തിരുവനന്തപുരം : ലുലുവിന്‍റെ ലോയല്‍റ്റി പദ്ധതിക്ക് തിരുവനന്തപുരം ലുലു മാളില്‍ തുടക്കം. ലുലു ഹാപ്പിനസ് എന്ന പേരിലുള്ള ലോയല്‍റ്റി പദ്ധതിയുടെ ആദ്യ കാര്‍ഡ് മാള്‍ മാനേജര്‍ ശ്രീലേഷ് ശശിധരനില്‍ നിന്ന് ഏറ്റുവാങ്ങി നടന്‍ സൗബിന്‍ സാഹിര്‍ ഉദ്ഘാടനം നിര്‍വ്വഹിച്ചു. സംവിധായകന്‍ ഷാഹി കബീര്‍, നടന്‍ സുധി കോപ്പ തുടങ്ങിയവര്‍ക്കും ചടങ്ങില്‍ ലോയല്‍റ്റി കാര്‍ഡുകള്‍ കൈമാറി.
മാളിലെ ലുലുവിന്‍റെ ഷോപ്പുകളില്‍ നിന്നും മറ്റ് റീട്ടെയ്ല്‍ ഷോപ്പുകളില്‍ നിന്നും സാധനങ്ങള്‍ വാങ്ങുമ്പോള്‍ ഓരോ നൂറ് രുപയുടെ ബില്ലിനും ഉപഭോക്താവിന് റിവാര്‍ഡ് പോയിന്‍റുകള്‍ ലഭിയ്ക്കുന്നതാണ് ലോയല്‍റ്റി പദ്ധതി. പോയിന്‍റുകള്‍ ഉപയോഗിച്ച് അന്താരാഷ്ട്ര, ഇന്ത്യന്‍ ബ്രാന്‍ഡുകളുടെ വൗച്ചറുകളായി റിഡീം ചെയ്തെടുക്കാം. ലുലു മാള്‍ എന്ന ആപ്പിലൂടെയാണ് ഉപഭോക്താക്കള്‍ക്ക് ലോയല്‍റ്റി പദ്ധതിയില്‍ അംഗങ്ങളാകാനും റിവാര്‍ഡ് പോയിന്‍റുകള്‍ നേടാനും സാധിയ്ക്കുക. ആപ്പിലൂടെ മാളിലെ ഓഫറുകള്‍, സ്റ്റോര്‍ വിവരങ്ങള്‍, മാളിന്‍റെ പൊതുവിവരങ്ങള്‍, പരിപാടികള്‍ എന്നീ കാര്യങ്ങള്‍ ഓരോരുത്തര്‍ക്കും അറിയാന്‍ സാധിയ്ക്കും.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
പ്രമുഖ തിരക്കഥാകൃത്ത് ഷാഹി കബീര്‍ ആദ്യമായി സംവിധാനം ചെയ്യുന്നതും മലയാളത്തില്‍ ആദ്യമായി DOLBY VISION 4K HDR -ല്‍ പുറത്തിറങ്ങുന്ന ചിത്രവുമായ ‘ഇല വീഴാ പൂഞ്ചിറ’യുടെ ട്രെയ്ലര്‍ ലോഞ്ചും മാളില്‍ നടന്നു. ലുലു കണക്ടിൽ ഇതേ സാങ്കേതിക വിദ്യ ഉപയോഗിച്ച് സജ്ജീകരിച്ച ടെലിവിഷൻ സ്ക്രീനുകളിലും ചിത്രത്തിൻ്റെ ട്രെയിലർ പ്രദർശിപ്പിച്ചു. ചിത്രത്തില്‍ നായക വേഷത്തിലെത്തുന്ന സൗബിന്‍ സാഹിര്‍, ഷാഹി കബീര്‍, സുധി കോപ്പ, ചിത്രത്തിലെ മറ്റ് താരങ്ങളും അണിയറ പ്രവര്‍ത്തകരും ചടങ്ങില്‍ സന്നിഹിതരായിരുന്നു. സമുദ്രത്തില്‍ നിന്നും മൂവായിരത്തിലധികം അടി ഉയരത്തില്‍ സ്ഥിതി ചെയ്യുന്ന ‘ഇല വീഴാ പൂഞ്ചിറ’ എന്ന വിനോദസഞ്ചാര മേഖലയിലാണ് സിനിമ ചിത്രീകരിയ്ക്കുന്നത്.