പത്തനംതിട്ട : എം സി എം സി പ്രവര്‍ത്തനം ആരംഭിച്ചു. ലോക്‌സഭാ തെരഞ്ഞെടുപ്പിനോടനുബന്ധിച്ച് മീഡിയ സര്‍ട്ടിഫിക്കേഷന്‍ ആന്‍ഡ് മോണിറ്ററിംഗ് കമ്മിറ്റി (എംസിഎംസി) ഓഫീസിന്റെയും ഇലക്ഷന്‍ മീഡിയ സെല്ലിന്റെയും ഉദ്ഘാടനം വരണാധികാരി കൂടിയായ ജില്ലാ കളക്ടര്‍ എസ്. പ്രേം കൃഷ്ണന്‍ നിര്‍വഹിച്ചു.
കളക്ടറേറ്റിലെ ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസിലാണ് എം.സി.എം.സി സജ്ജമാക്കിയിട്ടുള്ളത്. ഇലക്ട്രോണിക്-ഓണ്‍ലൈന്‍ മാധ്യമങ്ങളില്‍ നല്‍കുന്ന പരസ്യങ്ങള്‍ക്ക് അംഗീകാരം നല്‍കുന്നതിനും പണമോ പാരിതോഷികമോ സ്വീകരിച്ച് നല്‍കുന്ന വാര്‍ത്തകള്‍ നിരീക്ഷിക്കുന്നതിനുമായുള്ള സംവിധാനമാണിത്. മാധ്യമ നിരീക്ഷണത്തിനും പരസ്യങ്ങളുടെ സാക്ഷ്യപ്പെടുത്തലിനുമായി വിപുലമായ സജ്ജീകരണങ്ങള്‍ ഒരുക്കിയിട്ടുണ്ട്.
ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസിലെയും റവന്യു വകുപ്പിലെയും ഉദ്യോഗസ്ഥരും ജേര്‍ണലിസം വിദ്യാര്‍ഥികളുമടങ്ങുന്ന സംഘമാണ് പ്രവര്‍ത്തിക്കുക. ജില്ലാ വരണാധികാരിയായ ജില്ലാ കളക്ടര്‍ എസ്. പ്രേം കൃഷ്ണന്‍ അധ്യക്ഷനും ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ എസ്. സന്തോഷ് കുമാര്‍ മെമ്പര്‍ സെക്രട്ടറിയുമായ കമ്മറ്റിയില്‍ അഡീഷണല്‍ ജില്ലാ മജിസ്ട്രേറ്റ് ജി സുരേഷ് ബാബു, പത്തനംതിട്ട പ്രസ് ക്ലബ് പ്രസിഡന്റ് സജിത്ത് പരമേശ്വരന്‍, സെക്രട്ടറി ബിജു കുര്യന്‍ എന്നിവര്‍ അംഗങ്ങളുമാണ്. പത്രങ്ങള്‍, ടെലിവിഷന്‍ ചാനലുകള്‍, പ്രാദേശിക കേബിള്‍ ചാനലുകള്‍, റേഡിയോ, സാമൂഹ്യമാധ്യമങ്ങള്‍, എസ്.എം.എസ്, സിനിമാശാലകള്‍, മറ്റ് ദൃശ്യ ശ്രവ്യ മാധ്യമസങ്കേതങ്ങള്‍ തുടങ്ങിയവയെല്ലാം എം.സി.എം.സിയുടെ നിരീക്ഷണ പരിധിയില്‍ വരും. ജില്ലാ കളക്ടര്‍ അധ്യക്ഷനായ സമിതിയാണ് സെല്ലില്‍ നിന്നും ലഭിക്കുന്ന വിവരങ്ങളുടെ അടിസ്ഥാനത്തില്‍ പെയ്ഡ് ന്യൂസ് സംബന്ധിച്ച് തീരുമാനമെടുക്കുക.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
പരസ്യങ്ങളുടെ സര്‍ട്ടിഫിക്കേഷനും കമ്മിറ്റി നിര്‍വഹിക്കും. സമിതിയുടെ അനുമതിയില്ലാത്ത മാധ്യമ പരസ്യങ്ങള്‍ രാഷ്ട്രീയപാര്‍ട്ടികളോ സ്ഥാനാര്‍ത്ഥികളോ ഉപയോഗിക്കാന്‍ പാടില്ല.
ചടങ്ങില്‍ ഇലക്ഷന്‍ ഡപ്യൂട്ടി കളക്ടര്‍ പദ്മചന്ദ്രകുറുപ്പ്, ദുരന്ത നിവാരണ വകുപ്പ് ഡപ്യൂട്ടി കളക്ടര്‍ ടി.ജി ഗോപകുമാര്‍, പ്രസ് ക്ലബ് പ്രസിഡന്റ് സജിത്ത് പരമേശ്വരന്‍, സെക്രട്ടറി എ. ബിജു, മലയാള മനോരമ സീനിയര്‍ റിപ്പോര്‍ട്ടര്‍ റോബിന്‍ ടി വര്‍ഗീസ്, ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ എസ്. സന്തോഷ് കുമാര്‍, എം.സി.എം.സി അംഗങ്ങള്‍, മാധ്യമപ്രവര്‍ത്തകര്‍, ഉദ്യോഗസ്ഥര്‍, വിദ്യാര്‍ഥികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.