ചങ്ങനാശേരി: മാടപ്പള്ളിയിലെ പൊലീസ് നടപടി ഉള്‍പ്പെടെയുള്ള കെ റെയില്‍ പ്രതിഷേധത്തില്‍ സഭ ബഹിഷ്‌കരിച്ച് പ്രതിപക്ഷം. പൊലീസിനെ ആയുധമാക്കി കെ റെയില്‍ സമരത്തെ തകര്‍ക്കാന്‍ സര്‍ക്കാര്‍ ശ്രമിക്കുന്നുവെന്നും സമരം യുഡിഎഫ് ഏറ്റെടുത്തു കഴിഞ്ഞുവെന്നും സഭയില്‍ നിന്ന് നേരെ ചങ്ങനാശേരിയിലെ സമരമുഖത്തേക്കാണ് പോകുന്നതെന്നും പ്രതിപക്ഷ നേതാവ് വി. ഡി സതീശന്‍ വ്യക്തമാക്കി.
യുഡിഎഫ് എംഎല്‍എമാര്‍ സമരമുഖത്തെത്തി മര്‍ദ്ദനമേറ്റ സ്ത്രീകളോടു കുട്ടികളോടും സംസാരിക്കും. സമരം ശക്തമാക്കാനാണ് തീരുമാനം, സര്‍ക്കാര്‍ പിന്‍വാങ്ങും വരെ സമരം തുടരും. പ്രതിപക്ഷം അസത്യ പ്രചാരണം നടത്തിയിട്ടില്ല. ധാര്‍ഷ്ട്യം കൊണ്ട് പിണറായിക്ക് അന്ധത ബാധിച്ചു- പ്രതിപക്ഷ നേതാവ് പറഞ്ഞു.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
അതേസമയം, കെ റെയില്‍ വിരുദ്ധ സമരത്തിനിടെ സ്ത്രീകളെയടക്കം പൊലീസ് വലിച്ചിഴച്ച നടപടിയില്‍ പ്രതിഷേധിച്ച് ചങ്ങനാശ്ശേരി നിയോജക മണ്ഡലത്തില്‍ ആഹ്വാനം ചെയ്ത ഹര്‍ത്താല്‍ പൂര്‍ണ്ണം. കടകമ്പോളങ്ങള്‍ അടഞ്ഞു കിടക്കുകയാണ്. വാഹനങ്ങളെ തടയില്ലെന്ന് സമരക്കാര്‍ അറിയിച്ചിട്ടുണ്ട്. ചങ്ങനാശ്ശേരി നഗരത്തില്‍ യുഡിഎഫും ബിജെപിയും മറ്റ് ഇതര സംഘടനകളും അടങ്ങുന്ന സംയുക്തസമരസമിതി പ്രകടനം നടത്തും. 12 മണിക്ക് മാടപ്പള്ളിയില്‍ പ്രതിഷേധയോഗവും നടക്കും. ഇന്നലെ മാടപ്പള്ളിയില്‍ ഇട്ട കെ റെയില്‍ കല്ലുകള്‍ രാവിലെ കാണാനില്ലെന്ന് അധികൃതര്‍ അറിയിച്ചു. മാടപ്പള്ളിയിലെ പ്രശ്‌നങ്ങളുടെ പശ്ചാത്തലത്തില്‍ കനത്ത പൊലീസ് സന്നാഹം ഒരുക്കിയിട്ടുണ്ട്.