ന്യൂഡൽഹി : ഒരു പുരുഷൻ വിവാഹം കഴിക്കാം എന്ന് വാഗ്ദാനം നല്‍കുമ്ബോള്‍ത്തന്നെ അയാള്‍ എന്തെങ്കിലും കാരണത്താല്‍ ആ തീരുമാനം മാറ്റാനുള്ള സാഹചര്യം കൂടി സ്ത്രീകള്‍ മുന്നില്‍ക്കാണേണ്ടത് അനിവാര്യമെന്ന് സുപ്രീംകോടതി. വിവാഹവാഗ്ദാനം നല്‍കി പീഡനം നടത്തി എന്ന ആരോപണം ഉണ്ടായ ഒരു കേസില്‍ വാദം കേള്‍ക്കവെയാണ് ബുധനാഴ്ച കോടതി ഈ അഭിപ്രായപ്രകടനം നടത്തിയത്. വിവാഹം കഴിക്കാം എന്ന് വാഗ്ദാനം നല്‍കിയാലുടൻ പുരുഷന് തന്റെമേല്‍ എല്ലാവിധ സ്വാതന്ത്ര്യവും അനുവദിച്ചുനല്‍കുന്നത് എന്ത് ചിന്തയുടെ അടിസ്ഥാനത്തിലാണെന്നും കോടതി ചോദിച്ചു.
നേരത്തെ വിവാഹം ഉറപ്പിച്ചിരുന്ന പെണ്‍കുട്ടി, വിവാഹത്തില്‍ നിന്നും പിന്മാറിയ പുരുഷനെതിരെ നല്‍കിയ ലൈംഗിക പീഡന പരാതിയില്‍ വാദം കേള്‍ക്കുകയായിരുന്നു കോടതി. രണ്ട് വ്യക്തികള്‍ തമ്മിലുള്ള പ്രണയബന്ധം തകരുന്ന സംഭവങ്ങളിലെല്ലാം, അവർ തമ്മിലുണ്ടായിരുന്ന ലൈംഗികബന്ധം പങ്കാളിയുടെ നിർബന്ധം മൂലമുണ്ടായതായിരിക്കും എന്ന് തീർച്ചപ്പെടുത്താനാവില്ല. പരസ്പരസമ്മതത്തോടെയാണ് ഇത്തരം കാര്യങ്ങള്‍ നടക്കുന്നതെങ്കിലും സമൂഹത്തിന്റെ മുൻവിധിമൂലം മിക്കപ്പോഴും പുരുഷന്മാരാണ് പ്രതിസ്ഥാനത്ത് എത്തുന്നത്. എന്നാലിത് എല്ലായിപ്പോഴും അംഗീകരിക്കാനാവില്ലെന്നു സുപ്രീംകോടതി വ്യക്തമാക്കി.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
ജസ്റ്റിസ് എംഎം സുന്ദരേഷ്, ജസ്റ്റിസ് രാജേഷ് ബിന്ദല്‍ എന്നിവരടങ്ങിയ ബെഞ്ചാണ് കേസില്‍ വാദം കേട്ടത്. സദാചാരം അടക്കമുള്ള കാര്യങ്ങളിലുള്ള ഇന്നത്തെ ലോകത്തിന്റെ കാഴ്ചപ്പാട് പരിശോധിക്കുമ്ബോള്‍, പെണ്‍കുട്ടികള്‍ കുറച്ചുകൂടി ചിന്താശേഷി ഉള്ളവരായിരിക്കണം എന്ന് ബെഞ്ച് അഭിപ്രായപ്പെട്ടു. വിവാഹം തീരുമാനിക്കുന്നത് സ്വന്തം ഇഷ്ടപ്രകാരം ആണെങ്കിലും വീട്ടുകാർ ഇടപെട്ടാണെങ്കിലും അത് ഏതെങ്കിലും ഒരു ഘട്ടത്തില്‍ തകരാനുള്ള സാഹചര്യവുമുണ്ട് എന്ന സത്യം പെണ്‍കുട്ടികള്‍ മറക്കരുത്. അല്ലെങ്കില്‍ പിന്നീട് അത് ആ സ്ത്രീക്കും പുരുഷനും ഒരുപോലെ ശിക്ഷയായിത്തീരും, കോടതി പറഞ്ഞതായി എൻഡിടിവി റിപ്പോർട്ടുചെയ്തു.
നിങ്ങള്‍ പ്രായപൂർത്തിയായവരല്ലെ.. കാര്യങ്ങള്‍ മനസിലാക്കാൻ പ്രാപ്തരായവരല്ലേ. പിന്നെയും എങ്ങിനെയാണ് വിവാഹവാഗ്ദാനത്തില്‍പെട്ട് വഞ്ചിതരാകുന്നത്. എങ്ങനെയാണ് അത്തരം ഒരു ബന്ധം ശാരീരികമാകുന്നതുവരെ എത്തുന്നത്. എല്ലാ ബഹുമാനത്തോടെയും പറയുകയാണ്.. ഇന്നത്തെ സമൂഹത്തിന്റെ, പ്രത്യേകിച്ച് യുവതലമുറയുടെ സദാചാരപരവും ധാർമികവുമായ ചിന്തകള്‍ നമ്മള്‍ കണ്ടുവന്നതില്‍ നിന്ന് വളരെ വ്യത്യസ്തമാണ്. ഈ കേസിലെ പെണ്‍കുട്ടിയുടെ വാദത്തെ കോടതി പിന്താങ്ങുകയാണെങ്കില്‍, ഈ രാജ്യത്തെ കോളേജുകളിലും മറ്റിടങ്ങളിലുമുള്ള പെണ്‍കുട്ടികള്‍ക്കും ആണ്‍കുട്ടികള്‍ക്കും ഇടയിലുള്ള പ്രണയബന്ധങ്ങളെല്ലാം ശിക്ഷിക്കപ്പെടേണ്ടതായി മാറും, കോടതി വ്യക്തമാക്കി.
ഇത്തരം സാഹചര്യങ്ങളിലെല്ലാം സമൂഹത്തിന്റെ യാഥാസ്ഥിതികമായ ചിന്താഗതികളും വ്യവസ്ഥിതികളിലെ പഴുതുകളും പുരുഷനെ ഏകപക്ഷീയമായി എല്ലായ്പ്പോഴും കുറ്റവാളിയാക്കി മുദ്രകുത്താനുള്ള പ്രവണത കാണിക്കാറുണ്ടെന്നും കോടതി കുറ്റപ്പെടുത്തി. അതേസമയം, തന്റെ കക്ഷിയും പ്രതിസ്ഥാനത്തുള്ള പുരുഷനും തമ്മിലുണ്ടായിരുന്നത് പ്രണയബന്ധമായിരുന്നില്ലെന്നും മറിച്ച് വീട്ടുകാർ തമ്മിലുറപ്പിച്ച വിവാഹവാഗ്ദാനമായിരുന്നുവെന്നും പെണ്‍കുട്ടിയുടെ അഭിഭാഷക പറഞ്ഞു.
പുരുഷൻ ആവശ്യപ്പെട്ടതിന് വഴങ്ങിയില്ലെങ്കില്‍ അയാള്‍ വിവാഹത്തില്‍നിന്നും പിന്മാറുമോ എന്നും, അത് തനിക്കും കുടുംബത്തിനും സമൂഹത്തിലുണ്ടാക്കാവുന്ന അപമാനം ഭയന്നുമാണ് സ്ത്രീ ലൈംഗികബന്ധത്തിന് സമ്മതിച്ചതെന്നും സ്ത്രീയുടെ വക്കീല്‍ വാദിച്ചു. സമൂഹത്തെക്കുറിച്ചുള്ള ഭയമാണ് പെണ്‍കുട്ടിയെ ഇത്തരം ഒരു സാഹചര്യത്തില്‍ എത്തിച്ചത്. അവർ തമ്മിലുണ്ടായ ലൈംഗികബന്ധം പുരുഷന് വലിയ സംഭവമായിരുന്നിരിക്കില്ല, എന്നാല്‍ അതില്‍ ഉള്‍പ്പെട്ട സ്ത്രീക്ക് അത് അങ്ങനെ ആയിരുന്നില്ല. അവള്‍ അയാളെ ഭർത്താവായാണ് കണ്ടത്. അതുകൊണ്ടാണ് അയാളുടെ ഇംഗിതത്തിന് വഴങ്ങിയത്, പെണ്‍കുട്ടിയുടെ അഭിഭാഷകയായ മാധവി ദിവാൻ കോടതിയെ അറിയിച്ചു.
എന്നാല്‍, കേസില്‍ ഉള്‍പ്പെട്ട രണ്ടുകൂട്ടർക്കും പറയാനുള്ളത് കേട്ട ശേഷമേ കേസില്‍ വിധി പറയൂ എന്ന് ബെഞ്ച് വ്യക്തമാക്കി. കോടതി ഇക്കാര്യത്തില്‍ ലിംഗവിവേചനം കാണിക്കില്ല. പെണ്‍കുട്ടിക്കോ ആണ്‍കുട്ടിക്കോ പ്രത്യേക പരിഗണന ലഭിക്കില്ല. രണ്ടുപേരുടെയും വാദം ഒരുപോലെ കേള്‍ക്കും. എനിക്കും ഒരു മകളുണ്ട്. എന്റെ മകളാണ് ഇത്തരം ഒരു സാഹചര്യത്തില്‍ ഉള്‍പെട്ടിട്ടുള്ളതെങ്കില്‍ പോലും ഇതുപോലെയുള്ള ഒരു കേസിനെ ഞാൻ വളരെ വിശാലമായ കാഴ്ചപ്പാടിലൂടെയേ നോക്കിക്കാണാവൂ, അതാണ് ശരി – ജസ്റ്റിസ് സുന്ദരേഷ് പറഞ്ഞു. ഇങ്ങനെയൊക്കെയാണെങ്കിലും അന്തിമമായി ഇത്തരം കേസുകളില്‍ സ്ത്രീകളെ തന്നെയേ നിയമം ഇരയായി പരിഗണിക്കുകയുള്ളൂ എന്നും കോടതി വ്യക്തമാക്കി.