ സജ്ജീകരിച്ചിട്ടുണ്ട്.
വിമാന മാര്‍ഗം: ശ്രീനഗർ അന്താരാഷ്ട്ര വിമാനത്താവളമാണ് ഏറ്റവും അടുത്തുള്ള വിമാനത്താവളം. അവിടെ നിന്ന് റോഡ് മാർഗം പഹൽഗാമിലേക്ക് (90 കിലോമീറ്റർ) അല്ലെങ്കിൽ ബാൽടാൽ/സോണാമാർഗിലേക്ക് (100 കിലോമീറ്റർ) യാത്ര ചെയ്യാം.
ട്രെയിൻ മാര്‍ഗം: ഏറ്റവും അടുത്തുള്ള റെയിൽവേ സ്റ്റേഷൻ ജമ്മു താവി ആണ്. ജമ്മുവിൽ നിന്ന് ശ്രീനഗറിലേക്കോ നേരിട്ട് പഹൽഗാം/ബാൽത്താലിലേക്കോ ബസുകളിലോ ടാക്സികളിലോ എത്തിച്ചേരാം.
റോഡ് മാർഗം: ജമ്മു, ശ്രീനഗർ, പഹൽഗാം, ബാൽതാൽ എന്നിവിടങ്ങളിലേക്ക് ബസുകളും ടാക്സികളും ലഭ്യമാണ്.