റിപ്പോർട്ടർ : ശ്രീജേഷ് സി. ആചാരി
പിക്സൽ സ്മാർട്ട്‌ഫോണുകൾ ഇനി മുതൽ ഇന്ത്യയിൽ നിർമ്മിക്കുമെന്ന പ്രഖ്യാപനവുമായി ഗൂഗിൾ.പിക്സൽ 8 ആയിരിക്കും രാജ്യത്ത് ആദ്യമായി നിർമ്മിക്കുന്ന മോഡലെന്നും ഇതിന്റെ ആദ്യ യൂണിറ്റുകൾ 2024ൽ ലഭ്യമാകുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും ടെക് ഭീമൻ ‘ഗൂഗിൾ ഫോർ ഇന്ത്യ 2023 ഇവന്റി’ൽ വ്യക്തമാക്കി. ആദ്യത്തെ പിക്‌സൽ ബ്രാൻഡഡ് സ്‌മാർട്ട്‌ഫോൺ പുറത്തിറക്കി ഏഴ് വർഷം പിന്നിടുമ്പോഴാണ് നിർമ്മാണം ഇന്ത്യയിലേക്ക് കൂടി വ്യാപിപ്പിക്കാൻ ഗൂഗിൾ തീരുമാനിച്ചിരിക്കുന്നത്.പിക്സൽ 8 പൂർണ്ണമായും ഇന്ത്യയിൽ അസംബിൾ ചെയ്യാനാണ് കമ്പനി ഒരുങ്ങുന്നത്.അതേസമയം നിർമ്മാണ ഘട്ടത്തിൽ ആഭ്യന്തര, അന്തർദേശീയ കമ്പനികളുടെ സഹായം തേടുമെന്നും ഗൂഗിൾ അറിയിച്ചു.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
അടുത്തിടെ ഇന്ത്യയിൽ സ്മാർട്ട്‌ഫോൺ നിർമ്മാണം ആരംഭിക്കുന്ന മൂന്നാമത്തെ വിദേശ കമ്പനിയായി ഗൂഗിൾ ഇതോടെ മാറിയിട്ടുണ്ട്. മുൻപ് ആപ്പിളും സാംസങും തങ്ങളുടെ തെരെഞ്ഞടുക്കപ്പെട്ട സ്മാർട്ട്‌ഫോൺ മോഡലുകൾ ഇന്ത്യയിൽ നിർമ്മിക്കാൻ തുടങ്ങിയിരുന്നു.സ്മാർട്ട്‌ഫോൺ നിർമ്മാണത്തിന് പുറമെ കമ്പനിയുടെ സേവന ശൃംഖല രാജ്യത്തുടനീളമുള്ള കൂടുതൽ നഗരങ്ങളിലേക്ക് വ്യാപിപ്പിക്കാനും ഗൂഗിൾ പദ്ധതിയിടുന്നുണ്ട്.ഉപകരണ ഉൽപ്പാദന ശേഷി വിപുലീകരിക്കുന്നതിനും പിക്സൽ സ്മാർട്ട്ഫോണുകൾക്കായുള്ള രാജ്യത്തെ വർദ്ധിച്ചുവരുന്ന ആവശ്യം നിറവേറ്റുന്നതിനുമുള്ള ഒരു നീണ്ട യാത്രയുടെ പ്രാരംഭ ഘട്ടമാണിതെന്നാണ് കമ്പനി വ്യക്തമാക്കുന്നത്. അതേസമയം ഇന്ത്യയിൽ കൂടുതൽ യൂണിറ്റുകൾ നിർമ്മിക്കുന്നതോടെ പിക്‌സൽ ഹാൻഡ്‌സെറ്റുകളുടെ വില കുറയുമോ എന്ന ചോദ്യത്തിന് ഗൂഗിൾ ഇതുവരെ ഉത്തരം നൽകിയിട്ടില്ല.