പാലക്കാട് : അട്ടപ്പാടി ചീരക്കടവിൽ വൈദ്യുതി ലൈൻ സ്ഥാപിക്കുന്നതിനിടയിൽ കെഎസ്ഇബി താത്കാലിക ജീവനക്കാരൻ ശെൽവൻ മരിച്ച അപകടത്തിന് കാരണം ഉദ്യോഗസ്ഥ അനാസ്ഥയെന്ന് ആവർത്തിച്ച് കുടുംബവും. ഹൈ ടെൻഷൻ ലൈൻ ഓഫ് ചെയ്യാത്തതാണ് ശെൽവൻ മരിക്കാനിടയാക്കിയതെന്ന് അപകട സമയത്ത് ഒപ്പമുണ്ടായിരുന്ന മകൻ വേലുസ്വാമിയും സഹപ്രവർത്തകരും പറഞ്ഞു.
സംഭവത്തിൽ പിഴവുണ്ടായോ എന്ന് പരിശോധിക്കുമെന്ന് മന്ത്രി കൃഷ്ണൻ കുട്ടി പ്രതികരിച്ചു. വീഴ്ച പറ്റിയെങ്കിൽ നടപടിയുണ്ടാകും. കുടുംബത്തിന് തക്കതായ നഷ്ടപരിപാരം നൽകുമെന്നും മന്ത്രി വിശദീകരിച്ചു. അട്ടപ്പാടിയിൽ വൈദ്യുതി ലൈനിന്റെ അറ്റകുറ്റപ്പണിക്കിടെ ഷോക്കേറ്റാണ് ഇന്നലെ കെഎസ്ഇബിയിലെ കരാർ തൊഴിലാളി മരിച്ചത്. ജോലിക്കിടെ വൈദ്യുതി തൂണിൽ നിന്നുള്ള കമ്പി സമീപത്തെ ഹൈ ടെൻഷൻ ലൈനിൽ തട്ടിയാണ് ഷോക്കേറ്റത്. കോട്ടത്തറ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
മരണത്തിൽ ഉദ്യോഗസ്ഥ അനാസ്ഥയെന്ന ആരോപണവുമായി ഒപ്പമുണ്ടായിരുന്ന തൊഴിലാളികളാണ് ആദ്യം തന്നെ രംഗത്തെത്തിയത്. ഹൈടെൻഷൻ ലൈനിൽ വൈദ്യുതി കടത്തിവിട്ടത് അറിയിച്ചില്ലെന്നും ഉദ്യോഗസ്ഥരുടെ ഭാഗത്ത് അനാസ്ഥ ഉണ്ടായെന്നുമാണ് കരാർ തൊഴിലാളികൾ പ്രതികരിച്ചത്. പോസ്റ്റ് ഉയർത്താൻ നിന്ന മറ്റ് 5 പേർക്ക് നിസാരമായി പരിക്കേറ്റെന്നും രാജു പറഞ്ഞു.
എന്നാൽ അതേ സമയം വൈദ്യുതി ചാർജ് ചെയ്ത വിവരം തൊഴിലാളികളോട് പറഞ്ഞിരുന്നുവെന്നാണ് കെ.എസ്.ഇബി അധികൃതർ വിശദീകരിക്കുന്നത്. ഓവർസിയറുടെ മുഴുവൻ സമയ നിരീക്ഷണത്തിലായിരുന്നു പ്രവൃത്തികൾ. ശെൽവൻ തെറിച്ചു വീണ് തലയ്ക്ക് പരിക്കേറ്റാണ് മരിച്ചത് എന്നും കെഎസ്ഇബി കോട്ടത്തറ അസി.എഞ്ചിനിയർ തോമസ് പറഞ്ഞു.