കോട്ടയം : കഷ്ടപ്പെട്ട് പഠിച്ച് സർക്കാർ സർവീസിൽ ജോലി നേടിയാൽ എന്തിനെയൊക്കെ ഭയക്കണം? ആ വകുപ്പിലെ യൂണിയൻ നേതാവിനെ ഭയക്കണമെന്ന് തെളിയിക്കുകയാണ് സിവിൽ സപ്ലൈസ് വകുപ്പിലെ ഉദ്യോഗസ്ഥയുടെ ഫേസ്ബുക്ക് പോസ്റ്റ്. യൂണിയൻ നേതാവിനെ കണ്ടിട്ട് കസേരയിൽ നിന്നെഴുന്നേറ്റ് ബഹുമാനിച്ചില്ലെന്ന് ഒരൊറ്റ കാരണത്താൽ മാനസികമായ പീഡനം നേരിടുകയാണ് ഒരു സർക്കാർ ഉദ്യോഗസ്ഥ. കോട്ടയം സിവിൽ സപ്ലൈസ് വകുപ്പിലെ ഉദ്യോഗസ്ഥയായ ദിവ്യ പി ബാബുവാണ് തൻറെ അനുഭവം തുറന്നു പറഞ്ഞു ഫേസ്ബുക്ക് പോസ്റ്റ് ഇട്ടത്. സർവീസിൽ നിന്ന് റിട്ടയർ ചെയ്തിട്ടും യൂണിയൻ ഭരിക്കുന്ന ജീവനക്കാരന്റെ ഭീഷണിയാണ് ഇവരെ മാനസികമായി ബുദ്ധിമുട്ടിക്കുന്നത്. ദിവ്യയുടെ ഫേസ്ബുക്ക് പോസ്റ്റ് ഇതിനോടകം ചർച്ചയായി കഴിഞ്ഞു. ട്രോൾ കോട്ടയം അടക്കമുള്ള ഫേസ്ബുക്ക് കൂട്ടായ്മകൾ പോസ്റ്റ് ഏറ്റെടുത്തു കഴിഞ്ഞു.
ഫേസ്ബുക്ക് പോസ്റ്റ് കാണാം –
നമസ്കാരം.. 🙏🏻
നിങ്ങൾ psc വഴി ഒരു സർക്കാർ ജോലി ആഗ്രഹിക്കുന്നുണ്ടോ? അതിനുവേണ്ടി പരിശ്രമിക്കുന്ന ആളാണോ? എങ്കിൽ തീർച്ചയായും ഇത് ഒന്ന് വായിച്ചിട്ട് പോകണേ….
10 വർഷങ്ങൾക്കു മുൻപ് psc പഠനം തുടങ്ങിയതാണ് കോച്ചിംഗ് ന് പോകാൻ സാമ്പത്തികം അനുവദിക്കാത്തിരുന്നത് കൊണ്ട് സ്വന്തമായി അങ്ങട് പഠിച്ചു, ആരുടെയൊക്കെയോ ഭാഗ്യം കൊണ്ട് കിട്ടി, കിട്ടിയതോ സിവിൽ സപ്ലൈസിൽ…
പറഞ്ഞു വന്നത് ഇതൊന്നുമല്ല.
ഒരൽപ്പം ഭാഗ്യവും ഇത്തിരി കഷ്ടപ്പെടാൻ ഒരു മനസ്സും ഉണ്ടെങ്കിൽ ആർക്കും psc വഴി ജോലി നേടാം… പക്ഷേ ജോലിയിൽ നിലനിൽക്കുക എന്നത് വല്യ കീറാമുട്ടിയാണ്.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
അനുഭവത്തിൽ നിന്ന് ചീന്തി എടുക്കുവാണേൽ
1.നമുക്ക് ഒരു ജോലി ലഭിച്ചാൽ അത് നൂറു ശതമാനം ചെയ്തു കൊടുക്കാനേ നമ്മൾ സാധാരണക്കാർ ശ്രമിക്കൂ.എന്നാൽ നോക്കിയും കണ്ടും ജോലി ചെയ്യുന്നതാവും പിന്നീടുള്ള ജീവിതത്തിന് നല്ലത്.
- ജോലിയിൽ കയറുന്നതിനു മുൻപ് തന്നെ നല്ലൊരു രാഷ്ട്രീയ പശ്ചാത്തലം ഉണ്ടാക്കി എടുക്കുക.അല്ലെങ്കിൽ വട്ട് തട്ടുന്നത് പോലെ തട്ടിക്കളിക്കാനും ആളുണ്ടാവും.
- ജോലിക്ക് കയറുമ്പോൾ ഏറ്റവും നല്ല യൂണിയനിൽ നമ്മൾ ഓട്ടോമാറ്റിക് ആയി അംഗമാകും… അംഗമാകുന്നത് മാത്രമല്ല, അതിലെ വലിയ നേതാക്കൾ ആരെന്നും അവരുടെ സ്വഭാവവും ഒന്ന് പഠിച്ചു വെക്കുക, വളരെ അത്യാവശ്യമാണ്.
- തലപോയാലും നിയമം പറയരുത്, തെറ്റ് കണ്ടാലും ചുമ്മാ കയറി പ്രതികരിച്ചേക്കരുത്
ഇത്രയും ok ആയാൽ നിങ്ങൾക്ക് സ്വന്തം കസേരയിൽ സ്വസ്ഥമായി ഇരിക്കാം.
എനിക്കിതൊന്നും അറിയില്ലായിരുന്നു, അതുകൊണ്ട് അനുഭവം ഭീകരം ആയിരുന്നു…
ഞാൻ സിവിൽ സപ്ലൈസ് കോട്ടയം ഡിപ്പോയുടെ കീഴിൽ ജോലി ചെയ്യുന്നു. സിവിൽ സപ്ലൈസിൽ നിയമനം ഒന്നുകിൽ ഓഫീസിൽ അല്ലെങ്കിൽ സപ്ലൈക്കോ ഔട്ലെറ്റിൽ മാനേജർ ആയി അതുമല്ലെങ്കിൽ മാനേജരുടെ അസിസ്റ്റന്റ് ആയി. എനിക്ക് ആദ്യമായി നിയമനം ലഭിച്ചത് കോട്ടയം ഡിപ്പോയിലെ തന്നെ വലിയൊരു സെക്ഷനിൽ എന്ന് വച്ചാൽ വലിയൊരു സീറ്റിൽ … 10 തൊട്ട് 5 വരെ ചെയ്താൽ തീരാത്ത ജോലിയും.
ഒരുനാൾ ഓഫീസിൽ ഒരാൾ കയറി വന്നു ആരോടൊക്കെയോ അദ്ദേഹം സംസാരിച്ചു ആരൊക്കെയോ തിരിച്ചും സംസാരിച്ചു.ഞാൻ ഇതുവരെ ഇങ്ങനെ ഒരാളെ കണ്ടിട്ടില്ല, പരിചയം ഒന്നുമില്ലാത്തത് കൊണ്ട് ഞാൻ എന്റെ ജോലിയിൽ മുഴുകി… അത് എന്റെ ഔദ്യോഗിക ജീവിതം ഇത്ര ദുരിതപൂർണ്ണം ആക്കുമായിരുന്നു എന്ന് ഈ അടുത്തിടെ ആണ് മനസ്സിലാക്കിയത്.
പിന്നെ കേൾക്കുന്നു ദിവ്യ യൂണിയന് എതിരാണ്, ആരെയും ബഹുമാനമില്ല, അഹങ്കാരി…
എവിടെ ചെന്നാലും ഇത് തന്നെ.
എന്താണ് സംഭവം എന്ന് അന്വേഷിച്ചു, ഞാൻ എങ്ങനെ കുലം കുത്തിയായി എന്നറിയണ്ടായോ.
അന്ന് ഓഫീസിൽ കയറി വന്ന ആള് യൂണിയന്റെ തല മൂത്ത കാരണവർ ആയിരുന്നു. എനിക്ക് നിയമനം കിട്ടിയ സമയത്ത് ആൾക്ക് പണിഷ്മെന്റ് ട്രാൻസ്ഫർ കിട്ടി ജില്ല വിട്ട് പോയിരുന്നു, അതാണ് കണ്ട് പരിചയം പോലും തോന്നാഞ്ഞത്. ആരെങ്കിലും എഴുന്നേറ്റാൽ നമുക്കറിയാമല്ലോ ബഹുമാനിക്കേണ്ട ആരോ ആണെന്ന്, ആരും എഴുന്നേറ്റില്ല ഞാനും എഴുന്നേറ്റില്ല. ആ മനുഷ്യന് അന്ന് തോന്നിയ ദേഷ്യം ആണ് എന്നോട്. പിന്നീട് കാരണങ്ങൾ കണ്ടെത്തി ഉപദ്രവിക്കുവാൻ തുടങ്ങി,ഒരിക്കൽ എന്റെ ഒരു ട്രാൻസ്ഫർ തടഞ്ഞു വെച്ചു,എന്റെ അവസ്ഥ മുഴുവനും നന്നായി അറിയാവുന്ന വാർഡ് മെമ്പർ ഇടപെട്ടതിന് ശേഷമാണ് ഈ കാരണവർ അനുവാദം തന്നത്.
പിന്നെ ഒരവസരത്തിൽ മറ്റൊരാളുടെ ഭീമമായ ബാധ്യത എന്റെ കുഞ്ഞി തലയിൽ കെട്ടി വെച്ചു തരാൻ മാക്സിമം ശ്രമിച്ചു.അതിൽ നിന്നും തമ്പുരാൻ രക്ഷിച്ചു.
കുടുംബം മുന്നോട്ട് കൊണ്ടുപോകാൻ ട്രാൻസ്ഫർ ആവശ്യമായി വന്നപ്പോൾ ചെയ്തു കൊണ്ടിരുന്ന വലിയ സീറ്റിലെ ജോലി ഇനി ആര് ചെയ്യും എന്ന ചോദ്യവുമായി മേലുദ്യോഗസ്ഥനും വന്നു. ഇപ്പൊ പോകാൻ പറ്റില്ല എന്ന് പറഞ്ഞ അദ്ദേഹത്തെ ധിക്കരിച്ചു ട്രാൻസ്ഫർ വാങ്ങി പോയി.. അക്കാരണത്താൽ അദ്ദേഹവും കാരണവരും ചേർന്ന് പണികൾ നൽകുവാൻ അവസരം കാത്തു നിന്നു.
ഇപ്പൊ എനിക്ക് ഒരു പൊടി കുഞ്ഞുണ്ട്…maternity leave കഴിഞ്ഞു തിരികെ വന്നപ്പോൾ ഞാൻ ജോലി ചെയ്തിരുന്ന സ്ഥലത്ത് മേലുദ്യോഗസ്ഥനും ഇപ്പറഞ്ഞ കാരണവർക്കും ഒരുപോലെ വേണ്ടപ്പെട്ട ഒരാളെ നിയമിച്ചു. അന്വേഷിച്ചപ്പോൾ അറിയുന്നു അവൾക്കിട്ട് എന്നു വെച്ചാൽ എനിക്കിട്ട് ഒരു പണി കൊടുക്കുവാൻ ഒരവസരം നോക്കി നിൽക്കുവായിരുന്നു എന്ന്.
അറിഞ്ഞോ അറിയാതെയോ ചെയ്തു പോയ തെറ്റിന് പല വട്ടം മാപ്പ് പറഞ്ഞിട്ടും പിന്നെയും തിരഞ്ഞു പിടിച്ചു ഉപദ്രവിക്കുന്നവരെ മനുഷ്യനായി ഗണിക്കാമോ….??? മരണം വരെ ഈ ഉപദ്രവം സഹിക്കേണ്ടി വരുമോ?
എല്ലാവരും ഇങ്ങനെ ആയിരിക്കണം എന്നില്ല, എന്നാലും ഒന്ന് അറിഞ്ഞിരിക്കുക നല്ലതല്ലേ അതുകൊണ്ട് പറഞ്ഞതാണ്.
പുസ്തകത്തിൽ ഉള്ളത് മാത്രം പഠിച്ചാൽ പോരാ പിടിച്ചു നിൽക്കുവാനും പഠിക്കണം. 😔😔😔