വൈക്കം : വൈക്കം മഹാദേവ ക്ഷേത്രത്തിലെ അഷ്ടമി മഹോത്സവത്തിന് ഇന്ന് കൊടിയേറും. രാവിലെ 7.10നും 9.10നും മധ്യേ തന്ത്രി മുഖ്യരായ ഭദ്രകാളി മറ്റപ്പള്ളി നാരായണൻ നമ്പൂതിരി, കിഴക്കിനിയേടത്ത് മേക്കാട് മാധവൻ നമ്പൂതിരി എന്നിവരുടെ കാർമ്മികത്വത്തിലാണ് കൊടിയേറ്റ്. ഉഷ:പൂജ, എതൃത്തപൂജ, പന്തീരടിപൂജ എന്നിവയ്ക്ക് ശേഷം കൊടിക്കൂറ ശ്രീകോവിലിൽ നിന്ന് മേൽശാന്തി കൊടിമരച്ചുവട്ടിലേക്ക് എഴുന്നള്ളിക്കും. തുടർന്ന് കൊടിമരച്ചുവട്ടിൽ പ്രത്യേക പൂജകൾക്ക് ശേഷമാണ് കൊടിയേറ്റ് നടക്കുക.
നെറ്റിപ്പട്ടം കെട്ടിയ ഗജവീരന്മാരും സ്വർണ്ണക്കുടകളും വാദ്യമേളങ്ങളും കൊടിയേറ്റിന് അകമ്പടിയാകും. കൊടിയേറ്റിനെ തുടർന്ന് കൊടിമരച്ചുവട്ടിലെ അഷ്ടമി വിളക്കിൽ ദേവസ്വം കമ്മിഷണർ ബി.എസ്.പ്രകാശും കലാമണ്ഡപത്തിൽ നടൻ ജയസൂര്യയും ദീപം തെളിക്കും. അഷ്ടമി വിളക്കിലെ ദീപം ആറാട്ട് വരെ കെടാതെ സൂക്ഷിക്കും.