കൽപറ്റ: ഒരുമിച്ചു സ്വപ്നം കണ്ട ജീവിതം ആരംഭിച്ചു തുടങ്ങിയപ്പോൾ തന്നെ മേഘ്‌നയെ തനിച്ചാക്കി ജിതിൻ യാത്രയായി. മേഘ്‌നയെ എന്ത് പറഞ്ഞ് സമാധാനിപ്പിക്കും എന്ന് അറിയാതെ കുഴയുകയാണ് ബന്ധുക്കളും സുഹൃത്തുക്കളും. വിവാഹം കഴിഞ്ഞിട്ട് ഒരുമാസം പോലുമാകും മുൻപാണ് വിധി ജിതിൻറെയും മേഘ്‌നയുടെയും ജീവിതത്തിൽ വാഹനാപകടത്തിൻറെ രൂപത്തിൽ എത്തിയത്.
വയനാട് മൂടക്കൊല്ലി സ്വദേശിയാണ് ജിതിൻ. 33 വയസ്സായിരുന്നു പ്രായം. ഒക്ടോബർ ആദ്യവാരമായിരുന്നു മേഘ്‌നയുമായുള്ള ജിതിൻറെ പ്രണയവിവാഹം. ഒരു തുണിക്കടയിൽ സെയിൽസ് ഗേളായി ജോലി ചെയ്യുകയായിരുന്നു മേഘ്‌ന. ഇവിടെവച്ചാണ് ജിതിൻ മേഘ്‌നയെ കാണുന്നതും പരിചയപ്പെടുന്നതും. പിന്നീട് ഈ തുണിക്കടയിൽ മേഘ്‌നയെ കാണാനെത്തുന്നത് പതിവായി. വിവാഹം കഴിക്കാൻ താൽപര്യമുണ്ടെന്നു മേഘ്‌നയെ അറിയിച്ചു.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
മേഘ്‌നയുടെ വീട്ടിൽനിന്ന് ഇരുവരുടെയും വിവാഹത്തിന് വലിയ സഹകരണമുണ്ടായില്ല. പഠിക്കാനാണു താൽപര്യമെന്നും അതിനുള്ള സാഹചര്യങ്ങളില്ലായിരുന്നു എന്നും മേഘ്‌ന പറഞ്ഞതോടെ ജിതിൻ അതിനുള്ള വഴിയും കണ്ടെത്തി. കർണാടകയിലെ ഒരു കോളജിൽ മേഘ്‌നയെ പഠനത്തിനയച്ചു. തന്നെ മനസ്സിലാക്കി കൂടെനിൽക്കുന്ന ഒരു തുണ തനിക്കൊപ്പമുണ്ടെന്ന ആശ്വാസത്തിൽ മേഘ്‌ന ജീവിച്ചു തുടങ്ങി.
ഒക്ടോബർ 31ന് കർണാടക ചാമരാജനഗറിൽ വച്ചാണ് ജിതിനും സംഘവും സഞ്ചരിച്ചിരുന്ന വാനിലേക്ക് മറ്റൊരു വാനിടിച്ച് അപകടമുണ്ടായത്. ടയർ പൊട്ടി നിയന്ത്രണം വിട്ടുവന്ന വാൻ ജിതിൻ ഓടിച്ചിരുന്ന വാനിലേക്ക് ഇടിച്ചുകയറുകയായിരുന്നു. സംഭവസ്ഥലത്തു തന്നെ ജിതിൻ മരിച്ചു. പരുക്കുപറ്റിയ മൂന്നുപേരെ ബത്തേരിയിലെ സ്വകാര്യ ആശുപത്രിയിലും പിന്നീട് കോഴിക്കോട് മെഡിക്കൽ കോളജിലും പ്രവേശിപ്പിച്ചു. ഇന്നലെയായിരുന്നു ജിതിൻറെ സംസ്‌കാരച്ചടങ്ങ്.
നാടിനും കൂട്ടുകാർക്കും പ്രിയപ്പെട്ടവനായിരുന്നു ജിതിൻ എന്ന കുട്ടായി. അപ്രതീക്ഷിത അപകട വാർത്ത എല്ലാവരെയും തളർത്തി. സ്വകാര്യ ക്വാറിയിലെ ജോലിക്കാരനായിരുന്നു ജിതിൻ. അച്ഛൻ ബാബുവും അമ്മ ശ്യാമളയുമാണ് വീട്ടിലുള്ളത്. സഹോദരി ശ്രുതി വിവാഹിതയാണ്.