മുംബൈ: മഹാരാഷ്ട്രയിൽ പോലീസുമായുണ്ടായ ഏറ്റുമുട്ടലിൽ 12 മാവോയിസ്റ്റുകൾ കൊല്ലപ്പെട്ടു. ഗഡ്ചിരോളി ജില്ലയിലെ കാൻകർ അതിർത്തി മേഖലയിൽ വനപ്രദേശത്ത് ബുധനാഴ്ച ഉച്ചയ്ക്ക് ഒന്നരയ്ക്കും രണ്ടിനുമിടയിലാണ് സംഭവം. ഏറ്റുമുട്ടലിൽ ഒരു പോലീസുകാരന് പരിക്കേറ്റിട്ടുണ്ട്. ഗഡ്ചിരോളിയിൽ മാവോയിസ്റ്റുകളെ നേരിടാനായി രൂപവത്കരിച്ച സി-60 എന്ന പ്രത്യേക പോലീസ് സംഘവുമായാണ് മാവോയിസ്റ്റുകൾ ഏറ്റുമുട്ടിയത്. സതീഷ് പാട്ടീൽ എന്ന സബ് ഇൻസ്‌പെക്ടർക്കാണ് ഏറ്റുമുട്ടലിൽ പരിക്കേറ്റത്. ഇടത് തോളിന് പരിക്കേറ്റ സതീഷ് പാട്ടീലിനെ ഉടൻതന്നെ സ്ഥലത്തുനിന്ന് മാറ്റുകയും പിന്നീട് വൈകീട്ട് നാലുമണിയോടെ വിദഗ്ധ ചികിത്സയ്ക്കായി എയർലിഫ്റ്റ് ചെയ്ത് ഗഡ്ചിരോളിയിലേക്ക് കൊണ്ടുപോകുകയും ചെയ്തു. പ്രദേശത്ത് മാവോയിസ്റ്റുകൾക്കായി ശക്തമായ തിരച്ചിൽ തുടരുകയാണ്. സ്ഥിതിഗതികൾ സൂക്ഷ്മമായി നിരീക്ഷിക്കുകയാണെന്ന് ഉന്നത പോലീസ് വൃത്തങ്ങൾ അറിയിച്ചു.