ലോക്‌സഭാ സ്പീക്കർ തിരഞ്ഞെടുപ്പ് ; കൊടിക്കുന്നില്‍ സുരേഷിനെ മത്സരിപ്പിക്കാനുള്ള തീരുമാനത്തില്‍ ഇന്ത്യാ സഖ്യത്തില്‍ അതൃപ്തി 

ന്യൂഡല്‍ഹി: ലോക്‌സഭാ സ്പീക്കർ സ്ഥാനത്തേക്ക് കോണ്‍ഗ്രസിലെ കൊടിക്കുന്നില്‍ സുരേഷിനെ മത്സരിപ്പിക്കാനുള്ള തീരുമാനത്തില്‍ ഇന്ത്യാ സഖ്യത്തില്‍ അതൃപ്തിയെന്ന് റിപ്പോർട്ട്.മുന്നണിയില്‍ കൂടിയാലോചന നടത്തിയില്ലെന്ന് ആരോപിച്ച്‌ തൃണമൂല്‍ കോണ്‍ഗ്രസും എൻ.സി.പിയും രംഗത്തെത്തിയതായി ദേശീയ മാദ്ധ്യമങ്ങള്‍ റിപ്പോർട്ട് ചെയ്യുന്നു. ഏകപക്ഷീയമായി കൊടിക്കുന്നില്‍ സുരേഷിനെ കോണ്‍ഗ്രസ് സ്ഥാനാർത്ഥിയായി തീരുമാനിച്ചെന്നാണ് വിമർശനമുയരുന്നത്. എന്നാല്‍ അവസാന നിമിഷത്തെ തീരുമാനമാണിതെന്നും സമയപരിധി അവസാനിക്കുന്നതിന് 10 മിനിട്ട് മുൻപ് മാത്രമാണ് തീരുമാനമെടുത്തതെന്നും കോണ്‍ഗ്രസ് വിശദീകരിക്കുന്നു. പിന്തുണ തേടി കൊടിക്കുന്നില്‍ സുരേഷ് തൃണമൂല്‍ കോണ്‍ഗ്രസിനെ ബന്ധപ്പെട്ടിരുന്നതായും കോണ്‍ഗ്രസ് വൃത്തങ്ങള്‍ അറിയിച്ചു. ഡെപ്യൂട്ടി സ്പീക്കർ സ്ഥാനം പ്രതിപക്ഷത്തിന് നല്‍കുക എന്ന കാലങ്ങളായുള്ള കീഴ്‌വഴക്കം പാലിക്കണമെന്ന് സമവായ ചർച്ചകള്‍ക്കെത്തിയ കേന്ദ്രമന്ത്രി രാജ്‌നാഥ് സിംഗിനോട് കോണ്‍ഗ്രസ് അദ്ധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ രാജ് നാഥ് സിംഗ് ഇക്കാര്യത്തില്‍ ഉറപ്പു നല്‍കാതിരുന്നതോടെയാണ് സമവായ സാദ്ധ്യത അടഞ്ഞത്.

Advertisements

കൊടിക്കുന്നില്‍ സുരേഷ് സ്ഥാനാർത്ഥിയായി പത്രിക നല്‍കിയ വിവരം ടിവിയിലൂടൊണ് അറിഞ്ഞതെന്നും തൃണമൂല്‍ കോണ്‍ഗ്രസുമായി ആരും ചർച്ച ചെയ്തില്ലെന്നും ടി.എം.സി നേതാവ് സുദീപ് ബന്ദോപാദ്ധ്യായ പറഞ്ഞു. ഇതുമായി ബന്ധപ്പെട്ട് കോണ്‍ഗ്രസാണ് വിശദീകരിക്കേണ്ടത്. അവർക്കാണ് ഇതേപ്പറ്റി കൂടുതലായി അറിയുക എന്നും അദ്ദേഹം പറഞ്ഞു. തിരഞ്ഞെടുപ്പില്‍ കൊടിക്കുന്നിലിനെ പിന്തുണയ്ക്കുമോ എന്നത് പാർട്ടിയില്‍ ആലോചിച്ച്‌ തീരുമാനിക്കും. അതാണ് പാർട്ടിതീരുമാനമെന്നും സുദീപ് ബന്ദോപാദ്ധ്യായ വ്യക്തമാക്കി. ഇന്നാണ് ലോക്‌സഭാ സ്പീക്കർ തിരഞ്ഞെടുപ്പ് നടക്കുക. എൻ.ഡി.എയുടെ ഓം ബിർളയും പ്രതിപക്ഷത്ത് നിന്ന് കൊടിക്കുന്നില്‍ സുരേഷുമാണ് സ്പീക്കർ സ്ഥാനത്തേക്ക് മത്സരിക്കുന്നത്.

Hot Topics

Related Articles