ന്യൂഡൽഹി: തൃണമൂൽ കോൺഗ്രസ് എംപി മഹുവ മൊയ്ത്രയ്ക്കെതിരെ ലോക്പാൽ അന്വേഷണമാവശ്യപ്പെട്ട് ബിജെപി എം.പി നിഷികാന്ത് ദുബെ. അദാനി ഗ്രൂപ്പിനെതിരെ പാർലമെന്റിൽ ചോദ്യം ചോദിക്കുന്നതിന് പണം വാങ്ങിയെന്ന തൃണമൂൽ കോൺഗ്രസ് എംപി മഹുവ മൊയ്ത്രയ്ക്കെതിരായ ആരോപണത്തിലാണ് ലോക്പാൽ അന്വേഷണം ആവശ്യപ്പെട്ടിരിക്കുന്നത്.
മഹുവ മൊയ്ത്രയുടെ മുന്‍ സുഹൃത്തും സുപ്രീംകോടതി അഭിഭാഷകനുമായ ജയ് അനന്ത് ദെഹദ്രായുടെ ഒരു കത്ത് താൻ പരാതിയിൽ ഉൾപ്പെടുത്തിയിട്ടുണ്ടെന്ന് നിഷികാന്ത് ദുബെ പറഞ്ഞു. അതിൽ വ്യക്തമായ തെളിവുകൾ ഉൾപ്പെട്ടിട്ടുണ്ടെന്നും ദുബെ കൂട്ടിച്ചേർത്തു.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
വ്യവസായിയായ എസ് എച്ച് ദർശൻ ഹിരാനന്ദാനിയിൽ നിന്ന് എവിടെ വെച്ച്, എന്ന്, എപ്പോൾ പണം വാങ്ങി എന്നതിനെ കുറിച്ച് ദെഹദ്രായുടെ കത്തിൽ പറയുന്നുണ്ട്. ദർശൻ ഹിരാനന്ദാനിയിൽ നിന്ന് എങ്ങനെയാണ് ഇന്ത്യൻ കറൻസിയിലും വിദേശ കറൻസിയിലും മഹുവ മൊയ്ത്ര രണ്ട് കോടി വങ്ങിയതെന്ന് കത്തിൽ വിശദമാക്കുന്നു. ഹിരാനന്ദാനി മഹുവയുടെ ലോക്സഭ ലോഗ് ഇൻ ഐഡി ഉപയോഗിച്ചെന്നും ദുബെ പറഞ്ഞു.
ദര്ശന് ഹിരാനന്ദാനിക്ക് വേണ്ടി പാര്‍ലമെന്റില്‍ ചോദ്യങ്ങള്‍ ചോദിക്കാന്‍ മൊയ്ത്ര ഉറപ്പ് നല്‍കിയെന്നാരോപിച്ച് ദുബെ ഞായറാഴ്ച ലോക്സഭാ സ്പീക്കര്‍ ഓം ബിര്‍ളയ്ക്ക് കത്തെഴുതിയിരുന്നു. പരാതി പാർലമെന്റ് എത്തിക്സ് കമ്മിറ്റിയുടെ പരിഗണനയിലാണ്. വിഷയത്തിൽ സിബിഐക്കും കേന്ദ്ര ഐടി മന്ത്രാലയത്തിനും പരാതി ലഭിച്ചിട്ടുണ്ട്. അതേസമയം നിഷികാന്ത് ദുബെയ്ക്ക് എതിരെ മഹുവ മൊയ്ത്ര ദില്ലി ഹൈക്കോടതിയിൽ നൽകിയ അപകീർത്തി കേസ് നൽകിയിട്ടുണ്ട്.