കോട്ടയം : കോട്ടയം മാഞ്ഞൂരിൽ നിയമം കാറ്റിൽ പറത്തി അപകടാവസ്ഥയിൽ ഓടിയ തടി ലോറി മോട്ടോർ വാഹന വകുപ്പിന്റെ നേതൃത്വത്തിൽ പിടികൂടി. വഴിയാത്രക്കാരൻ നൽകിയ പരാതിയെത്തുടർന്നായിരുന്നു നടപടി. ലോറി അപകടാവസ്ഥയിൽ ഓടുന്നത് കണ്ട വഴിയാത്രക്കാരൻ ഉടൻ എൻഫോഴ്സ്മെന്റ് ആർടിഒ ഓഫീസിൽ വിവരമറിയിക്കുകയായിരുന്നു.
മാഞ്ഞൂർ കുറുപ്പുന്തറ റോഡിൽ തടി കയറ്റി അപകടാവസ്ഥയിൽ അമിത വേഗത്തിൽ പാഞ്ഞ ലോറിയാണ് യാത്രക്കാരന്റെ അവസരോചിത ഇടപെടലിലൂടെ പിടിയിലായത്. ലോറിയിൽ നിന്ന് തടി താഴെ പോകാറായ നിലയിലായിരുന്നു. എന്നാൽ ഡ്രൈവർ വാഹനം നിർത്താൻ തയ്യാറാവാതെ അമിത വേഗത്തിൽ പായുകയായിരുന്നു. അപകടം മുന്നിൽ കണ്ട് യാത്രക്കാരൻ ഇടപെട്ടതോടെ വലിയ അപകടമാണ് ഒഴിവായത്. തുടർന്ന് മോട്ടോർ വാഹന വകുപ്പിന്റെ നേതൃത്വത്തിൽ ലോറി ഡ്രൈവർക്ക് ഇരുപതിനായിരം രൂപ പെനാൽറ്റി നൽകി.