റായ്പൂര്‍: ഛത്തീസ്ഗഢിലും മധ്യപ്രദേശിലും ഇന്ന് തിരഞ്ഞെടുപ്പ്. ഇരുസംസ്ഥാനങ്ങളിലും ഏഴ് മണിക്ക് തന്നെ വോട്ടെടുപ്പ് ആരംഭിച്ചു. ഛത്തീസ്ഗഡില്‍ രണ്ടാം ഘട്ട വോട്ടെടുപ്പാണ് ഇന്ന് നടക്കുന്നത്. 70 മണ്ഡലങ്ങളിലേക്കാണ് വോട്ടെടുപ്പ് നടക്കുന്നത്. നവംബര്‍ ഏഴിന് 20 സീറ്റുകളിലേക്കുള്ള ഒന്നാം ഘട്ട വോട്ടെടുപ്പ് സംസ്ഥാനത്ത് നടന്നിരുന്നു. ആകെ 90 സീറ്റാണ് ഛത്തീസ്ഗഢ് നിയമസഭയില്‍ ഉള്ളത്. ഛത്തീസ്ഗഡിലും മധ്യപ്രദേശിലും കോണ്‍ഗ്രസും ബിജെപിയും തമ്മിലാണ് പ്രധാനമായും തിരഞ്ഞെടുപ്പ് പോരാട്ടം. ഛത്തീസ്ഗഡില്‍ മുഖ്യമന്ത്രി ഭൂപേഷ് ബാഗേല്‍, ഉപമുഖ്യമന്ത്രി ടി എസ് സിംഗ്ദിയോ, സംസ്ഥാന മന്ത്രിസഭയിലെ എട്ട് മന്ത്രിമാര്‍, നാല് പാര്‍ലമെന്റ് അംഗങ്ങള്‍ എന്നിവര്‍ അടക്കം നിരവധി പ്രധാന നേതാക്കളുടെ മണ്ഡലത്തില്‍ ഇന്നാണ് വോട്ടെടുപ്പ്. സംസ്ഥാനത്ത് ഭരണം നിലനിര്‍ത്താനുള്ള ശ്രമത്തിലാണ് കോണ്‍ഗ്രസ്.
ഇന്ന് വോട്ടെടുപ്പ് നടക്കുന്ന 70 സീറ്റുകളില്‍ 44 എണ്ണം ജനറല്‍ വിഭാഗക്കാര്‍ക്കും 17 എണ്ണം പട്ടികവര്‍ഗക്കാര്‍ക്കും ഒമ്ബത് എണ്ണം പട്ടികജാതിക്കാര്‍ക്കും സംവരണം ചെയ്തിരിക്കുന്നു. 70 സീറ്റുകളിലും 22 ജില്ലകളിലുമായി 958 സ്ഥാനാര്‍ത്ഥികളാണ് മത്സരിക്കുന്നത്. കോണ്‍ഗ്രസും ബി ജെ പിയും എല്ലാ സീറ്റുകളിലും മത്സരിക്കുന്നു. എഎപിയില്‍ നിന്ന് 44, ജനതാ കോണ്‍ഗ്രസ് ഛത്തീസ്ഗഢില്‍ നിന്ന് 62, ഹമര്‍ രാജ് പാര്‍ട്ടിയില്‍ നിന്ന് 33 എന്നിങ്ങനെയാണ് സ്ഥാനാര്‍ഥികള്‍. ബഹുജന്‍ സമാജ് പാര്‍ട്ടിയും ഗോണ്ട്വാന ഗാന്തന്ത്ര പാര്‍ട്ടിയും യഥാക്രമം 43, 26 സ്ഥാനാര്‍ത്ഥികളെയാണ് മത്സരിപ്പിക്കുന്നത്. രാജിം ജില്ലയിലെ മാവോയിസ്റ്റ് ബാധിത പ്രദേശമായ ബിന്ദ്രനവാഗഡ് സീറ്റിലെ ഒമ്ബത് ബൂത്തുകള്‍ ഒഴികെ 70 മണ്ഡലങ്ങളിലും രാവിലെ 8 മുതല്‍ വൈകിട്ട് 5 വരെയാണ് പോളിംഗ് സമയം. ഇവിടെ രാവിലെ 7 മുതല്‍ 3 വരെ വോട്ടെടുപ്പ് നടക്കും.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
മധ്യപ്രദേശില്‍ മാവോയിസ്റ്റ് ബാധിത ജില്ലകളായ ബാലാഘട്ട്, ദിന്‍ഡോരി, മണ്ഡ്ല എന്നിവിടങ്ങളില്‍ ഉച്ചകഴിഞ്ഞ് 3 മണിക്കും മറ്റെല്ലായിടത്തും വൈകുന്നേരം 6 മണിക്കും വോട്ടെടുപ്പ് അവസാനിക്കും. ഇവിടെ ബി ജെ പിയാണ് നിലവില്‍ അധികാരത്തിലുള്ളത്. കോണ്‍ഗ്രസും ബിജെപിയും 230 സീറ്റുകളിലും സ്ഥാനാര്‍ത്ഥികളെ നിര്‍ത്തിയിട്ടുണ്ട്. ബി എസ് പി 183 സീറ്റുകളിലും എസ് പി 71 സീറ്റുകളിലും ആം ആദ്മി പാര്‍ട്ടി 66 സീറ്റുകളിലും മത്സരിക്കുന്നു. ബാലാഘട്ടിനോട് ചേര്‍ന്നുള്ള ഗോണ്ടിയയില്‍ ഹെലികോപ്റ്ററും എയര്‍ ആംബുലന്‍സും തിരഞ്ഞെടുപ്പ് കമ്മീഷന് ഒരുക്കിയിട്ടുണ്ടെന്ന് തിരഞ്ഞെടുപ്പ് കമ്മീഷന് പറഞ്ഞു. 38,000 പോളിംഗ് സ്റ്റേഷനുകള്‍ സിസിടിവിയിലൂടെയും വെബ് കാസ്റ്റിംഗിലൂടെയും നിരീക്ഷിക്കും. ഇന്റര്‍നെറ്റും ടെലികമ്മ്യൂണിക്കേഷന്‍ കണക്ടിവിറ്റിയും ഇല്ലാത്ത ബ്ലാക്ക് സോണുകളില്‍ സ്ഥിതി ചെയ്യുന്ന 464 പോളിംഗ് സ്റ്റേഷനുകളില്‍ റണ്ണര്‍മാരെ വിന്യസിച്ചിട്ടുണ്ട്.