കൊച്ചി: ലൈഫ് മിഷന്‍ ഭവനപദ്ധതിയിലെ തട്ടിപ്പുകള്‍ക്കെതിരെ പരാതികളുമായെത്തിയ രണ്ടുപേര്‍ക്ക് 10,000 രൂപ വീതം നല്‍കാന്‍ തദ്ദേശ സ്ഥാപനങ്ങളുടെ ഓംബുഡ്സ്മാന്‍ ജസ്റ്റിസ് പി.എസ്. ഗോപിനാഥന്‍ രണ്ട് തദ്ദേശ സ്ഥാപനങ്ങള്‍ക്ക് ഉത്തരവു നല്‍കി.
റാന്നി പെരുനാട് പഞ്ചായത്തിലെയും നെയ്യാറ്റിന്‍കര മുനിസിപ്പാലിറ്റിയിലെയും ഗുണഭോക്താക്കളെ തിരഞ്ഞെടുത്തതിലെ ക്രമക്കേടുകളിലാണ് നടപടി. ഉത്തരവാദികളായ രണ്ട് ജനപ്രതിനിധികളെ അയോഗ്യരാക്കാനുള്ള നടപടികള്‍ക്ക് തുടക്കം കുറിക്കാന്‍ സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മിഷനും നിര്‍ദ്ദേശമുണ്ട്. രണ്ട് ജനപ്രതിനിധികള്‍ക്കും മുന്‍ പഞ്ചായത്ത് സെക്രട്ടറിക്കുമെതിരെ ക്രിമിനല്‍ കേസുകള്‍ രജിസ്റ്റര്‍ ചെയ്യാന്‍ പൊലീസിനോടും നിര്‍ദ്ദേശിച്ചു.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
ലൈഫ് പദ്ധതിയില്‍ അനര്‍ഹരെ ഉള്‍പ്പെടുത്തിയത് വെളിച്ചത്തുകൊണ്ടുവന്ന നെയ്യാറ്റിന്‍കര മുനിസിപ്പാലിറ്റിയിലെ ജെ.എന്‍.സെലിനും റാന്നി പെരുനാട് പഞ്ചായത്തില്‍ ഇഷ്ടക്കാരെ ഉള്‍പ്പെടുത്തിയതിനെതിരെ പരാതിയുമായെത്തിയ ജി.ജി. സാമുവല്‍ കുട്ടിക്കുമാണ് 10000 രൂപ വീതം നല്‍കാന്‍ ഉത്തരവുണ്ടായത്.
അനര്‍ഹരായ ഗുണഭോക്താക്കള്‍ക്ക് അനുവദിച്ച തുക പലിശസഹിതം തിരിച്ചുപിടിക്കാനും രണ്ട് തദ്ദേശ സ്ഥാപനങ്ങള്‍ക്കും നിര്‍ദ്ദേശം നല്‍കി. പരാതികളെ തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ ലൈഫ് പദ്ധതി ഗുണഭോക്താക്കളായ 14ല്‍ 10 പേരും അനര്‍ഹരാണെന്ന് കണ്ടെത്തിയിരുന്നു.