പനച്ചിക്കാട് : പനച്ചിക്കാട് പഞ്ചായത്തിലെ തെരുവുകളിൽ വൈദ്യുതി വിളക്കുകൾ തെളിക്കുവാൻ ഇനി മുതൽ വൈദ്യുതി വാഹനത്തിൽ പഞ്ചായത്തിന്റെ സ്വന്തം തൊഴിലാളികളെത്തും. നാലര ലക്ഷം രൂപ ചിലവഴിച്ച് ഇതിനായി വായു മലിനീകരണം ഇല്ലാത്ത ഇലക്ട്രിക്ക് മുച്ചക്ര വാഹനം തന്നെ സ്വന്തമായി പഞ്ചായത്ത് വാങ്ങി. അഞ്ച് ലക്ഷം രൂപയുടെ സാധന സാമഗ്രികൾ വാങ്ങുകയും ഇലക്ട്രിക്കൽ ലൈസൻസും ഡ്രൈവിംഗ് ലൈസൻസും ഉള്ള രണ്ടു പേരെ ദിവസ വേതനാടിസ്ഥാനത്തിൽ നിയമിക്കുകയും ചെയ്തു. പഞ്ചായത്തിൽ നാളെ മുതൽ ( മെയ് 3 ) പുന്നയ്ക്കൽ ഒന്നാം വാർഡിൽ ആരംഭിക്കുന്ന ഈ പദ്ധതി പ്രകാരം ഒരു ദിവസം ഒരു വാർഡ് എന്ന ക്രമത്തിൽ വാഹനവും തൊഴിലാളികളുമെത്തി കത്താത്ത ലൈറ്റുകൾ മാറ്റിയിടുകയും പുതിയത് സ്ഥാപിക്കുകയും ചെയ്യും.
തെരുവു വിളക്കുകളുടെ എ എം സി (ആനുവൽ മെയിന്റ്റനൻസ് കോൺട്രാക്ട്) ഏറ്റെടുത്തിരിക്കുന്നവരുമായി പഞ്ചായത്ത് ഏർപ്പെട്ടിരിക്കുന്ന നിലവിലെ കരാർ തീരുന്ന മുറയ്ക്ക് മുഴുവൻ വഴി വിളക്കുകളുടെയും പരിപാലനം ഈ യൂണിറ്റ് ഏറ്റെടുക്കും. മൂന്നു മാസം കഴിഞ്ഞാൽ, 23 വാർഡുകളിൽ എവിടെയൊക്കെ വഴിവിളക്കു സംബന്ധിച്ച പരാതി വന്നാലും രണ്ടു ദിവസങ്ങൾക്കുള്ളിൽ പരിഹരിക്കാനാവുമെന്നും പുതിയ പദ്ധതി നടപ്പിലാക്കുമ്പോൾ വഴി വിളക്കുകൾക്ക് മെയിന്റൻ സിനു മാത്രമായി ചില വഴിച്ച തുകയിൽ പത്ത് ലക്ഷം രൂപയോളം പഞ്ചായത്തിന് ഒരു വർഷം ലാഭിക്കാനാവുമെന്നും പഞ്ചായത്ത് വൈസ് പ്രസിഡന്റ് റോയി മാത്യു പറഞ്ഞു.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
വൈദ്യുതി വിളക്കുകളുടെ പരിപാലനത്തിന് വൈദ്യുതി കൊണ്ട് ചാർജ് ചെയ്യുന്ന വാഹനം വാങ്ങി പദ്ധതി നടപ്പിലാക്കുന്ന ജില്ലയിലെ ആദ്യത്തെ പഞ്ചായത്താണ് പനച്ചിക്കാട് എന്ന പ്രത്യേകതയുമുണ്ട്. പഞ്ചായത്തിന്റെ തെരുവു വിളക്കു പരിപാലന യൂണിറ്റിന്റെ ഉദ്ഘാടനം തിരുവഞ്ചൂർ രാധാകൃഷ്ണൻ എം എൽ എ നിർവ്വഹിച്ചു. പഞ്ചായത്ത് പ്രസിഡന്റ് ആനി മാമ്മൻ അദ്ധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്തംഗം പി കെ വൈശാഖ്, ബ്ലോക്ക് പഞ്ചായത്തംഗം സിബി ജോൺ , പഞ്ചായത്ത് വൈസ് പ്രസിഡന്റ് റോയി മാത്യു , എബിസൺ കെ ഏബ്രഹാം, ജീനാ ജേക്കബ്, ജയൻ കല്ലുങ്കൽ, ഡോ:ലിജി വിജയകുമാർ , എൻ കെ കേശവൻ, പഞ്ചായത്ത് സെക്രട്ടറി എൻ അരുൺകുമാർ എന്നിവർ പ്രസംഗിച്ചു.