തിരുവനന്തപുരം: കാര്‍ഷിക മേഖലയ്ക്ക് ഊന്നല്‍ നല്‍കി ധനമന്ത്രി കെ എന്‍ ബാലഗോപാലിന്റെ ബജറ്റ് പ്രഖ്യാപനം. ഞങ്ങള്‍ കൃഷിയിലേക്ക് എന്ന പുതിയ പദ്ധതി ആവിഷ്‌കരിക്കുമെന്ന് അദ്ദേഹം പറഞ്ഞു. വിദ്യാര്‍ത്ഥികളെയും മുതിര്‍ന്നവരെയും പദ്ധതിയില്‍ പങ്കാളികളാക്കും. പഴവര്‍ഗങ്ങളില്‍ നിന്നും മരച്ചീനി ഉള്‍പ്പെടെയുള്ള കിഴങ്ങുകളില്‍ നിന്നും വീര്യം കുറഞ്ഞ മദ്യം ഉത്പാദിപ്പിക്കാന്‍ ഗവേഷണ കേന്ദ്രത്തിന് രണ്ട് കോടിയും അനുവദിച്ചു. കശുവണ്ടി വികസന കോര്‍പറേഷന് ആറ് കോടി രൂപ നല്‍കും. ചക്കയില്‍ നിന്നുള്ള മൂല്യവര്‍ധിത ഉത്പന്നങ്ങള്‍തക്ക് പിന്തുണ നല്‍കുമെന്നും ധനമന്ത്രി പറഞ്ഞു.
കൃഷി വകുപ്പിന് 48 കോടി രൂപ അധികം നല്‍കും. നാളികേര വികസനത്തിന് 73. 9 കോടി രൂപ അനുവദിക്കും. നെല്ലിന്റെ താങ്ങുവില 28. 20 രൂപയാക്കി. നെല്‍കൃഷിക്ക് 76 കോടി രൂപ അനുവദിക്കുമെന്നും അദ്ദേഹം പ്രഖ്യാപിച്ചു. റബ്ബര്‍ സബ്‌സിഡിക്ക് 500 കോടി അനുവദിച്ചു. തോട്ട ഭൂമിയില്‍ പുതിയ വിളകള്‍ അനുവദിക്കും. ഭക്ഷ്യ സുരക്ഷ ഉറപ്പാക്കുന്നതിനും വിലക്കയറ്റ ഭീഷണിയെ അതിജീവിക്കുന്നതിനും വേണ്ടിയാണ് 2000 കോടി അനുവദിക്കുന്നതെന്ന് ധനമന്ത്രി വ്യക്തമാക്കി. കാര്‍ഷിക സംബ്സിഡി വിതരണം ചെയ്യുന്ന രീതിയില്‍ മാറ്റം ഉണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു.