തിരുവനന്തപുരം: എഡിജിപി എം.ആർ അജിത് കുമാർ ക്രമസമാധാന ചുമതല ഒഴിഞ്ഞു. ബറ്റാലിയൻ എഡിജിപിയുടെ ഓഫീസിലേക്ക് ഇന്ന് മുതൽ മാറി. അതേസമയം ക്രമസമാധാന ചുമതലയിലേക്ക് മാറ്റിയ മനോജ് എബ്രഹാം പുതിയ ചുമതല ഏറ്റെടുത്തിട്ടില്ല. ഇൻ്റലിജൻസ് മേധാവിയായി നിയമിച്ച പി വിജയൻ സ്ഥാനം ഏറ്റെടുത്താലെ ഇൻ്റലിജൻസിന് ഒഴിയാൻ കഴിയുകയുള്ളൂ. ആർഎസ്എസ് നേതാക്കളുമായുള്ള കൂടിക്കാഴ്ചയിൽ ഡിജിപി നൽകിയ റിപ്പോർട്ടിനെ തുടർന്നാണ് അജിത് കുമാറിനെ സർക്കാർ മാറ്റിയത്.
ഒരു മാസം നീണ്ട വിവാദക്കൊടുങ്കാറ്റിനിടെയും മുഖ്യമന്ത്രി തൻ്റെ വിശ്വസ്തനെ കരുതലോടെയാണ് മാറ്റുന്നത്. എന്തിനാണ് മാറ്റുന്നതെന്ന് പോലും വിശദീകരിക്കാതെയാണ് മുഖ്യമന്ത്രിയുടെ ഓഫീസ് നേരത്തെ അജിത് കുമാറിനെ ക്രമസമാധാന ചുമതലയിൽ നിന്ന് മാറ്റിക്കൊണ്ടുള്ള വാര്‍ത്താക്കുറിപ്പിറക്കിയത്. സായുധ പൊലീസ് ബറ്റാലയിൻ എഡിജിപി സ്ഥാനത്ത് അജിത് കുമാറിനെ നിലനിർത്തിയിട്ടുമുണ്ട്.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
വാര്‍ത്താക്കുറിപ്പിലും കാരണം വിശദീകരിച്ചിരുന്നില്ല. ഇതുതന്നെയാണ് ഇപ്പോഴിറങ്ങിയ ഉത്തരവിലും ആവര്‍ത്തിക്കുന്നത്. പേരിനൊരു നടപടി മാത്രമാണ് അജിത് കുമാറിനെതിരെ ഉണ്ടായെന്നത് വ്യക്തമാക്കുന്നതാണ് വാര്‍ത്താക്കുറിപ്പും സര്‍ക്കാര്‍ ഉത്തരവും.
അതിനിടെ, എഡിജിപി പി വിജയനെ ഇന്ന് ഇൻ്റലിജൻസ് മേധാവിയായി നിയമിച്ചു. മനോജ് എബ്രഹാമിനെ ക്രമസമാധാന ചുമതലയിലേക്ക് മാറ്റിയതിനെ തുടർന്നാണ് പുതിയ നിയമനം.
എലത്തൂർ തീവ്പ്പ് കേസിലെ പ്രതിയുടെ യാത്രവിവരങ്ങള്‍ ചോർത്തി നൽകിയെന്നാരോപിച്ച് സസ്പെൻഡ് ചെയ്ത സർക്കാർ തന്നെയാണ് വിജയനെ തന്ത്രപ്രധാന തസ്തികയിലേക്ക് നിയമിച്ചത്. 6 മാസത്തിന് ശേഷമാണ് പി വിജയനെ തിരിച്ചെടുത്തിരിക്കുന്നത്. തിരിച്ചെടുത്തുവെങ്കിലും വകുപ്പ്തല അന്വേഷണം പൂർത്തിയാകാത്തതിനാൽ വിജയൻ്റെ സ്ഥാനകയറ്റം തടഞ്ഞിട്ടുണ്ട്.