കൊച്ചി : ഒരു മാസം മാത്രം പ്രായമുള്ള കുട്ടി മരിച്ച സംഭവത്തില്‍ ‘ലിവിംഗ് ടുഗദര്‍” പങ്കാളികളെ പൊലീസ് കസ്റ്റഡിയിലെടുത്തു. കണ്ണൂര്‍ സ്വദേശിയായ യുവാവും ആലപ്പുഴ സ്വദേശിയായ യുവതിയുമാണ് എളമക്കര പൊലീസിന്റെ കസ്റ്റഡിയിലുള്ളത്. ഇവരെ സെൻട്രല്‍ അസി. പൊലീസ് കമ്മിഷണര്‍ ജയകുമാറിന്റെ നേതൃത്വത്തില്‍ ചോദ്യം ചെയ്തു. എറണാകുളം കറുകപ്പള്ളിയില്‍ വാടകയ്ക്ക് താമസിക്കുന്ന ഇവര്‍ ഞായറാഴ്ച രാവിലെ എട്ടരയോടെ അബോധാവസ്ഥയിലായ ആണ്‍കുഞ്ഞുമായി എറണാകുളം ജനറല്‍ ആശുപത്രിയില്‍ എത്തുകയായിരുന്നു. അനക്കമില്ലാതെ കണ്ടപ്പോള്‍ ആശുപത്രിയില്‍ എത്തിച്ചതാണെന്നും തൊണ്ടയില്‍ മുലപ്പാല്‍ കുടുങ്ങിയതാകാമെന്നുമാണ് പറഞ്ഞത്. കുഞ്ഞിനെ ന്യൂ ബോണ്‍ ഐ.സി.യുവിയില്‍ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. തലയ്ക്കേറ്റ പരിക്കാണ് മരണകാരണമെന്ന് പ്രാഥമിക പരിശോധനയില്‍ തിരിച്ചറിഞ്ഞതോടെയാണ് പങ്കാളികളെ കസ്റ്റഡിയിലെടുത്തത്. ഇരുവരും പ്രണയത്തിലായിരുന്നെന്നും ഒന്നര വര്‍ഷമായി കൊച്ചിയില്‍ ഒന്നിച്ചു താമസിക്കുകയായിരുന്നു എന്നുമാണ് സൂചന. കുഞ്ഞിന്റെ മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിനായി എറണാകുളം ഗവ. മെഡിക്കല്‍ കോളേജില്‍ സൂക്ഷിച്ചിരിക്കുകയാണ്. ശരീരത്തില്‍ അസ്വാഭാവികമായ പാടുകള്‍ കണ്ടതിനാല്‍ ശിശുരോഗ വിദഗ്ദ്ധരുടെ സാന്നിദ്ധ്യത്തിലാകും പോസ്റ്റുമോര്‍ട്ടം.