ഡല്‍ഹി : ലോക്സഭാതിരഞ്ഞെടുപ്പ് പ്രഖ്യാപനം ഈയാഴ്ച യുണ്ടാകും. മാർച്ച് 13-നുശേഷം പ്രഖ്യാപനമുണ്ടാകാനാണ് സാധ്യത. നയതീരുമാനങ്ങളും പുതിയ പദ്ധതിപ്രഖ്യാപനങ്ങളും ബുധനാഴ്ചയ്ക്കകം പൂർത്തിയാക്കാൻ വിവിധ മന്ത്രാലയങ്ങള്‍ക്ക് കേന്ദ്രസർക്കാർ നിർദേശംനല്‍കി.മാതൃകാ പെരുമാറ്റച്ചട്ടം നിലവില്‍വരുന്നതിനുമുമ്പുള്ള കേന്ദ്രമന്ത്രിസഭയുടെ അവസാനത്തെ യോഗം ചൊവ്വാഴ്ച നടക്കും. പെരുമാറ്റച്ചട്ടം നിലവില്‍വന്നു കഴിഞ്ഞാല്‍ പുതിയ പ്രഖ്യാപനങ്ങളൊന്നും നടക്കില്ല. അതുകൊണ്ടുതന്നെ വിവിധ പദ്ധതികളുടെ പ്രഖ്യാപനം മന്ത്രിസഭായോഗത്തിലുണ്ടായേക്കും.
വിവിധ സംസ്ഥാനങ്ങളിലെയും കേന്ദ്രഭരണപ്രദേശങ്ങളിലെയും മുന്നൊരുക്കങ്ങള്‍ വിലയിരുത്താനുള്ള തിരഞ്ഞെടുപ്പുകമ്മിഷന്റെ പര്യടനം ഈ മാസം 13-ന് അവസാനിക്കും. കേന്ദ്രസേനകളുടെയും അർധസൈനിക വിഭാഗങ്ങളുടെയും വിന്യാസം സംബന്ധിച്ചും മറ്റുമുള്ള ചർച്ചകള്‍ കേന്ദ്ര ആഭ്യന്തരമന്ത്രാലയവുമായി തിരഞ്ഞെടുപ്പ് കമ്മിഷൻ കഴിഞ്ഞ ദിവസങ്ങളില്‍ നടത്തി.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
ലോക്സഭാതിരഞ്ഞെടുപ്പിനൊപ്പം ആന്ധ്രാപ്രദേശ്, ഒഡിഷ, അരുണാചല്‍പ്രദേശ്, സിക്കിം സംസ്ഥാനങ്ങളിലേക്കുള്ള നിയമസഭാതിരഞ്ഞെടുപ്പും നടക്കാനുണ്ട്. ഈ സംസ്ഥാനങ്ങളിലേക്കടക്കമുള്ള സൈനിക-അർധസൈനിക വിന്യാസം സംബന്ധിച്ചെല്ലാം മുഖ്യ തിരഞ്ഞെടുപ്പ് കമ്മിഷണർ രാജീവ് കുമാറിന്റെ നേതൃത്വത്തില്‍ കേന്ദ്ര ആഭ്യന്തരസെക്രട്ടറി അജയ് ഭല്ല അടക്കമുള്ളവരുമായി ചർച്ചനടത്തി.
കേന്ദ്ര സായുധസേനകളുടെ 3400 കമ്ബനികള്‍, വിവിധ ഘട്ടങ്ങളിലായി നടക്കാനിരിക്കുന്ന തിരഞ്ഞെടുപ്പില്‍ വേണ്ടിവരുമെന്നാണ് കമ്മിഷൻ കണക്കാക്കുന്നത്. സേനകളുടെ മുൻകൂർ വിന്യാസമടക്കമുള്ള കാര്യങ്ങളില്‍ വിശദമായ പദ്ധതിരൂപരേഖ 12-നോ 13-നോ സമർപ്പിക്കാനാണ് കമ്മിഷൻ ആഭ്യന്തര, റെയില്‍വേ മന്ത്രാലയങ്ങളോടും വിവിധ സംസ്ഥാനങ്ങളോടും കേന്ദ്രഭരണപ്രദേശങ്ങളോടും നിർദേശിച്ചിരിക്കുന്നത്. കമ്മിഷന്റെ അവസാനത്തെ പര്യടനം 12-നും 13-നുമായി ജമ്മു-കശ്മീരിലാണ്.
ഉദ്ഘാടനപരമ്പരയുമായി പ്രധാനമന്ത്രി
തിരഞ്ഞെടുപ്പുപ്രഖ്യാപനത്തിനുമുമ്ബ് വിവിധ സംസ്ഥാനങ്ങള്‍ കേന്ദ്രീകരിച്ച് വിവിധ പദ്ധതികളുടെ ഉദ്ഘാടനങ്ങള്‍ നിർവഹിച്ചുവരുകയാണ് പ്രധാനമന്ത്രി. ഞായറാഴ്ച പുതിയ വിമാനത്താവളങ്ങള്‍ നാടിന് സമർപ്പിക്കും. ഒരു ലക്ഷം കോടി നിക്ഷേപംവരുന്ന 100 ദേശീയപാതാപദ്ധതികള്‍ തിങ്കളാഴ്ച ഉദ്ഘാടനംചെയ്യും. ചൊവ്വാഴ്ച പൊഖ്രാൻ സന്ദർശിക്കുന്ന മോദി അന്നുതന്നെ ഗുജറാത്തില്‍ നടക്കുന്ന ചടങ്ങില്‍ 10 പുതിയ വന്ദേഭാരത് ട്രെയിനുകളുടെ ഫ്ളാഗ് ഓഫ് നിർവഹിക്കും. ദ്വാരക എക്സ്പ്രസ് വേയുടെ ഒന്നാംഘട്ടം ഉദ്ഘാടനം, 14,000 കോടി ചെലവ് പ്രതീക്ഷിക്കുന്ന ബെംഗളൂരു-വിജയവാഡ എക്സ്പ്രസ് വേയുടെ ശിലാസ്ഥാപനം എന്നിവയും തിങ്കളാഴ്ച മോദി നിർവഹിക്കുന്നുണ്ട്.