ലണ്ടൻ : കാത്തിരുന്ന പ്രണയിനിയെ കാണാനായി 800 കിലോമീറ്ററുകളോളം യാത്ര ചെയ്ത യുവാവിനെ കാത്തിരുന്നത് സങ്കടകരമായ കാര്യം.വീടിന്റെ കോളിങ് ബെല്‍ അടിച്ചപ്പോള്‍ വാതില്‍ തുറന്നത് കാമുകിയുടെ ഭർത്താവായിരുന്നു. ഇത് യുവാവിന് വിശ്വസിക്കാനായില്ല. ഫ്രാൻസില്‍ മോഡലായ യുവതിയും ഭർത്താവും യുവാവ് എന്തിനാണ് വന്നതെന്ന് അറിഞ്ഞപ്പോള്‍ ആകെ അമ്ബരന്നുപോകുകയും ചെയ്തു.
മൈക്കിള്‍ എന്ന് പേരുള്ള ബെല്‍ജിയം സ്വദേശിയായ യുവാവിനെ ആരോ സോഷ്യല്‍ മീഡിയയിലൂടെ വഞ്ചിച്ചാതാകാമെന്നാണ് സോഫി വൗസെലോഡ് എന്ന മോഡല്‍ പറയുന്നത്. തന്റെ ഭർത്താവ് ഫാബിയൻ ബൗട്ടമിനാണെന്നും വ്യാജമായ തന്റെ ഇൻസ്റ്റഗ്രാം അക്കൗണ്ടിലൂടെയാകാം മൈക്കിളിനെ വഞ്ചിച്ചതെന്നും സോഫി പറയുന്നു. ഇൻസ്റ്റഗ്രാമില്‍ ഇതിന്റെ വീഡിയോ സോഫി പങ്കുവെയ്ക്കുകയും ചെയ്തു.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
‘എനിക്ക് ആ മനുഷ്യനോട് സഹതാപം തോന്നുന്നു. വ്യാജ അക്കൗണ്ടുകളെ സൂക്ഷിക്കുക. ഇത് യഥാർത്ഥത്തില്‍ സംഭവിച്ചതാണെന്ന് കാണിക്കാനും എല്ലാവരും ജാഗ്രത പാലിക്കണമെന്ന് അഭ്യർത്ഥിക്കാനുമാണ് ഞാൻ ഈ വീഡിയോ പങ്കുവെക്കുന്നത്. എല്ലാവരും സ്വയം ശ്രദ്ധിക്കുക.’-സോഫി വീഡിയോയ്ക്കൊപ്പം കുറിച്ചു.
ഈ വിചിത്രമായ കൂടിക്കാഴ്ച്ചയുടെ വീഡിയോ ബൗട്ടമിൻ തന്നെ ഭാഗികമായി പകർത്തിയിരുന്നു. ‘എനിക്കിത് വീഡിയോ എടുക്കണം, കാരണം ഒരാള്‍ എന്റെ വാതില്‍ക്കല്‍ കോളിംഗ് ബെല്‍ അടിച്ചിട്ട് പറയുന്നു, ‘ഞാൻ സോഫി വൗസെലോഡിന്റെ ഭാവി ഭർത്താവാണ്’ എന്ന്,-ബൗട്ടമിൻ ദൃശ്യങ്ങളില്‍ വിവരിച്ചു. മൈക്കിള്‍ തന്റെ അവകാശവാദത്തില്‍ ഉറച്ചുനില്‍ക്കുന്നതും ബൗട്ടമിൻ ഇതിന്റെ യാഥാർത്ഥ്യം മനസ്സിലാക്കാൻ മൈക്കിളിനെ സഹായിക്കുന്നതും വീഡിയോയിലുണ്ട്.
‘അവള്‍ എന്നെ കബളിപ്പിച്ചുവെന്നാണ് ഞാൻ കരുതുന്നത്’ എന്ന് മൈക്കിള്‍ തിരിച്ചുപോകുന്നതിനിടയില്‍ വിളിച്ചുപറയുന്നതും വീഡിയോയില്‍ കേള്‍ക്കാം. സോഫി എന്ന പേരിലുള്ള ആള്‍ക്ക് താൻ 35,000 ഡോളർ അയച്ചുകൊടുത്തിരുന്നുവെന്നും മൈക്കിള്‍ പറയുന്നുണ്ട്. ‘എന്റെ ഭാര്യയല്ല മെസ്സേജുകള്‍ അയച്ചത്, അത് വ്യാജ അക്കൗണ്ടുകളാണ്’ എന്ന് ബൗട്ടമിൻ മറുപടിയും നല്‍കുന്നുണ്ട്.