ഏത് കാലാവസ്ഥയിലും വിജയിക്കാവുന്ന 38 മണ്ഡലങ്ങള്‍ സി.പി.എമ്മിന്, കോണ്‍ഗ്രസ്സിന് 9, ലീഗിന് 4, കണക്കുകള്‍ ഇങ്ങനെ

ലോകസഭ തിരഞ്ഞെടുപ്പിലെ കനത്ത തോല്‍വിയെ തുടർന്ന് തെറ്റുതിരുത്തല്‍ നടപടി സ്വീകരിക്കാനുള്ള നീക്കവുമായാണ് സി.പി.എം ഇപ്പോള്‍ മുന്നോട്ട് പോകുന്നത്.കേന്ദ്ര കമ്മറ്റി യോഗത്തിനു ശേഷം താഴെതട്ടില്‍ ഇപ്പോള്‍ നടക്കുന്ന റിപ്പോർട്ടിങ്ങുകളും അതിൻ്റെ ഭാഗമാണ്.

Advertisements

തെറ്റുതിരുത്തല്‍ നടപടി എന്നത് കേവലം റിപ്പോർട്ടിങ്ങില്‍ മാത്രമാകാതെ നടപടിയിലേക്ക് പോയില്ലെങ്കില്‍ വലിയ തിരിച്ചടിയാണ് സി.പി.എമ്മിനും അതുവഴി ഇടതുപക്ഷത്തിനും ലഭിക്കാൻ പോകുന്നത്.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

തെറ്റുതിരുത്തല്‍ നടപടിയ്ക്ക് കാലതാമസം ഉണ്ടായാല്‍ അത് ഉടൻ നടക്കാൻ പോകുന്ന ഉപതിരഞ്ഞെടുപ്പുകളെയും തദ്ദേശ തിരഞ്ഞെടുപ്പുകളെയും സാരമായി ബാധിക്കും. ഉപതിരഞ്ഞെടുപ്പില്‍ പാലക്കാട് വിജയിച്ചില്ലെങ്കിലും സിറ്റിംഗ് സീറ്റായ ചേലക്കര നിലനിർത്തേണ്ടത് സി.പി.എമ്മിന് അനിവാര്യമാണ്. ചേലക്കര കൈവിട്ടാല്‍ അത് തുടർന്ന് നടക്കുന്ന സകല തിരഞ്ഞെടുപ്പുകളെയും ബാധിക്കുമെന്നതും ഉറപ്പാണ്.

ഇടതുപക്ഷത്തിൻ്റെ കേരളത്തിലെ നിലനില്‍പ്പ് തന്നെ സി.പി.എമ്മിനെ കേന്ദ്രീകരിച്ചാണ് ഉള്ളത്. സി.പി.എമ്മിന് അല്ലാതെ സംസ്ഥാന വ്യാപകമായി ശക്തമായ ജനകീയ അടിത്തറ ഇടതുപക്ഷത്ത് മറ്റു പാർട്ടികള്‍ക്കില്ല. സി.പി.ഐയുടെ സ്വാധീനം പ്രധാനമായും കൊല്ലം, തൃശൂർ, ഇടുക്കി ജില്ലകളിലാണ്. ജോസ് കെ മാണി വിഭാഗം കേരള കോണ്‍ഗ്രസ്സിന് കോട്ടയം ജില്ലയിലും പത്തനംതിട്ട ജില്ലയിലുമാണ് സ്വാധീനമുള്ളത്. ഈ പാർട്ടികള്‍ക്ക് ഒറ്റയ്ക്ക് നിന്നാല്‍ ഒരു മണ്ഡലത്തിലും വിജയിക്കാൻ പറ്റില്ലെന്നതും ഒരു യാഥാർത്ഥ്യമാണ്.

കേരളത്തിലെ ഏറ്റവും വലിയ രാഷ്ട്രീയപാർട്ടി സി.പി.എം ആണ്. ജനകീയ അടിത്തറയില്‍ ആയാലും സംഘടനാപരമായ കരുത്തില്‍ ആയാലും സി.പി.എമ്മിനോട് കിടപിടിക്കാവുന്ന ശക്തി മറ്റൊരു പാർട്ടിയ്ക്കും ഇല്ലെന്നതാണ് യാഥാർത്ഥ്യം. മുന്നണികള്‍ അല്ലാതെ ഒറ്റയ്ക്കാണ് ഓരോ പാർട്ടികളും നിയമസഭാ തിരഞ്ഞെടുപ്പിനെ നേരിടുന്നതെങ്കില്‍, ബഹുഭൂരിപക്ഷം സീറ്റുകളിലും വിജയിക്കുക സി.പി.എമ്മായിരിക്കും. ഏത് പ്രതികൂല കാലാവസ്ഥയിലും എന്തൊക്കെ തിരിച്ചടികള്‍ ഉണ്ടായാലും, യു.ഡി.എഫ് സഖ്യമായി തന്നെ മത്സരിച്ചാലും ഒറ്റയ്ക്ക് വിജയിക്കാൻ കഴിയുന്ന 38 നിയമസഭാ മണ്ഡലങ്ങള്‍ ഇപ്പോഴും സി.പി.എമ്മിനുണ്ട്. കോണ്‍ഗ്രസ്സിന് ഈ കണക്കുകള്‍ പ്രകാരം ഒറ്റയ്ക്ക് മത്സരിക്കുകയാണെങ്കില്‍ കേവലം 9 നിയമസഭാ മണ്ഡലങ്ങളില്‍ മാത്രമാണ് വിജയ സാധ്യത ഉള്ളത്. കോട്ടയത്ത് 2, എറണാകുളത്ത് 5, കണ്ണൂരില്‍ 2 എന്നിങ്ങനെയാണ് ആ കണക്ക്. മുസ്ലീം ലീഗിന് 4 സീറ്റുകളില്‍ ആരുടെയും സഖ്യമില്ലാതെ വിജയിക്കാൻ കഴിയും.

16 നിയമസഭ മണ്ഡലങ്ങള്‍ ഉള്ള മലപ്പുറം ജില്ലയില്‍ വലിയ വിജയം ലീഗിന് നേടണമെങ്കില്‍ കോണ്‍ഗ്രസ്സിൻ്റെയും മത സംഘടനകളുടെയും സഹായം അനിവാര്യമാണ്. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിലെ കണക്കുകള്‍ വച്ച്‌ പരിശോധിച്ചാല്‍ ഇക്കാര്യവും വ്യക്തമാകും.

ബി.ജെ.പിയ്ക്ക് എസ്.എൻ.ഡി.പി യോഗത്തിൻ്റെയും എൻ.എസ്.എസിൻ്റെയും പിന്തുണയില്ലെങ്കില്‍ ഒറ്റ സീറ്റില്‍ പോലും വിജയിക്കാൻ കഴിയുകയില്ല. ഇവരുടെ പിന്തുണയുണ്ടെങ്കില്‍ ഒന്നോ രണ്ടോ സീറ്റുകളില്‍ ബി.ജെ.പിയ്ക്കും സാധ്യതയുണ്ട്. ലോകസഭ മണ്ഡല പുനർ നിർണ്ണയം യു.ഡി.എഫിന് അനുകൂലമാണെങ്കില്‍ നിയമസഭാ മണ്ഡല പുനർ നിർണ്ണയം ഇടതുപക്ഷത്തിനാണ് അനുകൂലമായിട്ടുള്ളത്. ഈ കണക്കുകളാണ് പ്രതിസന്ധിയിലും സി.പി.എമ്മിൻ്റെ ആത്മവിശ്വാസത്തിൻ്റെ അടിസ്ഥാനം.

ഇടതുപക്ഷത്ത് മുന്നണി ആയിട്ടായാലും, ഒറ്റയ്ക്കായാലും വൻ വിജയം നേടാൻ സി.പി.എമ്മിനെ കരുത്തരാക്കുന്നതില്‍, എസ്.എഫ്.ഐയും ഡി.വൈ.എഫ്.ഐയും സി.ഐ.ടിയുവും വിവിധ കർഷക സംഘടനകള്‍ ഉള്‍പ്പെടെയുള്ള മറ്റു വർഗ്ഗ ബഹുജന സംഘടനകളും വഹിക്കുന്ന പങ്ക് വളരെ വലുതാണ്. ഈ സംഘടനകളുടെ കരുത്തിൻ്റെ അടുത്ത് എത്താനുള്ള ശേഷി പോലും മറ്റ് എല്ലാ പ്രതിപക്ഷ സംഘടനകളും ചേർന്നാല്‍ ഉണ്ടാവുകയില്ലെന്നതും നാം തിരിച്ചറിയേണ്ടതുണ്ട്.

സി.പി.എമ്മിലേക്ക് പ്രധാനമായും കേഡർമാരെ സംഭാവന ചെയ്യുന്നത് യുവജന സംഘടനയായ ഡി.വൈ.എഫ്.ഐയാണ്. ഡി.വൈ.എഫ്.ഐയ്ക്ക് കേഡർമാരെ സംഭാവന ചെയ്യുന്നതാകട്ടെ എസ്.എഫ്.ഐയുമാണ്. ഈ യാഥാർത്ഥ്യം സി.പി.ഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വത്തിന് അറിയാമായിരുന്നിട്ടും, ഇരിക്കുന്ന കൊമ്ബ് മുറിക്കുന്ന ഏർപ്പാടാണ് അദ്ദേഹം ഇപ്പോള്‍ ചെയ്ത് കൊണ്ടിരിക്കുന്നത്.

എസ്.എഫ്.ഐയെ കടന്നാക്രമിക്കുക വഴി ഇടതുപക്ഷത്തെയാണ് ദുർബലമാക്കാൻ ബിനോയ് വിശ്വം ശ്രമിച്ചിരിക്കുന്നത്. സി.പി.ഐയ്ക്കും അതിൻ്റെ വിദ്യാർത്ഥി – യുവജന വിഭാഗത്തിനും കരുത്താർജിക്കാൻ കഴിയാത്തതിൻ്റെ രോഷം എസ്.എഫ്.ഐയോട് തീർത്തിട്ട് ഒരു കാര്യവുമില്ല.

കേരളത്തിലെ ഏറ്റവും വലിയ സംഘടനയായി എസ്.എഫ്.ഐ നില്‍ക്കുന്നതും, ബഹുഭൂരിപക്ഷം കോളജ് യൂണിയനുകള്‍ ഭരിക്കുന്നതും ഒറ്റയ്ക്കാണ്. ഇടതുപക്ഷത്തെ ഒരു സംഘടനയെയും കൂട്ട് പിടിക്കാതെ അനവധി വർഷങ്ങളായി എസ്.എഫ്.ഐ നടത്തുന്ന ഈ മുന്നേറ്റം, സി.പി.ഐയെ അസ്വസ്ഥപ്പെടുത്തുന്നുണ്ടെങ്കില്‍ അത് അസൂയ കൊണ്ട് മാത്രമാണ്.

വിദ്യാർത്ഥി രാഷ്ട്രിയത്തിലെ തെറ്റായ പ്രവണതകള്‍ ഇന്നും ഇന്നലെയും തുടങ്ങിയതല്ല, അത് വിദ്യാർത്ഥി രാഷ്ട്രീയം തുടങ്ങിയ കാലംമുതല്‍ ഉണ്ടായിട്ടുണ്ട്. അത്തരം ഒറ്റപ്പെട്ട പ്രവണതകള്‍ക്കെതിരെ നിലപാട് സ്വീകരിച്ചും, വിമർശനങ്ങള്‍ ഉള്‍കൊണ്ടും മുന്നോട്ട് പോയതു കൊണ്ടാണ്, എസ്.എഫ്.ഐ ഇന്നും ഒന്നാം നമ്ബർ സ്ഥാനത്ത് നില്‍ക്കുന്നതെന്നതും സി.പി.ഐ സംസ്ഥാന സെക്രട്ടറി ഓർത്ത് കൊള്ളണം. ഇവിടെയൊന്നും തന്നെ സി.പി.ഐയുടെ വിദ്യാർത്ഥി സംഘടനയുടെ പൊടി പോലും കാണാത്തത് എന്തു കൊണ്ടാണ് എന്നതാണ് ആദ്യം ബിനോയ് വിശ്വം ചിന്തിക്കേണ്ടത്.

കാലിക്കറ്റ് സർവ്വകലാശാലാ യൂണിയൻ ഭരണം എസ്.എഫ്.ഐയ്ക്ക് നഷ്ടമായത് ചരിത്രത്തിലെ ആദ്യ സംഭവമാണ് എന്ന രൂപത്തിലാണ് മാധ്യമങ്ങളും പ്രതിപക്ഷവും സി.പി.ഐയുടെ വിദ്യാർത്ഥി സംഘടനയും ഉള്‍പ്പെടെ ആഘോഷിച്ചിരിക്കുന്നത്. ഈ പ്രചരണവും തെറ്റാണ്. കാലിക്കറ്റ് സർവ്വകലാശാലാ യൂണിയൻ ഇടതുപക്ഷ സർക്കാർ ഭരണത്തില്‍ ഇരിക്കെ തന്നെ നഷ്ടപ്പെട്ടിട്ടുണ്ട്. പിന്നീട് തിരിച്ചു പിടിച്ചിട്ടുമുണ്ട്. ലീഗ് നേതൃത്വത്തിന് സ്വാധീനമുള്ള അറബിക് കോളജുകളില്‍ നിന്നുള്‍പ്പെടെ വരുന്ന വോട്ടർമാരായ കൗണ്‍സിലർമാരുടെ പിന്തുണയില്‍ കൂടിയാണ് ഇത്തരം വിജയം കെ.എസ്.യു – എം.എസ്.എഫ് സഖ്യത്തിന് സാധ്യമായിരിക്കുന്നത്. ഇവർ എസ്.എഫ്.ഐയെ പോലെ ഒറ്റയ്ക്കാണ് മത്സരിച്ചിരുന്നതെങ്കില്‍ നാണംകെട്ട തോല്‍വി ഏറ്റുവാങ്ങി മടങ്ങേണ്ടി വരുമായിരുന്നു.

ഇത്തരം താല്‍ക്കാലിക വിജയങ്ങളെ മറികടന്ന്, പിന്നീടുള്ള വർഷം തന്നെ അട്ടിമറി വിജയം നേടിയ ചരിത്രം കാലിക്കറ്റ് സർവ്വകലാശാലയില്‍ എസ്.എഫ് ഐയ്ക്ക് ഉണ്ടായിട്ടുള്ളതിനാല്‍ ഇനിയും ആ ചരിത്രം ആവർത്തിക്കാൻ തന്നെയാണ് സാധ്യത.

എസ്.എഫ്.ഐയുടെ സംഘടനാ ശക്തിയ്ക്കും ഒന്നും സംഭവിച്ചിട്ടില്ലെന്ന് അവർ ഇപ്പോള്‍ കണ്ണൂർ സർവ്വകലാശാലാ യൂണിയൻ തിരഞ്ഞെടുപ്പിലും തെളിയിച്ചിട്ടുണ്ട്. കെ.എസ്.യു – എം.എസ്.എഫ് സഖ്യത്തിനെതിരെ ഒറ്റയ്ക്ക് മത്സരിച്ച്‌ വൻ ഭൂരിപക്ഷത്തിനാണ് എസ്.എഫ്.ഐ വിജയിച്ചിരിക്കുന്നത്. ഇനി നടക്കാൻ പോകുന്ന എം.ജി, കേരള സർവ്വകലാശാലാ യൂണിയൻ തിരഞ്ഞെടുപ്പിലും എസ്.എഫ്.ഐയ്ക്ക് തന്നെയാണ് വിജയ സാധ്യത ഉള്ളത്.

എസ്.എഫ്.ഐ ഒറ്റയ്ക്ക് പോരാടി നേടുന്ന ഈ വിജയത്തിന് പ്രത്യേകതകളും പ്രാധാന്യവും ഏറെയാണ്. യഥാർത്ഥത്തില്‍ ഈ പാതയിലാണ് സി.പി.എമ്മും സഞ്ചരിക്കേണ്ടത്. തെറ്റു തിരുത്തല്‍ പ്രക്രിയ നടപ്പാക്കുന്നതോടൊപ്പം തന്നെ സ്വന്തം ശക്തി തിരിച്ചറിഞ്ഞുള്ള നിലപാടുകളും ഉണ്ടാവേണ്ടതുണ്ട്. സി.പി.ഐയ്ക്കും കേരള കോണ്‍ഗ്രസ്സിനും അവരുടെ ശക്തിക്കും മീതെയുള്ള പരിഗണനയാണ് ഇടതുമുന്നണിയിലും മന്ത്രിസഭയിലും സി.പി.എം നല്‍കിയിരിക്കുന്നത്. ഈ പാർട്ടികള്‍ക്ക് ഏതാനും ജില്ലകളില്‍ ഭേദപ്പെട്ട സ്വാധീനം ഉണ്ടെന്നെങ്കിലും പറയാമെങ്കിലും, മുന്നണിയില്‍ ഉള്ള മറ്റു പാർട്ടികളുടെ അവസ്ഥ അതല്ല. എൻ.സി.പി, ജെ.ഡി.എസ്, കോണ്‍ഗ്രസ്സ് എസ്, ഐ.എൻ.എല്‍ , ജനാധിപത്യ കേരള കോണ്‍ഗ്രസ്സ് പാർട്ടികള്‍ക്ക് കേരള രാഷ്ട്രീയത്തില്‍ ഒരു സ്വാധീനവും നിലവിലില്ല. ഒറ്റയ്ക്ക് മത്സരിച്ചാല്‍ ഒരു പഞ്ചായത്തില്‍ പോലും വിജയിക്കാൻ ഉള്ള ശേഷി ഈ പാർട്ടികള്‍ക്കില്ല. കേരള കോണ്‍ഗ്രസ്സ് ബി നേതാവായ കെ.ബി ഗണേഷ് കുമാറിന് പത്തനാപുരത്ത് സ്വാധീനമുണ്ട് എന്നതു മാത്രമാണ് ഇതില്‍ എടുത്ത് പറയേണ്ട മറ്റൊരു കാര്യം. രാജ്യത്തെ ഞെട്ടിച്ച ലൈംഗിക പീഡന കേസില്‍പ്പെട്ട നേതാവിൻ്റെ പാർട്ടിയായ ജെ.ഡി.എസ് ഇപ്പോഴും ഇടതുപക്ഷത്ത് തുടരുന്നതും, ആ പാർട്ടിയുടെ പ്രതിനിധി മന്ത്രിസഭയില്‍ ഉള്ളതും ഇടതുപക്ഷ മൂല്യങ്ങള്‍ക്കു തന്നെ എതിരാണ്. ദേശീയതലത്തില്‍ ഇപ്പോഴും ബി.ജെ.പിയുടെ സഖ്യ കക്ഷിയാണ് ജെ.ഡി.എസ് എന്നതും ഗൗരവമുള്ള കാര്യമാണ്.

ഇക്കാര്യങ്ങളില്‍ എല്ലാം ശരിയായ നിലപാട് സ്വീകരിക്കുന്നതില്‍ ഗുരുതര പിഴവ് സി.പി.എം നേതൃത്വത്തിനും മുഖ്യമന്ത്രി പിണറായി വിജയനും പറ്റിയിട്ടുണ്ട്. അതിൻ്റെ കൂടി ആകെ തുകയാണ് ലോകസഭ തിരഞ്ഞെടുപ്പിൻ ഇപ്പോള്‍ ലഭിച്ചിരിക്കുന്ന തിരിച്ചടി.

ഇത്തരം ആളില്ലാ പാർട്ടികളെ ചുമന്ന് അവർക്ക് മന്ത്രി സ്ഥാനങ്ങളും നല്‍കി, അവർ ചെയ്ത പാപത്തിൻ്റെ പഴിയും കൂടി കേട്ട് ഭരിക്കുന്നതിലും നല്ലത്, തെറ്റുകള്‍ തിരുത്തി, പൊതു സമൂഹത്തോട് അവ തുറന്നു പറഞ്ഞ് ഒറ്റയ്ക്ക് മത്സരിച്ച്‌ നഷ്ടപ്പെട്ട സ്വാധീനം തിരിച്ചു പിടിക്കുന്നതു തന്നെയാണ്. അത്തരമൊരു സാഹചര്യത്തില്‍, ഇപ്പോള്‍ അകന്നു നില്‍ക്കുന്ന സി.പി.എം അനുഭാവികള്‍പോലും അടുത്തുവരുമെന്ന കാര്യം കൂടി നേതൃത്വം തിരിച്ചറിയണം.

Hot Topics

Related Articles

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.