ഏറ്റുമാനൂർ: എം. ജി. സർവകലാശാല ജീവനക്കാർക്കും പെൻഷൻകാർക്കും ഈ മാസം ശമ്പളവും പെൻഷനും മുടങ്ങിയതിൽ പ്രതിഷേധിച്ച് മഹാത്മാഗാന്ധി യൂണിവേഴ്സിറ്റി പെൻഷണേഴ്സ് യൂണിയൻ്റ നേതൃത്വത്തിൽ സർവകലാശാല കാമ്പസ്സിൽ ചൊവ്വാഴ്ച രാവിലെ 10.30- മുതൽ പ്രതിഷേധ ധർണ നടത്തുമെന്ന് ഭാരവാഹികൾ പത്രസമ്മേളനത്തിൽ അറിയിച്ചു.
തിരുവഞ്ചൂർ രാധാകൃഷണൻ എം. എൽ. എ. ഉദ്ഘാടനം ചെയ്യും. വിവിധ ട്രേഡ് യൂണിയൻ, പെൻഷൻസംഘടനാ നേതാക്കൾ തുടങ്ങിയവർ പ്രസംഗിയ്ക്കും. 2021- ജനുവരി മുതൽ ലഭിക്കേണ്ട 21 ശതമാനം ക്ഷാമാശ്വാസത്തിൽ രണ്ട് ശതമാനം മാത്രമാണ് ലഭിച്ചത്. പെൻഷൻ പരിഷ്കരണ കുടിശിക അഞ്ച് വർഷമായിട്ടും നൽകിയിട്ടില്ല. ഇക്കാര്യങ്ങൾ ചൂണ്ടിക്കാട്ടി പെൻഷണേഴ്സ് യൂണിയൻ സമരത്തിലേക്ക് നീങ്ങുകയാണന്നും ഭാരവാഹികൾ പറഞ്ഞു. പ്രസിഡൻ്റ് ഇ. ആർ. അർജുനൻ, ജനറൽ സെക്രട്ടറി ജി.പ്രകാശ് എന്നിവർ പത്രസമ്മേളനത്തിൽ പങ്കെടുത്തു.
.