ലാഹോർ: പാകിസ്താനില്‍ ഫാംഹൗസില്‍നിന്ന് പുറത്തുചാടിയ സിംഹം സ്ത്രീയെയും കുട്ടികളെയും ആക്രമിക്കുന്ന ദൃശ്യം പുറത്ത്.ലാഹോർ നഗരത്തില്‍ ബുധനാഴ്ച രാത്രിയാണ് സംഭവം. സ്ത്രീക്കും അവരുടെ അഞ്ചും ഏഴും വയസ്സുള്ള മക്കള്‍ക്കും പരിക്കേറ്റു. മുഖത്തും കൈകളിലുമാണ് പരിക്ക്. ഇവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. വളർത്തുസിംഹത്തിന്റെ ഉടമ ഉള്‍പ്പെടെ മൂന്നുപേരെ പോലീസ് അറസ്റ്റുചെയ്തു. സിംഹം തന്റെ കുടുംബത്തെ ആക്രമിക്കുന്നത് ഉടമകള്‍ നോക്കിനില്‍ക്കുകയായിരുന്നെന്ന് കുട്ടികളുടെ പിതാവ് പോലീസിനോട് പറഞ്ഞു. ഇദ്ദേഹത്തിന്റെ പരാതിയിലാണ് ഉടമയുടെ അറസ്റ്റ്.
ഒരു കോണ്‍ക്രീറ്റ് മതില് ചാടിക്കടന്നെത്തിയ സിംഹം, വഴിയെ നടന്നുപോവുകയായിരുന്ന സ്ത്രീയെ പിന്നില്‍നിന്ന് ആക്രമിക്കുന്നതാണ് ദൃശ്യങ്ങളിലുള്ളത്. സിംഹത്തിന്റെ പിന്നാലെതന്നെയെത്തിയ ഒരാള്‍ സ്ത്രീയുടെ അടുത്തുനിന്ന് സിംഹത്തെ അടിച്ചോടിക്കുന്നതും ദൃശ്യങ്ങളിലുണ്ട്. പിന്നീട് അത് സ്ത്രീയുടെ രണ്ട് കുട്ടികളെയും ആക്രമിച്ചു. ആക്രമണത്തിന്റെ ദൃശ്യങ്ങള്‍ ഓണ്‍ലൈനില്‍ പ്രചരിച്ചു. സിംഹത്തെപ്പേടിച്ച് പലരും ഒഴിഞ്ഞുമാറുന്നതും വാഹനങ്ങള്‍ വേഗത്തില്‍ നീങ്ങുന്നതും ദൃശ്യങ്ങളിലുണ്ട്. സിംഹം ഇരകള്‍ക്ക് മേലെ ചാടിവീഴുകയും നഖംകൊണ്ട് ആക്രമിക്കുകയും ചെയ്യുന്നത് ദൃശ്യങ്ങളില്‍ കാണാം. ആക്രമണത്തിനുശേഷം സിംഹം ഫാംഹൗസിലേക്കുതന്നെ തിരികെപ്പോയി.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
ഉടമകള്‍ ആക്രമണത്തിനിരയായവരെ സഹായിക്കാൻ തയ്യാറാവാതെ സംഭവം നോക്കിനില്ക്കുകയായിരുന്നെന്നാണ് കുട്ടികളുടെ പിതാവ് പോലീസില്‍ പരാതിപ്പെട്ടിരിക്കുന്നത്. കൂടുതല്‍ ഉപദ്രവം ഒഴിവാക്കാൻ അധികൃതർ സിംഹത്തെ വന്യജീവി പാർക്കിലേക്ക് മറ്റി. അശ്രദ്ധ കാണിച്ചതിന് പോലീസ് സിംഹത്തിന്റെ ഉടമകളെ അറസ്റ്റുചെയ്തു.
ഫാംഹൗസിലെ തുറന്ന കൂട്ടില്‍നിന്നാണ് സംഹം പുറത്തുകടന്നത്. സിംഹങ്ങള്‍ പോലുള്ള വന്യമൃഗങ്ങളെ സ്വന്തമാക്കുക എന്നത് പാകിസ്താനില്‍ ആഢ്യത്വത്തിന്റെ അടയാളമായിട്ടാണ് ഗണിക്കപ്പെടുന്നത്. പരിപാലിക്കാനും തീറ്റിപ്പോറ്റാനും ഉയർന്ന ചെലവായിട്ടും ചിലർ ഇത് ഒരു ഹോബിയായി കാണുന്നു. എന്നാല്‍, ഉടമയ്ക്ക് സിംഹത്തെ വളർത്താൻ ലൈസൻസ് ഇല്ലെന്നാണ് റിപ്പോർട്ടുകള്‍.