ഭോപ്പാൽ: മദ്ധ്യപ്രദേശിൽ മലയാളി വൈദികരെ പൊലീസ് അകാരണമായി മർദ്ദിച്ചതായി പരാതി. സാഗറിലെ സെന്റ് ഫ്രാൻസിസ് ഓർഫനേജിലെ മലയാളി വൈദികരാണ് പൊലീസ്, എൻസിപിസിആർ, സിഡബ്ളിയുസി അധികൃതർക്കെതിരെ ആരോപണവുമായി രംഗത്തെത്തിയത്.
അതേസമയം എൻസിപിസിആർ അദ്ധ്യക്ഷൻ വൈദികർക്കെതിരെ പ്രത്യാരോപണവും ഉന്നയിച്ചിട്ടുണ്ട്.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
എൻസിപിസിആർ, സിഡബ്ളിയുസി സംഘം ഓർഫനേജിൽ പരിശോധന നടത്തുന്നതിന്റെ പേരിൽ അപമര്യാദയായി പെരുമാറിയതായാണ് വൈദികർ ആരോപിക്കുന്നത്. അറിയിപ്പില്ലാതെ ഓർഫനേജിലെത്തിയ സംഘം ഫയലുകളും കംപ്യൂട്ടറുകളും തകർത്തതായും വൈദികർ അറിയിക്കുന്നു. കൂടാതെ കന്യാസ്ത്രീകളുടെ റൂമിൽ കടന്നുകയറിയതായും കുർബാനയ്ക്കായി സൂക്ഷിച്ചിരുന്ന വീഞ്ഞ് മദ്യശേഖരമാണെന്ന പേരിൽ കണ്ടെടുത്തതായും ആക്ഷേപമുണ്ട്. ഇത് കൂടാതെയാണ് പൊലീസ് അറസ്റ്റ് ചെയ്ത് മർദ്ദിച്ചതായി വൈദികർ അറിയിക്കുന്നത്.
എന്നാൽ വൈദികർ നിയമലംഘനം നടത്തിയതായി അറിയിച്ച എൻസിപിസിആർ അദ്ധ്യക്ഷൻ ആരോപണങ്ങളെ പ്രതിരോധിച്ചു. ഓർഫണേജ് നിർമിക്കാനായി സർക്കാർ അനുവദിച്ച് നൽകിയ സ്ഥലത്ത് അനധികൃതമായി പള്ളി നിർമിച്ചു എന്നാണ് എൻസിപിസിആറിന്റെ ഭാഷ്യം. മതംമാറ്റത്തിന് ശ്രമം നടന്നതായി സംശയിക്കുന്നതായും പരിശോധനയിൽ മദ്യക്കുപ്പികൾ കണ്ടെത്തിയതായും എൻസിപിസിആർ അദ്ധ്യക്ഷൻ പ്രിയങ്ക് കാനൂൻഗോ അറിയിച്ചു. അതേസമയം ഇന്നലെ നടന്ന പരിശോധനകൾക്ക് പിന്നാലെ അറസ്റ്റ് ചെയ്ത വൈദികരെ ജാമ്യത്തിൽ വിട്ടിരുന്നു.