തിരുവനന്തപുരം : സിപിഎം നേതാക്കൾക്കും മുഖ്യമന്ത്രി പിണറായി വിജയന്റെ മകൾ വീണാ വിജയന്റെ കമ്പനിയായ എക്സാലോജിക്കിന് എതിരെയുമുളള അന്വേഷണം രാഷ്ട്രീയ പ്രേരിതമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ. തെരഞ്ഞെടുപ്പ് മുന്നിൽ കണ്ടാണ് ഇ ഡിയും സിബിഐയും അന്വേഷണത്തിന് വരുന്നത്. സിപിഎം നേതാക്കളെയും ബന്ധുക്കളെയും ലക്ഷ്യമിടുന്നു.
സിപിഐ എമ്മിന് ഭരണമുള്ള സംസ്ഥാനം എന്ന നിലയിൽ കേരളത്തിലെ നേതാക്കൾക്കും അവരുടെ ബന്ധുക്കൾക്കുമെതിരെയാണ് ഇഡിയും കേന്ദ്ര കമ്പനിവകുപ്പും തിരിഞ്ഞിട്ടുള്ളത്. കിഫ്ബിക്കും തോമസ് ഐസക്കിനും എതിരെ ഇഡി നടത്തുന്ന നീക്കങ്ങളും മുഖ്യമന്ത്രിയുടെ മകളുടെ കമ്പനിക്കെതിരെ കേന്ദ്ര കമ്പനിവകുപ്പ് പ്രഖ്യാപിച്ച അന്വേഷണവും കരുവന്നൂർ വിഷയത്തിൽ മന്ത്രി പി രാജീവിനെതിരെയുള്ള ഇഡി നീക്കവും ഇതിന്റെ ഭാഗമാണ്.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
രാഷ്ട്രീയ പ്രേരിതമാണ് ഈ അന്വേഷണങ്ങൾ. അതുകൊണ്ടുതന്നെ ഇത്തരം അന്വേഷണങ്ങളെ ഭയക്കുന്നില്ല. അതിനെ രാഷ്ട്രീയമായിത്തന്നെ നേരിടും. പ്രതിപക്ഷമുക്ത ഭാരതം എന്ന ലക്ഷ്യം നേടാൻ ബിജെപിയും കേന്ദ്ര സർക്കാരും നടത്തുന്ന നീക്കത്തിന്റെ ഭാഗമാണ് കേരളത്തിലെ സിപിഐ എം നേതാക്കൾക്കെതിരെ നടത്തുന്നതും. ഇതിനെ കൈയടിച്ച് പ്രോത്സാഹിപ്പിക്കുകയാണ് കേരളത്തിലെ കോൺഗ്രസ് നേതാക്കൾ.
സിപിഐ എമ്മിനെ വേട്ടയാടാൻ മോദിക്കും ബിജെപിക്കും പിന്തുണ നൽകുന്ന കെപിസിസിയുടെ നിലപാട് സ്വന്തം ശവക്കുഴി കുഴിക്കുന്നതിന് സമാനമാണെന്ന് അവരെ ഓർമിപ്പിക്കട്ടെ . ഇടതുപക്ഷത്ത തോൽപ്പിക്കാൻ കോൺഗ്രസ് -ബിജെപിയുമായി ചേർന്ന് നടത്തുന്ന ഈ നീക്കം കേരളത്തിലെ ജനങ്ങൾ തിരിച്ചറിയും. കേന്ദ്ര അവഗണനയ്ക്കെതിരെ യോജിച്ച പോരാട്ടത്തിന് യുഡിഎഫ് തയ്യാറാകാത്തതിന്റെ രാഷ്ട്രീയവും ഈ അന്തർധാര കാരണമാണ്. രാഷ്ട്രീയ പ്രേരിതമായ അന്വേഷണങ്ങളെ കയ്യടിച്ച് പ്രോത്സാഹിപ്പിക്കുന്ന കോൺഗ്രസ് നിലപാട് സ്വന്തം ശവക്കുഴി കുഴിക്കുന്നതിന് സമാനമാണെന്നും എം വി ഗോവിന്ദൻ കുറ്റപ്പെടുത്തി.