ഡല്‍ഹി: ഇന്ത്യ തിരയുന്ന ലഷ്കറെ ഭീകരൻ ഖാജ ഷാഹിദിനെ (മിയാൻ മുജാഹിദ്) കഴുത്തറുത്തു കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തി. പാക്ക് അധിനിവേശ കശ്മീരിലാണ് ലഷ്കറെ തയിബ കമാൻഡര്‍ ആയ ഇയാളുടെ മൃതദേഹം കണ്ടെത്തിയത്. ഇന്ത്യൻ സൈന്യം ഇയാള്‍ക്കു വേണ്ടി തിരച്ചില്‍ നടത്തിക്കൊണ്ടിരിക്കുന്നതിനിടയിലാണ് മൃതദേഹം കണ്ടെത്തിയത്. ജമ്മുവിലെ സുൻജ്വാൻ കരസേനാ ക്യാംപില്‍ 2018 ഫെബ്രുവരി 10ന് നടന്ന ഭീകരാക്രമണത്തിന്റെ മുഖ്യ സൂത്രധാരനായിരുന്നു ഖാജ ഷാഹിദ്. അധിനിവേശ കശ്മീരിലെ നീലം താഴ്വര സ്വദേശിയായ ഷാഹിദിനെ ഏതാനും ദിവസം മുൻപ് തോക്കുധാരികളായ അജ്ഞാതര്‍ തട്ടിക്കൊണ്ടുപോയിരുന്നതായാണ് റിപ്പോര്‍ട്ട്. പാക്ക് രഹസ്യാന്വേഷണ ഏജൻസിയായ ഐഎസ്ഐ ഇയാളെ കണ്ടെത്താൻ തിരച്ചില്‍ നടത്തിവരികയായിരുന്നു. സംഭവത്തില്‍ ആരും അവകാശവാദം ഉന്നയിച്ചിട്ടില്ല. ഇന്ത്യ തിരയുകയായിരുന്ന 18 ഭീകരരാണ് കഴിഞ്ഞ 20 മാസത്തിനുള്ളില്‍ വിവിധ രാജ്യങ്ങളിലായി കൊല്ലപ്പെട്ടത്.