നീറ്റ് – നെറ്റ് ചോദ്യപേപ്പർ ചോർച്ച; പ്രതിപക്ഷ ബഹളത്തെ തുടർന്ന് ലോക്സഭ തിങ്കളാഴ്ച വരെ പിരിഞ്ഞു

നീറ്റ് – നെറ്റ് വിഷയം പാര്‍ലമെന്റില്‍ ശക്തമായി ഉന്നയിച്ച്‌ പ്രതിപക്ഷം. അടിയന്തര പ്രമേയ നോട്ടീസിന് അനുമതി നിഷേധിച്ചതിനെ തുടര്‍ന്ന് ലോക്‌സഭയും രാജ്യസഭയും പ്രഷുബ്ധമായി. പ്രതിപക്ഷ ബഹളത്തെ തുടര്‍ന്ന് ലോക്‌സഭ തിങ്കളാഴ്ച വരെ പിരിഞ്ഞു. വിദ്യാര്‍ത്ഥികളെ ബാധിക്കുന്ന വിഷയമാണെന്നും പ്രധാനമന്ത്രിയുടെ സാന്നിധ്യത്തില്‍ ചര്‍ച്ച ചെയ്യണമെന്നും പ്രതിപക്ഷ നേതാവ് രാഹുല്‍ഗാന്ധി ആവശ്യപ്പെട്ടു. നീറ്റ് നെറ്റ് ക്രമക്കേട് എല്ലാ നടപടികളും നിര്‍ത്തിവച്ച്‌ പ്രത്യേകം ചര്‍ച്ച ചെയ്യണമെന്നാവശ്യപ്പെട്ടായിരുന്നു ലോക്‌സഭയിലും രാജ്യസഭയിലും പ്രതിപക്ഷം അടിയന്തര പ്രമേയ നോട്ടീസ് നല്‍കിയത്. വിദ്യാര്‍ത്ഥികളെ ബാധിക്കുന്ന വിഷയത്തില്‍ സര്‍ക്കാരും പ്രതിപക്ഷവും രാഷ്ട്രീയം മറന്ന് ഒറ്റക്കെട്ടാണെന്ന സന്ദേശം പാര്‍ലമെന്റ് നല്‍കണമെന്നും രാഹുല്‍ഗാന്ധി പറഞ്ഞു. എന്നാല്‍ വിഷയം പ്രത്യേകം ചര്‍ച്ച ചെയ്യാന്‍ അനുവദിക്കില്ലെന്ന് സ്പീക്കര്‍ ഓം ബിര്‍ള അറിയിച്ചതോടെ സഭ പ്രഷുബ്ധമായി.

Advertisements

പ്രതിപക്ഷം ഒറ്റക്കെട്ടായി ബഹളം വച്ചതോടെ ലോക്‌സഭ ആദ്യം 12 മണിവരെ നിര്‍ത്തിവച്ചു. പിന്നീട് സഭ ചേര്‍ന്നെങ്കിലും പ്രതിഷേധം തുടര്‍ന്നതോടെ തിങ്കളാഴ്ച വരെ പിരിയുകയായിരുന്നു. രാജ്യസഭയില്‍ കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖര്‍ഗെയാണ് വിഷയം ഉന്നയിച്ചത്. അടിയന്തര പ്രമേയ നോട്ടീസ് അനുവദിക്കാനാവില്ലെന്ന് അറിയിച്ചതോടെ രാജ്യസഭയും നിര്‍ത്തിവയ്‌ക്കേണ്ടി വന്നു. അതിനിടെ അടിയന്തര പ്രമേയ നോട്ടീസ് നല്‍കാനുളള ഓപ്ഷന്‍ സഭാ വെബ്‌സൈറ്റില്‍ ബ്ലോക്ക് ചെയ്തതായും പ്രതിപക്ഷം ആരോപിച്ചു. നീറ്റ് ക്രമക്കേട് സംബന്ധിച്ച നോട്ടീസ് നല്‍കാന്‍ ഇന്ത്യ സഖ്യം തയ്യാറെടുക്കുമ്പോഴായിരുന്നു കേന്ദ്രസര്‍ക്കാരിന്റെ വിചിത്ര നടപടി.

Hot Topics

Related Articles